

ന്യൂയോർക്ക്: ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം, 1998ലെ ലോകകപ്പ് ജേതാവ് എന്നീ നിലകളിൽ പ്രശസ്തനാണ് സിനദിൻ സിദാൻ. അദ്ദേഹത്തിൻ്റെ 28കാരനായ രണ്ടാമത്തെ മകൻ ഇക്കുറി ലോകകപ്പ് കളിക്കാൻ യുഎസിലെത്തുന്നുണ്ട്. അൾജീരിയയയുടെ 26 അംഗ സ്ക്വാഡിൽ മൂന്ന് ഗോൾ കീപ്പർമാരിൽ ഒരാളാണ് ലൂക്ക സിദാൻ. അച്ഛൻ ഗോൾവല കുലുക്കുന്നതിൽ മികവ് കാട്ടിയിരുന്ന വ്യക്തി ആയിരുന്നുവെങ്കിൽ, മകൻ ഗോൾവല കാക്കാനാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
ഫ്രാൻസിൽ ജനിച്ച് വിവിധ യൂത്ത് ലെവൽ മത്സരങ്ങളിൽ പ്രതിനിധീകരിച്ച് ഫുട്ബോൾ കളിച്ചിട്ടുണ്ട് ലൂക്ക. എന്നാൽ ഇപ്പോൾ തൻ്റെ മുത്തച്ഛൻ്റേയും മുത്തശ്ശിയുടെയും പാരമ്പര്യത്തെ ആദരിക്കുന്നതിനായി 2025 സെപ്റ്റംബറിൽ അൾജീരിയൻ ദേശീയ ടീമിലേക്ക് മാറിയിരിക്കുകയാണ്. 2026 ജനുവരിയിൽ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് (AFCON) സമയത്ത് അദ്ദേഹം അൾജീരിയയുടെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പറായിരുന്നു.
അൾജീരിയൻ ജേഴ്സിയിൽ ഇതേവരെ ആറ് അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സ്പാനിഷ് സെഗുണ്ട ഡിവിഷൻ ക്ലബ്ബായ ഗ്രാനഡ സിഎഫിൻ്റെ പ്രധാന ഗോൾകീപ്പർ കൂടിയാണ്. അതിന് മുമ്പ് 2024 മുതൽ ഐബർ എന്ന സ്പാനിഷ് ക്ലബ്ബിനായി 45 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ മാസം യുഡി അൽമേരിയക്കെതിരായ മത്സരത്തിനിടെ ലൂക്കയുടെ താടിയെല്ലിന് പരിക്കേറ്റിരുന്നു.
പരിക്കിൽ നിന്നും മോചിതനായി വരുന്ന ലൂക്കയെ അൾജീരിയൻ കോച്ച് വ്‌ളാഡിമിർ പെറ്റ്‌കോവിച്ച് ലോകകപ്പിൽ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്... ജൂൺ 17ന് രാത്രി ഒരു മണിക്ക് അർജൻ്റീനയ്ക്ക് എതിരെയാണ് അൾജീരിയയുടെ ആദ്യ മത്സരം... ടീമിൻ്റെ പ്രധാന ഗോൾകീപ്പറായ ലൂക്ക സിദാന് 2026 ലോകകപ്പിലെ ആദ്യ മത്സരം കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അൾജീരിയൻ ആരാധകർ...