

ടി20 ലോകകപ്പില്‍ ഇന്ത്യ വേദിയായി വേണ്ടെന്ന ആവശ്യം ആവര്‍ത്തിച്ച് ബംഗ്ലാദേശ്. ഇതു സംബന്ധിച്ച് ഐസിസിയെ വീണ്ടും സമീപിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ബംഗ്ലാദേശ് താരങ്ങള്‍ക്ക് ഇന്ത്യയില്‍ കളിക്കാന്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നാണ് ബിസിബിയുടെ വാദം.
ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബോര്‍ഡ് ആവശ്യം ഉന്നയിച്ചു. ഫെബ്രവരി ഏഴിന് മത്സരം ആരംഭിക്കാനിരിക്കേയാണ് ബംഗ്ലാദേശ് നിലപാട് കടുപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നാല് മത്സരങ്ങളാണ് ബംഗ്ലാദേശിനുള്ളത്. ഇതില്‍ മൂന്നെണ്ണം കൊല്‍ക്കത്തയിലും ഒന്ന് മുംബൈയിലുമാണ്.
ബംഗ്ലാദേശ് കായിക മന്ത്രാലയം ഉപദേഷ്ടാവ് ആസിഫ് നസ്രുള്ളയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് ബോര്‍ഡ് വീണ്ടും ഐസിസിക്ക് കത്തയച്ചത്. താരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിന്റെ ആശങ്കകള്‍ ഐസിസിയെ അറിയിച്ചുവെന്നും ബിസിബിയുമായി അടുത്ത വൃത്തങ്ങള്‍ പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ പിടിഐയോട് പറഞ്ഞു.
ഐപിഎല്ലില്‍ നിന്നും മുസ്തഫിസുര്‍ റഹ്‌മാനെ ഒഴിവാക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ബിസിബി ഇടഞ്ഞത്. ബിസിബിയുടെ ആവശ്യത്തോട് ഐസിസി ഇതുവരെ കൃത്യമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, ഇന്ത്യയില്‍ കളിക്കില്ലെന്ന നിലപാടില്‍ ബിസിബിക്ക് അകത്തും രണ്ട് അഭിപ്രായമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു വിഭാഗം ആസിഫ് നസ്രുള്ളയുടെ നിലപാടിനൊപ്പം നില്‍ക്കുമ്പോള്‍, ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന നിലപാടിലാണ് മറ്റൊരു വിഭാഗം.
കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെയും (ഫെബ്രുവരി 7), കൊൽക്കത്തയിൽ ഇറ്റലിക്കെതിരെയും (ഫെബ്രുവരി 9), കൊൽക്കത്തയിൽ ഇംഗ്ലണ്ടിനെതിരെയും (ഫെബ്രുവരി 14), മുംബൈയിൽ നേപ്പാളിനെതിരെയും (ഫെബ്രുവരി 17) ആണ് ബംഗ്ലാദേശിൻ്റെ മത്സരങ്ങൾ നടക്കേണ്ടത്.