

ഗുവാഹത്തി: ഗംഭീറിൻ്റെ വാക്കും പഴയ ചാക്കും ഒരുപോലെയാണെന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയുടെ ആദ്യ ഫൈനൽ ഇലവനെ പ്രഖ്യാപിച്ചപ്പോൾ മലയാളികളായ ക്രിക്കറ്റ് ആരാധകർക്ക് തോന്നിയത്. സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ കളിപ്പിക്കാതിരുന്നാൽ ആ നഷ്ടം രാജ്യത്തിൻ്റേതാണെന്നും സഞ്ജുവിൻ്റേത് മാത്രമല്ലെന്നുമാണ് പണ്ട് ഗംഭീർ പറഞ്ഞിരുന്നത്.
സൂര്യകുമാർ യാദവ് നായകനായപ്പോൾ സഞ്ജുവിന് അല്ലറ ചില്ലറ അവസരങ്ങളൊക്കെ ലഭിച്ചുവെന്നത് നേരാണ്. ഇന്ത്യൻ ജഴ്സിയിൽ തുടർച്ചയായി 21 കളികളിൽ ഡക്കായാലും സഞ്ജുവിനെ പുറത്താക്കില്ലെന്ന് ഉറപ്പുനൽകിയ ഗംഭീറിന് ബോധക്ഷയം വന്ന അവസ്ഥയാണ് ഇപ്പോൾ. നന്നായി കളിച്ചിരുന്ന പയ്യന് ഇപ്പോൾ അവസരങ്ങൾ കുറഞ്ഞുവരികയാണ്.
ഇന്ത്യൻ ഓപ്പണറെന്ന നിലയിൽ സമീപകാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച വിജയങ്ങളിൽ പങ്കാളിയാകാനും മൂന്നോളം സെഞ്ച്വറികൾ അടിക്കാനും സഞ്ജുവിനായി. ഇന്ത്യൻ ടീമിലെ ഏറ്റവും സ്ഥിരതയുള്ള ഓപ്പണറായിരുന്നിട്ടും, സഞ്ജുവിനെ തഴഞ്ഞ് അഭിഷേക ശർമയ്ക്ക് സ്ഥിരം സ്ഥാനം നൽകാൻ ഗംഭീറും ബിസിസിഐയും തയ്യാറായി. എന്നാൽ ഇന്ത്യൻ ടീമിലെ യുവരാജാവായി ശുഭ്മാൻ ഗില്ലിനെ വാഴിച്ചത് മുതൽ സഞ്ജുവിൻ്റെ കണ്ടകശനിയും തുടങ്ങി.
ഓപ്പണർ സ്ഥാനത്ത് നിന്ന് തെറിച്ചുവെന്ന് മാത്രമല്ല, മധ്യനിരയിലും ക്രമേണ വാലറ്റത്തും അവസരമില്ലാതെ സഞ്ജു തഴയപ്പെട്ടു. വിക്കറ്റിന് പിറകിൽ ഇന്ത്യൻ ടീമിൽ കെ.എൽ. രാഹുൽ കഴിഞ്ഞാൽ തൊട്ട് സീനിയറായ സഞ്ജുവിൻ്റെ അവസരങ്ങളും ഇപ്പോൾ നഷ്ടമാകുന്ന പതിവ് കാഴ്ചയാണ് കാണാനാകുന്നത്.
ജിതേഷ് ശർമയാണ് ഇപ്പോൾ ഇന്ത്യൻ ടീമിൻ്റെ വിക്കറ്റ് കീപ്പറുടെ റോളിൽ ടീമിൽ ഇടം നേടുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി20 മത്സരം ഇന്ത്യ ജയിക്കുക കൂടി ചെയ്തതോടെ അഞ്ച് ടി20 മാച്ചുകളുള്ള പരമ്പരയിൽ ജിതേഷ് ശർമയ്ക്ക് കൂടുതൽ അവസരം ലഭിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.
കട്ടക്കിൽ ഏഴാം വിക്കറ്റിൽ ഹാർദിക് പാണ്ഡ്യക്കൊപ്പം 17 പന്തിൽ നിന്ന് 38 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്താനും ജിതേഷിനായിരുന്നു. അഞ്ച് പന്തിൽ നിന്ന് 10 റൺസ് നേടിയ ജിതേഷ് ബാറ്റിങ്ങിന് പുറമെ വിക്കറ്റ് കീപ്പിങ്ങിലും തിളങ്ങി. വിക്കറ്റിന് പിന്നിൽ നിർണായകമായ നാല് ക്യാച്ചുകളാണ് താരം കൈപ്പിടിയിലൊതുക്കിയത്. ഒരു മത്സരത്തിലെങ്കിലും സഞ്ജുവിന് കളിക്കാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
അടുത്തിടെയാണ് സഞ്ജു ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിലേക്ക് മാറിയത്. രാജസ്ഥാൻ റോയൽസിനൊപ്പം വർഷങ്ങളോളം കളിച്ച താരം അവസാനത്തെ ഏതാനും സീസണുകളിൽ അവരുടെ ക്യാപ്റ്റനുമായിരുന്നു. 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജയേയും സാം കറനേയും രാജസ്ഥാന് കൈമാറിയാണ് ചെന്നൈ അവരുടെ സ്പെഷ്യൽ ടാർഗറ്റിനെ ചൂണ്ടയിട്ട് പിടിച്ചത്.