
മുംബൈ: സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് പുറത്തേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലിലെ എല്ലാ ടീമുകളും സഞ്ജുവിനെ നോട്ടമിട്ട് ഓഫറുകളുമായി പിന്നാലെയുണ്ട്.
ഏറ്റവും ഒടുവിലായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് രാജസ്ഥാന്‍ ക്യാപ്റ്റനെ നോട്ടമിട്ടിരിക്കുന്നത്. ബംഗാളി ദിനപത്രം ആനന്ദ്ബസാര്‍ പത്രികയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കെകെആറിലെ രണ്ട് താരങ്ങളെ രാജസ്ഥാന് കൈമാറി പകരം സഞ്ജുവിനെ ടീമിലേക്ക് കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വാര്‍ത്ത.
അംഗൃഷ് രഘുവംശി, രമണ്‍ദീപ് സിങ് എന്നീ താരങ്ങളെ രാജസ്ഥാന് കൈമാറി സഞ്ജുവിനെ ടീമിലേക്ക് കൊണ്ടുവരാനാണ് കെകെആറിന്റെ നീക്കം. മികച്ച ഫോമിലുള്ള രണ്ട് യുവതാരങ്ങളെയാണ് കെകെആര്‍ രാജസ്ഥാന് മുന്നിലേക്ക് നീട്ടിയിരിക്കുന്നത്. സഞ്ജുവിനെ വിട്ടുനല്‍കി ഈ യുവതാരങ്ങളെ രാജസ്ഥാന്‍ ടീമിലെടുക്കുമോ എന്നാണ് ചോദ്യം.
അതേസമയം, കൊല്‍ക്കത്തയ്ക്ക് മികച്ച രീതിയില്‍ സഞ്ജുവിനെ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ഐപിഎല്‍ നിരീക്ഷകരുടെ വിലയിരുത്തല്‍. ക്വിന്റണ്‍ ഡികോക്കിനോ റഹ്‌മാനുള്ള ഗുര്‍ബാസിനോ പകരമായി സഞ്ജുവിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരാം.
നേരത്തേ തന്നെ, സഞ്ജുവും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള പ്രശ്‌നങ്ങളെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അടുത്ത വര്‍ഷത്തെ മിനി ലേലത്തിന് മുമ്പ് സഞ്ജുവിനെ കൈമാറ്റം ചെയ്യാന്‍ രാജസ്ഥാന്‍ ഫ്രാഞ്ചൈസി ചര്‍ച്ചകള്‍ ആരംഭിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സുമായി രാജസ്ഥാന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
മൂന്ന് കളിക്കാരുടെ പേരാണ് രാജസ്ഥാന്‍ മുന്നോട്ടുവെച്ചത്. അതില്‍ ഒരാളെ വിട്ടുനല്‍കണമെന്നും പകരമായി തങ്ങളുടെ ക്യാപ്റ്റനെ നല്‍കാമെന്നുമായിരുന്നു രാജസ്ഥാന്റെ ഓഫര്‍. എന്നാല്‍ ഈ ഓഫര്‍ അപ്പോള്‍ തന്നെ ചെന്നൈ നിരസിച്ചു.