
സ്‌പെയിന്‍ യൂറോകപ്പും അര്‍ജന്റീന കോപ്പ അമേരിക്കയും സ്വന്തമാക്കിയതോടെ ഇനി ഫൈനലിസിമയ്ക്കായുള്ള കാത്തിരിപ്പാണ്. അടുത്ത വര്‍ഷമാണ് വന്‍കരപ്പോരാട്ടം നടക്കുക. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ലാറ്റിനമേരിക്കന്‍ ചാംപ്യന്മാരും യൂറോപ്പിലെ വമ്പന്മാരും ഏറ്റുമുട്ടുന്ന വന്‍കരപ്പോര് വീണ്ടും തുടങ്ങിയത്.
കഴിഞ്ഞ തവണത്തെ കോപ്പ അമേരിക്ക ചാംപ്യന്മാരായ അര്‍ജന്റീനയും യൂറോ ചാംപ്യന്മാരായ ഇറ്റലിയും ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. മെസ്സി ലോകകപ്പിലേക്ക് ആവേശത്തോടെ പോകാന്‍ കാരണം മാസങ്ങള്‍ക്ക് മുന്‍പ് നേടിയ ഫൈനലിസിമയുടെ ഗരിമകൊണ്ട് കൂടിയാണ്.
ഇത്തവണ സ്‌പെയിനും അര്‍ജന്റീനയും ഫൈനലിസിമയില്‍ വരുമ്പോള്‍ കൗതുകങ്ങള്‍ ഏറെയുണ്ട്. മെസ്സിയുടെ പിന്‍ഗാമിയാകുമെന്ന് കരുതുന്ന സ്പാനിഷ് യുവതാരം ലാമിന്‍ യമാലും മെസ്സിയും ആദ്യമായി പരസ്പരം പോരടിക്കുന്ന മത്സരമാകുമിത്. കുഞ്ഞ് യമാലിനെ കൈയ്യിലെടുത്തിരിക്കുന്ന മെസ്സിയുടെ ചിത്രം വൈറലായിരുന്നു. കാലങ്ങള്‍ക്കിപ്പുറം ഇരുവരും പോരിനിറങ്ങുമ്പോള്‍ കാല്‍പന്തുകളിയിലെ മറ്റൊരു അപൂര്‍വ നിമിഷമാകും കാണാനാകുക.
കിരീടക്കൊയ്ത്ത് തുടരുന്ന അര്‍ജന്റീനയും യൂറോപ്പിലെ വമ്പന്മാരെയെല്ലാം തറപറ്റിച്ചെത്തുന്ന സ്‌പെയിനും തമ്മിലുള്ള പോരാട്ടം അടുത്ത ലോകകപ്പിന് മുന്‍പുള്ള റിഹേഴ്സലാകും.
2026ല്‍ അമേരിക്കയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് വരെ മെസ്സി ടീമിനൊപ്പം തുടരണമെന്നാണ് അര്‍ജന്റീന പരിശീലകന്‍ ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കില്‍ മെസ്സിക്കും അര്‍ജന്റീനയ്ക്കും സ്വപ്നം കാണാന്‍ സമീപഭാവിയില്‍ രണ്ട് കിരീടങ്ങള്‍ കൂടി മുന്നിലുണ്ട്. 2025 ജൂണ്‍ - ജൂലൈ മാസങ്ങള്‍ക്കിടെയായിരിക്കും ഫൈനലിസിമ നടക്കുക.