

മാഡ്രിഡ്: മുൻ ചൈനീസ് ഭരണാധികാരി മാവോ സേതുങ്ങുമായി ബന്ധപ്പെട്ട മീം പരാമർശത്തെ തുടർന്നുണ്ടായ വൻ വിമർശനങ്ങൾക്ക് പിന്നാലെ ചൈനയിലെ ആരാധകരോട് മാപ്പുപറഞ്ഞ് ഫ്രഞ്ച് ഫുട്‌ബോൾ താരം കിലിയൻ എംബപ്പെ. "എന്റെ പ്രതികരണം വിവേകമില്ലാത്തതായിരുന്നു. അത് ചൈനയിലെയും ലോകമെമ്പാടുമുള്ള ചൈനീസ് സമൂഹത്തെയും വേദനിപ്പിച്ചുവെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്റെ വാക്കുകൾ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു." - എംബപ്പെ പറഞ്ഞു.
ആരെയും വേദനിപ്പിക്കാൻ താൻ ഉദേശിച്ചിരുന്നില്ലെന്നും ചൈനയിലെ ജനങ്ങളോടും അവരുടെ ചരിത്രത്തോടും തനിക്ക് ആഴത്തിലുള്ള ബഹുമാനമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. തന്റെ മുഖം ഉൾപ്പെടുത്തി സോഷ്യൽ മീഡിയയിൽ വൈറലായ മീമുകളെക്കുറിച്ച് എംബപ്പെ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഈ വീഡിയോയാണ് വിവാദങ്ങൾക്ക് കാരണം.
മീമുകളിൽ ഏതാണ് പ്രിയപ്പെട്ടതെന്ന ചോദ്യത്തിന് ചൈനീസ് ഏകാധിപതിയാണെന്ന് കരുതുന്ന ഒരാളുടെ ശരീരത്തിൽ തന്റെ മുഖം ചേർത്ത മീം എന്ന് അദ്ദേഹം മറുപടി നൽകി. പിന്നാലെ, മാവോയുടെ ശരീരത്തിൽ എംബപ്പെയുടെ മുഖം ചേർത്തുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിച്ചു.
വിവാദമായതോടെ മൂന്ന് പ്രമുഖ ചൈനീസ് ബ്രാൻഡുകൾ താരവുമായുള്ള കരാറുകൾ റദ്ദാക്കി. ഡോങ്പെങ് ബെവറേജ്, ക്ഷീര കമ്പനിയായ മെങ്നിയു, ചീസ് ഉത്പന്ന കമ്പനിയായ മിൽക്ക് ഗ്രൗണ്ട് എന്നിവയാണ് ആ കമ്പനികൾ. ചൈന സ്റ്റേറ്റ് ടെലിവിഷൻ എംബപ്പെയുടെയും ലാലിഗയുടെയും മത്സരങ്ങളും പരിപാടികളും സംപ്രേഷണം ചെയ്യുന്നത് നിർത്തിവെച്ചതും പരസ്യങ്ങൾ നീക്കം ചെയ്തതും വലിയ വാർത്തയായിരുന്നു. തുടർന്നാണ് താരം ഖേദപ്രകടനവുമായി രംഗത്തെത്തിയത്.