"കായിക രൂപരേഖ തയ്യാറാക്കിയത് മുതിര്‍ന്ന താരങ്ങളെ ഉള്‍പ്പെടുത്തി, അഞ്ജു സംസാരിക്കുന്നത് കാര്യങ്ങൾ അറിയാതെ"; വിമർശനത്തിന് മറുപടിയുമായി മന്ത്രി വി. അബ്ദുറഹ്മാനും യു. ഷറഫലിയും

കേരളത്തിലെ കായിക രംഗം ഏറ്റവും ശോഭിക്കുന്ന കാലഘട്ടമാണിതെന്നും അബ്ദുറഹ്മാൻ...
"കായിക രൂപരേഖ തയ്യാറാക്കിയത് മുതിര്‍ന്ന താരങ്ങളെ ഉള്‍പ്പെടുത്തി, അഞ്ജു സംസാരിക്കുന്നത് കാര്യങ്ങൾ അറിയാതെ"; വിമർശനത്തിന് മറുപടിയുമായി മന്ത്രി വി. അബ്ദുറഹ്മാനും യു. ഷറഫലിയും
Source: Screengrab
Published on
Updated on

തിരുവനന്തപുരം: കേരളത്തിൽ സ്പോർട്‌സിന് അവഗണനയെന്ന ഒളിംപ്യൻ അഞ്ജു ബോബി ജോർജിൻ്റെ വിമർശനത്തിന് മറുപടിയുമായി കായികമന്ത്രി വി. അബ്ദുറഹ്മാൻ. കാര്യങ്ങൾ അറിയാതെയാണ് അഞ്ജു ബോബി ജോർജ് സംസാരിക്കുന്നത്. കേരളത്തിലെ കായിക രംഗം ഏറ്റവും ശോഭിക്കുന്ന കാലഘട്ടമാണിതെന്നും അബ്ദുറഹ്മാൻ പ്രതികരിച്ചു.

അടുത്ത ഒളിമ്പിക്സിൽ കേരളത്തിൽ നിന്നും താരങ്ങൾ ഉണ്ടാകും. 5000 കോടിയാണ് ഇതുവരെ കായിക വകുപ്പിൽ ചിലവഴിച്ചത്. സ്പോർട്സ് പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. കേന്ദ്ര സർക്കാരും അത് മാതൃകയാക്കുന്നു. കായിക മേഖലയിലെ ആധുനികവൽക്കരണം വേഗത്തിൽ നടക്കുന്നു. സ്പോർട്സ് എക്കണോമിയുടെ ഭാഗമായാണ് ലീഗ് മത്സരങ്ങൾ കേരളത്തിൽ ആരംഭിച്ചത്. കായിക സംഘടനകളുടെ ഭാഗത്തുനിന്നും അപാകതകൾ ഉണ്ടായിട്ടുണ്ടെന്നും അബ്ദുറഹ്മാൻ പ്രതികരിച്ചു.

"കായിക രൂപരേഖ തയ്യാറാക്കിയത് മുതിര്‍ന്ന താരങ്ങളെ ഉള്‍പ്പെടുത്തി, അഞ്ജു സംസാരിക്കുന്നത് കാര്യങ്ങൾ അറിയാതെ"; വിമർശനത്തിന് മറുപടിയുമായി മന്ത്രി വി. അബ്ദുറഹ്മാനും യു. ഷറഫലിയും
"കേരളത്തിൽ സ്പോർട്‌സിന് അവഗണന, സ്പോർട്സ് കൗൺസിൽ പ്രവർത്തനരഹിതം"; തുറന്നടിച്ച് അഞ്ജു ബോബി ജോർജ്

കേരളത്തിൽ നിന്നും വളർന്നുവന്ന കായികതാരമാണ് അഞ്ജു, അതു മറന്നു ഏതെങ്കിലും കസേരയിലിരുന്ന് പ്രസ്താവനകൾ ഇറക്കരുതെന്നും അബ്ദുറഹ്മാൻ പ്രതികരിച്ചു. മുതിർന്ന കായികതാരങ്ങളിൽ നിന്നും അഭിപ്രായ രൂപീകരണം നടത്തിയാണ് കായിക രൂപരേഖ തയ്യാറാക്കിയത്. ഇതിനൊക്കെ വിളിച്ചാൽ വരണം. സെമിനാറുകളിലും വർക്ക് ഷോപ്പുകളിലും പങ്കെടുക്കണം. അഭിപ്രായങ്ങൾ പറയുന്നതിന് പിന്നിൽ സ്വാർഥ താല്പര്യമുണ്ടാകും. അഞ്ജുവിനെ പോലൊരാൾ ഒരിക്കലും പറയാൻ പാടില്ലാത്തതാണ് പറഞ്ഞതെന്നും അബ്ദുറഹ്മാൻ പറഞ്ഞു.

അഞ്ജു ബോബി ജോർജിനെതിരെ സ്പോർട്സ് അസോസിയേഷൻ പ്രസിഡൻ്റ് യു. ഷറഫലിയും രൂക്ഷ പ്രതികരണം നടത്തിയിരുന്നു. അഞ്ജു വിവരക്കേട് വിളമ്പരുതെന്നും, ബെംഗളൂരുവിൽ അക്കാദമി തുറന്ന ആളാണ് കേരളത്തെ വിമർശിക്കുന്നതെന്നും കുറ്റപ്പെടുത്തി. കേരളത്തിനോട് സ്നേഹമുണ്ടായിരുന്നെങ്കിൽ അഞ്ജു അക്കാദമി തുടങ്ങേണ്ടത് കേരളത്തിലായിരുന്നു. അഞ്ജു സ്പോർട്സ് കൗൺസിൽ അധ്യക്ഷയായിരുന്നപ്പോൾ ഉള്ള അവസ്ഥയല്ല ഇപ്പോൾ കേരളത്തിൽ ഉള്ളതെന്നും ഷറഫലി പ്രതികരിച്ചു.

കേരളത്തിലെ കായിക വകുപ്പിനെയും കായികമന്ത്രി വി. അബ്ദുറഹ്മാനെയും രൂക്ഷമായി വിമർശിച്ചായിരുന്നു കഴിഞ്ഞ ദിവസം അഞ്ജുവിൻ്റെ പ്രതികരണം. കേരളത്തിൽ സ്പോർട്‌സിനെ അവഗണിക്കുകയാണ്. സ്പോർട്സ് കൗൺസിൽ പ്രവർത്തനരഹിതമാണ്. മുന്നിൽ നിന്ന് നയിക്കുന്നവർക്ക് താൽപര്യമുണ്ടെങ്കിലേ സിസ്റ്റം നന്നാവൂ എന്നും അഞ്ജു ബോബി ജോർജ് വിമർശിച്ചു. മെസിയെ കൊണ്ടുവരുന്ന പണം കായികമേഖലയ്ക്കായി ചെലവഴിക്കണമെന്നും അഞ്ജു ബോബി ജോർജ് ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com