പാരീസ് ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് സ്വർണം. ഈ സീസണിൽ നീരജിൻ്റെ ആദ്യ സ്വർണമാണിത്. 88.16 മീറ്റർ എറിഞ്ഞാണ് നേട്ടം സ്വന്തമാക്കിയത്. ജർമനിയുടെ ജൂലിയൻ വെബറാണ് (87.88മീറ്റർ) രണ്ടാം സ്ഥാനം നേടിയത്. ബ്രസീലിൻ്റെ ലൂയിസ് ഡാ സിൽവ മൂന്നാം സ്ഥാനം നേടുകയും ചെയ്തു.
2023 ജൂണിൽ ലോസാനിൽ ആയിരുന്നു ചോപ്രയുടെ അവസാന ഡയമണ്ട് ലീഗ് വിജയം. അന്ന് 87.66 മീറ്ററാണ് അന്ന് എറിഞ്ഞത്. അതിനുശേഷം, ആറ് ഡയമണ്ട് ലീഗ് മത്സരത്തിലും നീരജ് ചോപ്ര രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു. ഡയമണ്ട് ലീഗ് പരമ്പരയിലെ പാരീസ് ലീഗിൽ ചോപ്രയുടെ ആദ്യവിജയം കൂടിയാണിത്.
2017 ൽ ജൂനിയർ ലോക ചാമ്പ്യനായി പാരീസിലെത്തിയപ്പോൾ അന്ന് 84.67 മീറ്റർ എറിഞ്ഞ് അഞ്ചാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ജൂൺ 24ന് ചെക്ക് റിപ്പബ്ലിക്കിലെ ഒസ്ട്രാവയിൽ നടക്കുന്ന ഗോൾഡൻ സ്‌പൈക്ക് അത്‌ലറ്റിക്‌സ് മീറ്റും ചോപ്രയുടെ വരാനിരിക്കുന്ന ഷെഡ്യൂളിൽ ഉൾപ്പെടുന്നു.
ഈ വർഷത്തെ തൻ്റെ പ്രധാന ലക്ഷ്യമായ ടോക്കിയോയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങൾ ഏറെയുണ്ടെന്ന് നീരജ് പറഞ്ഞുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. "ഇന്ന് എൻ്റെ റൺ-അപ്പ് വളരെ വേഗത്തിലായിരുന്നു. എനിക്ക് എൻ്റെ വേഗത നിയന്ത്രിക്കാൻ കഴിയുന്നില്ല, പക്ഷേ ഫലത്തിലും ഒന്നാം സ്ഥാനത്തും ഞാൻ സന്തുഷ്ടനാണ്", നീരജ് ചോപ്രയുടെ വാക്കുകളെ ഉദ്ധരിച്ച് എക്‌സ്പ്രസ് റിപ്പോർട്ട് റിപ്പോർട്ട് ചെയ്തു.