
ഫിഡെ ലോക ചെസ് ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വനിതാ ജേതാവായതിന് പിന്നാലെ അമ്മയെ കെട്ടിപ്പിടിച്ച് കണ്ണീരണിഞ്ഞ് ഇന്ത്യയുടെ വണ്ടർ വുമൺ ദിവ്യ ദേശ്‌മുഖ്. ഫൈനലിലെ ആദ്യ രണ്ട് ക്ലാസിക് ചെസ് മത്സരങ്ങളും സമനിലയിലായതിന് പിന്നാലെ നടന്ന നിർണായകമായ ടൈബ്രേക്കറിൽ 19കാരി പെൺകുട്ടി വിജയിച്ച് കയറുകയായിരുന്നു.
ചെസ്സിൽ തൻ്റെ പ്രായത്തിനേക്കാൾ ഇരട്ടിയോളം വർഷത്തെ അനുഭവസമ്പത്തുള്ള കൊനേരു ഹംപിയെ ആണ് ദിവ്യക്ക് ഫൈനലിൽ നേരിടേണ്ടി വന്നത്. എന്നാൽ, നിർണായക ഘട്ടത്തിൽ സമ്മർദ്ദത്തിന് കീഴ്‌പ്പെടാതെ സീനിയറെ തോൽപ്പിക്കാൻ ജൂനിയർ ദിവ്യക്ക് സാധിച്ചു. ദിവ്യ ദേശ്‌മുഖിന് 2.5 പോയിൻ്റും കൊനേരു ഹംപിക്ക് 1.5 പോയിൻ്റുമാണ് ലഭിച്ചത്.
ടൂർണമെൻ്റിൽ നാലാം സീഡായിരുന്ന കൊനേരു ഹംപിയെ ആണ് 15ാം സീഡുകാരിയായ ദിവ്യ വീഴ്ത്തിയത്. കിരീട നേട്ടത്തിന് പിന്നാലെ അമ്മയ്‌ക്കൊപ്പം നിന്ന് കണ്ണീരണിയുന്ന ദിവ്യയുടെ വീഡിയോകളും പുറത്തുവന്നു. ആവേശകരമായ ഫൈനലിൽ ദിവ്യക്ക് കനത്ത വെല്ലുവിളി ഉയർത്തിയാണ് സീനിയർ തോൽവി സമ്മതിച്ചത്.
വനിതാ ലോകകപ്പിൽ ചൈനക്കാരായ ടാൻ സോങ്‌യി മൂന്നാം സ്ഥാനവും ലെയ് ടിങ്ജീ നാലാം സ്ഥാനവും സ്വന്തമാക്കി.