
2025ലെ ഫിഡെ ചെസ് വനിതാ ലോകകപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ചരിത്രം സൃഷ്ടിച്ച് കൗമാര താരം ദിവ്യ ദേശ്‌മുഖ്. 2026ൽ നടക്കാനിരിക്കുന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ അവരുടെ സ്ഥാനം ഉറപ്പാക്കാനും ഈ നേട്ടത്തിലൂടെ സാധിച്ചു. 34 വർഷത്തിനിടെ കാൻഡിഡേറ്റ്സിൽ ഇടം നേടുന്ന ആദ്യ കൗമാരക്കാരിയായും 19കാരിയായ ഇന്ത്യൻ ചെസ് പ്രതിഭ മാറി.
അധികമാരും ശ്രദ്ധിക്കപ്പെടാതിരുന്ന ദിവ്യയുടെ അവിശ്വസനീയമായ കുതിപ്പാണ് വനിതാ ചെസ് ലോകകപ്പിൽ കണ്ടത്. സെമി ഫൈനലിൽ ചൈനയുടെ പരിചയസമ്പന്നയായ എതിരാളി ടാൻ സോങ്‌യിയെ മലർത്തിയടിച്ചാണ് ദിവ്യ ദേശ്‌മുഖ് രാജ്യത്തിൻ്റെ അഭിമാനം കാത്തത്.
1.5 - 0.5 എന്ന സ്കോറോടെയാണ് ഫൈനലിലേക്ക് മുന്നേറിയത്. വാശിയേറിയ സെമിയിൽ ആക്രമണാത്മകവും പ്രവചനാതീതവുമായ 'അലാപിൻ സിസിലിയൻ ഡിഫൻസ്' ശൈലിയിലൂടെയാണ് ദിവ്യ മേൽക്കൈ നേടിയത്.
ചെസിൽ ലോക ചാംപ്യനാകുന്നതിന് ഒരു ജയം മാത്രമകലെയാണ് ദിവ്യ ഇപ്പോൾ. ഫൈനലിൽ ഇന്ത്യക്കാരി തന്നെയായ കൊനേരു ഹംപിയെ ആണ് ദിവ്യ നേരിടുക.
ദിവ്യയുടെ ഫൈനലിലേക്കുള്ള യാത്ര ശ്രദ്ധേയമായിരുന്നു. ആദ്യ റൗണ്ടുകളിൽ ടൂർണമെൻ്റിലെ രണ്ടാം സീഡും ലോക ആറാം നമ്പർ താരവുമായ ചൈനയുടെ ഷു ജിനറിനെ അവർ അട്ടിമറിച്ചിരുന്നു. തുടർന്ന് ക്വാർട്ടർ ഫൈനലിൽ കൂടുതൽ പരിചയസമ്പന്നയായ സ്വന്തം നാട്ടുകാരിയും ഇന്ത്യയുടെ രണ്ടാം നമ്പർ താരവുമായ ഹരിക ദ്രോണവല്ലിയേയും തോൽപ്പിച്ചു.
ചെന്നൈയിലെ ചെസ് ഗുരുകുലത്തിൽ ഗ്രാൻഡ് മാസ്റ്റർ ആർ.ബി. രമേശിന് കീഴിൽ പരിശീലനം നേടിയ ദിവ്യ ദേശ്മുഖ്, ഇതിനോടകം തന്നെ കൗമാര ചെസ് ലോകത്ത് തൻ്റെ ആക്രമണോത്സുകവും തന്ത്രപരവുമായ കാഴ്ചപ്പാട്, അചഞ്ചലമായ ആത്മസംയമനം, ക്രിയേറ്റീവ് നീക്കങ്ങൾ എന്നിവയിലൂടെ പ്രശസ്തയാണ്.
ഇന്ത്യയുടെ 21ാം വനിതാ ഗ്രാൻഡ് മാസ്റ്ററാണ് ദിവ്യ ദേശ്മുഖ്. മഹാരാഷ്‌ട്രയിലെ നാഗ്പൂര്‍ സ്വദേശിയാണ്. ചെസിൽ റാപ്പിഡും ബ്ലിറ്റ്സും ക്ലാസിക് ഇനങ്ങൾ ഒരു പോലെ കൈകാര്യം ചെയ്യാൻ ദിവ്യയ്ക്ക് കഴിയും. ഫിഡെ ലോക റാങ്കിങ്ങിൽ 908 പോയിൻ്റുകളാണ് താരത്തിന് സ്വന്തമായുള്ളത്. 2021ലാണ് ദിവ്യ ഗ്രാൻഡ് മാസ്റ്റര്‍ പട്ടം സ്വന്തമാക്കിയത്. ചെസിൽ ഇന്ത്യയുടെ അപൂര്‍വ കുതിപ്പിന് മറ്റൊരു ഉദാഹരണം കൂടിയാണ് ദിവ്യ ദേശ്‌മുഖിൻ്റെ വിജയം. ലോകകപ്പിലെ ആദ്യ മൂന്ന് സ്ഥാനക്കാരും 2026ലെ കാൻഡിഡേറ്റ്സ് ചെസ് മത്സരത്തിലേക്ക് യോഗ്യത നേടുമെന്നതിനാൽ, ദിവ്യ ഇതിനോടകം തന്നെ റണ്ണറപ്പ് എന്ന നിലയിൽ യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.
ഡോക്ടർമാരായ ജിതേന്ദ്രയുടെയും നമ്രതയുടെയും മകളായി നാഗ്പൂരിൽ ജനിച്ച ദിവ്യ ദേശ്‌മുഖിന് കായിക രംഗത്തേക്ക് വഴികാട്ടിയായത് മൂത്ത സഹോദരിയാണ്. ചേച്ചി ബാഡ്മിൻ്റൺ പഠിക്കാൻ ചേർന്നപ്പോഴാണ് ദിവ്യ കൂടുതലായി ചെസ്സിലേക്ക് ആകർഷിക്കപ്പെട്ടത്. അഞ്ചാം വയസിൽ തന്നെ ചെസ്സിനോടുള്ള തൻ്റെ പ്രണയം കണ്ടെത്തിയ ദിവ്യ പിന്നീട് കരുനീക്കങ്ങളിൽ അതിവേഗം പുരോഗതി നേടുകയും ചെയ്തു.
രണ്ട് വർഷത്തിനിപ്പുറം ചെസ്സിൽ തൻ്റെ ആദ്യ കിരീടം ദിവ്യ ദേശ്‌മുഖ് വീട്ടിലെത്തിച്ചു. 2012ൽ വനിതാ വിഭാഗം അണ്ടർ ഏഴ് കാറ്റഗറിയിൽ ദേശീയ ചാംപ്യൻഷിപ്പ് ജേതാവായി. തുടർന്ന് അണ്ടർ 10 (2014ൽ ഡർബൻ), അണ്ടർ 12 (2017ൽ ബ്രസീൽ) വിഭാഗങ്ങളിൽ ലോക യൂത്ത് കിരീടങ്ങളും ദിവ്യ നേടി. വനിതാ ഫിഡെ മാസ്റ്റർ പദവി വളരെ നേരത്തെ തന്നെ ദിവ്യയെ തേടിയെത്തി.
2021 ആയപ്പോഴേക്കും വനിതാ ഗ്രാൻഡ് മാസ്റ്റർ പദവിയും സ്വന്തമാക്കി. വിദർഭയുടെ ആദ്യത്തേയും, ഇന്ത്യയുടെ 22ാമത്തേയും ഗ്രാൻഡ് മാസ്റ്ററായിരുന്നു ദിവ്യ ദേശ്‌മുഖ്. 2023ൽ ദിവ്യ ദേശ്‌മുഖ് ചെസ്സിലെ ഇൻ്റർനാഷണൽ മാസ്റ്റർ എന്ന പടവ് കൂടി കീഴടക്കി. 2024ൽ ലോക ഒന്നാം നമ്പർ താരമായി ലോക ജൂനിയർ ഗേൾസ് അണ്ടർ 20 ചെസ് ചാമ്പ്യൻഷിപ്പും നേടി.
ബുഡാപെസ്റ്റിൽ നടന്ന 45ാമത് ചെസ് ഒളിമ്പ്യാഡിൽ (2024) ഇന്ത്യയുടെ ടീം സ്വർണത്തിൽ ദിവ്യ വളരെ നിർണായകമായ പങ്ക് വഹിച്ചിരുന്നു. വേൾഡ് ടീം റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാംപ്യൻഷിപ്പിൻ്റെ ബ്ലിറ്റ്സ് വിഭാഗത്തിൽ വ്യക്തിഗത ഇനത്തിൽ ദിവ്യ ദേശ്‌മുഖ് 2600ന് മുകളിൽ പെർഫോമൻസ് റേറ്റിങ് നേടി. നിലവിൽ ദിവ്യ ദേശ്‌മുഖിൻ്റെ കരിയറിൽ മൂന്ന് ചെസ് ഒളിമ്പ്യാഡ് സ്വർണ മെഡലുകളും, നിരവധി ഏഷ്യൻ, വേൾഡ് യൂത്ത് കിരീടങ്ങളുമുണ്ട്.