

ജനീവ: ലോക ചെസ് ചാംപ്യൻഷിപ്പ് ഫൈനലിലെ ആദ്യ ഗെയിമിന് പിന്നാലെ രണ്ടാം ഗെയിമിലും നിലവിലെ ചാംപ്യൻ ഇന്ത്യയുടെ ഡി. ഗുകേഷും ചാലഞ്ചർ ഉസ്ബെക്കിസ്ഥാൻ്റെ ജാവോഹിർ സിന്ദ്രോവും സമനിലയിൽ പരിഞ്ഞു. നിലവിൽ ഇരുവരും 1-1 എന്ന പോയിൻ്റ് നിലയിൽ ഒപ്പത്തിനൊപ്പമാണ്. ഈ ഗെയിമിൽ വെള്ള കരുക്കളുമായി കളിച്ച ഗുകേഷിന് കാര്യമായ മേൽക്കൈ നേടാൻ സാധിച്ചില്ല. ലണ്ടൻ സിസ്റ്റം ഓപ്പണിങ്ങിലൂടെ കളി തുടങ്ങിയ ഗുകേഷിൻ്റെ പദ്ധതികളെ സിന്ദ്രോവ് സമർഥമായി മറികടക്കുകയും, 20 നീക്കങ്ങൾക്ക് ശേഷം മൂന്ന് തവണ നീക്കങ്ങൾ ആവർത്തിച്ച് മത്സരം സമനിലയിൽ ആവുകയും ചെയ്തു.
ആദ്യ മത്സരത്തിൽ കടുത്ത സമ്മർദം നേരിട്ട ഗുകേഷ് വെള്ള കരുക്കളിലൂടെ മികച്ച തുടക്കം പ്രതീക്ഷിച്ചിരുന്നെങ്കിലും, ഉസ്ബെക്ക് താരത്തിൻ്റെ കൃത്യമായ തയാറെടുപ്പ് ഗുകേഷിൻ്റെ നീക്കങ്ങളെ പ്രതിരോധിച്ചു. കളിയുടെ തുടക്കത്തിൽ തന്നെ സിന്ദ്രോവ് തൻ്റെ ക്വീൻ ഉപയോഗിച്ച് നടത്തിയ തന്ത്രപരമായ നീക്കം ഗുകേഷിന് തിരിച്ചടിയായി. ഇതോടെ തൻ്റെ സ്വാഭാവിക ശൈലി മാറ്റാൻ ഇന്ത്യൻ ചെസ് മജീഷ്യൻ നിർബന്ധിതനാകുകയും ചെയ്തു.
ശരിയായ നീക്കങ്ങൾ കണ്ടെത്താൻ ഗുകേഷ് ഏറെ സമയം ആലോചിച്ചതോടെ ക്ലോക്കിലെ സമയത്തിലും സിന്ദ്രോവിനേക്കാൾ പിന്നിലായി. കാര്യമായ ഭീഷണികളൊന്നും ഉയർന്നുവരാത്ത സാഹചര്യത്തിൽ കൂടുതൽ റിസ്‌ക് എടുക്കാൻ മുതിരാതെ ഇരുതാരങ്ങളും സമനില സമ്മതിക്കുകയായിരുന്നു.