
പ്രഥമ നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ ചാംപ്യൻഷിപ്പില്‍ ജേതാവായി ഇന്ത്യയുടെ ഒളിംപിക് ചാമ്പ്യൻ നീരജ് ചോപ്ര. 86.18 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണം നേടിയത്. 2016ലെ ഒളിംപിക്സിലെ വെള്ളി മെഡല്‍ ജേതാവായ കെനിയയുടെ ജൂലിയസ് യീഗോ 84.51 മീറ്റര്‍ ദൂരം എറിഞ്ഞ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍, ശ്രീലങ്കയുടെ രുമേഷ് പതിരാഗെ 84.34 മീറ്റര്‍ ദൂരം എറിഞ്ഞ് മൂന്നാം സ്ഥാനക്കാരനായി.
82.33 മീറ്റര്‍ ദൂരം എറിഞ്ഞ ഇന്ത്യയുടെ സച്ചിന്‍ യാദവ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നീരജിന്‍റെ ആദ്യ ശ്രമം ഫൗളായപ്പോള്‍ രണ്ടാം ശ്രമത്തില്‍ 82.99 മീറ്റര്‍ ദൂരവുമായി നീരജ് തിരിച്ചെത്തി. മൂന്നാം ശ്രമത്തില്‍ 84.34 മീറ്റര്‍ ദൂരം എറിഞ്ഞ രുമേഷ് പതിരാഗെ നീരജിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
എന്നാൽ തൻ്റെ മൂന്നാം ശ്രമത്തില്‍ തന്‍റെ ഏറ്റവും മികച്ച ത്രോയുമായി നീരജ് 86.18 മീറ്റര്‍ ദൂരം താണ്ടിയതോടെ ഈ വിഭാഗത്തിൽ സ്വര്‍ണം ഉറപ്പിച്ചു.