

കോഴിക്കോട്: അത്ലറ്റിക് ട്രാക്കിനോട് വിടപറഞ്ഞ് ഒളിംപ്യൻ ജിൻസൺ ജോൺസൺ. നിലവിൽ 800 മീറ്റർ, 1500 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോഡുകളുടെ ഉടമയാണ് കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ജിൻസൺ. മുപ്പത്തിനാലാം വയസ്സിലാണ് രാജ്യത്തിൻ്റെ അഭിമാന താരം വിരമിക്കുന്നത്.
മൂന്ന് ഏഷ്യൻ ഗെയിംസ് മെഡലുകളും രണ്ട് ഏഷ്യൻ ചാമ്പ്യൻഷിപ്പ് മെഡലുകളും ജിൻസൺ ജോൺസൺ സ്വന്തമാക്കിയിട്ടുണ്ട്. 2016ലെ റിയോ ഒളിംപിക്‌സ്, ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പ് എന്നിവയിലും മാറ്റുരച്ചിട്ടുണ്ട്.
കായികരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് 2018ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിരുന്നു. കോഴിക്കോട് ചക്കിട്ടപാറ കുളച്ചൽ ജോൺസൻ ശൈലജ ദമ്പതികളുടെ മകനാണ് ജിൻസൺ. ചക്കിട്ടപാറ മനക്കൽ മോഹനൻ സുജാത ദമ്പതികളുടെ മകൾ ഡോ. ലക്ഷ്മിയാണ് ഭാര്യ.
ചക്കിട്ടപാറ ഗ്രാമീണ സ്പോര്‍ട്സ് അക്കാദമിയില്‍ കോച്ച് കെ.എം. പീറ്ററിൻ്റെ ശിഷ്യനായാണ് ജിൻസൺ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായ ജിന്‍സൺ 800, 1500 മീറ്റര്‍ ഇനങ്ങളില്‍ ദേശീയ റെക്കോര്‍ഡിനുടമയായി. 2016ലെ റിയോ ഒളിംപിക്‌സില്‍ 800 മീറ്ററില്‍ പങ്കെടുത്തു.
2018ല്‍ ജക്കാര്‍ത്ത ഏഷ്യാഡില്‍ 1500 മീറ്ററില്‍ ചാംപ്യന്‍, 800 മീറ്റര്‍ വെള്ളി മെഡല്‍ എന്നിവ നേടി. ഇതിനിടയില്‍ അര്‍ജുന അവാര്‍ഡ് ജേതാവുമായി. 2019ല്‍ ജി.വി. രാജ, ജിമ്മി ജോര്‍ജ്, വി.പി. സത്യന്‍ പുരസ്കാരങ്ങളും ജിൻസൺ സ്വന്തമാക്കി.