

പാരിസ് ഒളിംപിക്സിൽ ചരിത്രം കുറിച്ച് മൊറോക്കോ. ഈജിപ്തിനെതിരായ പോരാട്ടത്തിൽ എതിരില്ലാത്ത ആറു ഗോളുകൾക്ക് വിജയം കുറിച്ചാണ് മൊറോക്കോ വെങ്കലം നേടിയത്. ഇന്ന് നടക്കുന്ന ഒളിംപിക്സ് ഫുട്ബോൾ ഫൈനലിൽ ഫ്രാൻസ് സ്പെയിനിനെ നേരിടും.
തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ച മൊറോക്കോ 23-ാം മിനിറ്റിൽ എസ്സൽസൂലിയിലൂടെയാണ് ആദ്യ ഗോൾ നേടിയത്. എന്നാല്‍ മൂന്ന് മിനിറ്റിൻ്റെ ഇടവേളയിൽ റഹീമി ഈജിപ്ഷ്യൻ ഗോൾവല കുലുക്കി.
മൊറോക്കന്‍ ആധിപത്യമായിരുന്നു രണ്ടാം പകുതിയില്‍ ആരാധകര്‍ കണ്ടത്. നാല് ഗോളുകളാണ് മൊറോക്കോ രണ്ടാം പകുതിയില്‍ മാത്രം അടിച്ചുകൂട്ടിയത്. ഒരു ഘട്ടത്തിലും മൊറോക്കൻ മുന്നേറ്റങ്ങളെ തടയിടാൻ ഈജിപ്തിനായില്ല. 73-ാം മിനിറ്റിൽ ഹക്കീമിയുടെ സെറ്റ്പീസ് ഗോളിലൂടെ മൊറോക്കോ ഒളിംപിക്സ് വെങ്കല മെഡലും, ടൂർണമെൻ്റിലെ ഏറ്റവും വലിയ ജയവും സ്വന്തം പേരിൽ കുറിച്ചു.
ഫൈനൽ ഇന്ന്
ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ഫ്രാൻസ് സ്പെയിനിനെ നേരിടും. രണ്ടാം ഒളിംപിക് ഫുട്ബോൾ സ്വർണം ലക്ഷ്യമിട്ടാണ് തിയറി ഹെൻറിയും സംഘവും ഇറങ്ങുന്നത്. ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ വിജയക്കൊടി പാറിക്കാനാണ് ഫ്രാൻസ് ലക്ഷ്യമിടുന്നത്. 32 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുള്ള സ്വർണ നേട്ടത്തിനാണ് യുറോ ചാമ്പ്യന്മാരായ സ്പെയിൻ തയ്യാറെടുക്കുന്നത്. മത്സരം രാത്രി 9.30ന് നടക്കും.