

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ റെക്കോര്‍ഡ് വേട്ട. 200 മീറ്ററില്‍ വീണത് മൂന്ന് റെക്കോര്‍ഡുകളാണ്. ട്രിപ്പിള്‍ സ്വര്‍ണം സ്വന്തമാക്കി ആദിത്യ അജി. നിവേദിനും അതുല്‍ ടിഎമ്മിനും ദേവനന്ദയ്ക്കും സഞ്ജയ്ക്കും സ്പ്രിന്റ് ഡബിള്‍.
200 മീറ്റര്‍ സബ് ജൂനിയര്‍ ഗേള്‍സ് മീറ്റില്‍ പാലക്കാടിന്റെ ആന്‍വി എസിന് റെക്കോര്‍ഡോടെ സ്വര്‍ണ നേട്ടം. 25.67 സെക്കന്റില്‍ ഫിനിഷ് ചെയ്തു. 38 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ആണ് മറികടന്നത്. പാലക്കാട് ബിഇഎംഎച്ച്എസ്എസ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ആന്‍വി. കോഴിക്കോടിന്റെ അല്‍ക്ക ഷിനോജിനാണ് വെള്ളി നേടിയത്.
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ സ്വര്‍ണം നേടി സഞ്ജയ്. സഞ്ജയ്ക്ക് ഇരട്ടി മധുരമാണ്. 100 മീറ്ററിന് പിന്നാലെയാണ് 200 മീറ്ററിലും സ്വര്‍ണം നേടിയത്. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥിയായ സഞ്ജയ് ഉത്തര്‍പ്രദേശ് സ്വദേശിയാണ്. തൃശൂരിന്റെ റയാന്‍ സിഎമ്മിനാണ് വെള്ളി. മലപ്പുറത്തിന്റെ നീരജിന് വെങ്കലവും ലഭിച്ചു.
100 മീറ്ററില്‍ സ്വര്‍ണം നേടിയ ദേവനന്ദയ്ക്ക് 200 മീറ്ററിലും സ്വര്‍ണം. 200 മീറ്ററില്‍ റെക്കോര്‍ഡോടെയാണ് ദേവനന്ദയ്ക്ക് സ്വര്‍ണം ലഭിച്ചത്. ജൂനിയര്‍ പെണ്‍കുട്ടികളില്‍ 24.96 സെക്കന്റില്‍ ഓടിയെത്തിയാണ് നേട്ടം. കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. രണ്ടാം സ്ഥാനം കണ്ണൂരിന്റെ ഇവാന ടോമിയ്ക്കാണ്. മൂന്നാം സ്ഥാനം ശ്രേയക്ക്
ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ അതുലിന് സ്വര്‍ണ നേട്ടം. 100 മീറ്ററിന് പിന്നാലെയാണ് 200 മീറ്ററിലും റെക്കോര്‍ഡ് നേട്ടത്തോടെ സ്വര്‍ണം നേടിയത്. 21.87 സെക്കന്റില്‍ ഓടിയെത്തിയാണ് സ്വര്‍ണം നേടിയത്. ആലപ്പുഴ ചരമംഗലം ഡിവിഎച്ച്എസ്എസ് വിദ്യാര്‍ഥിയാണ് അതുല്‍ ടിഎം.
സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്റര്‍ മത്സരത്തില്‍ ആദിത്യ അജിക്ക് സ്വര്‍ണം. ആദിത്യ അജിക്ക് ട്രിപ്പിള്‍ സ്വര്‍ണ നേട്ടമാണ് ലഭിച്ചിരിക്കുന്നത്. നേരത്തെ 100 മീറ്റര്‍, 100 മീറ്റര്‍ ഹര്‍ഡില്‍സ് എന്നീ ഇനങ്ങളില്‍ സ്വര്‍ണം നേടിയിരുന്നു. മലപ്പുറം നാവാമുകുന്ദ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. ഈ അത്‌ലറ്റിക് മീറ്റിലെ ആദ്യ ട്രിപ്പിള്‍ സ്വര്‍ണ നേട്ടമാണ് ആദിത്യ അജിയുടേത്. ജ്യോതി ഉപാധ്യായക്കാണ് വെള്ളി.