ഇന്ത്യൻ ഉപയോക്താക്കളുടെ ഇഷ്ട ബ്രാൻഡാണ് റിയൽമി. റിയൽമി 15 റിയൽമി 15 പ്രോ എന്നീ സ്‌മാർട്ട്ഫോണുകൾ ജൂലൈ 24ന് ഇന്ത്യയിലെത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. റിയൽമി 14 ലൈനപ്പ് പുറത്തിറങ്ങി അഞ്ച് മാസത്തിന് ശേഷമാണ് കമ്പനിയുടെ നമ്പർ സീരീസിലെ മറ്റൊരു അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുന്നത്. ബ്രാൻഡ് ഇത്തവണ പ്രോ+ വേരിയന്റ് ഉപേക്ഷിച്ച്, പകരം അതിന്റെ സ്റ്റാൻഡേർഡ്, പ്രോ ഓഫറുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ലോഞ്ചിന് മുന്നോടിയായി ഫ്ലിപ്പ്കാർട്ട് മൈക്രോസൈറ്റിനൊപ്പം ലൈവ് പോയിരുന്നു. ലൈവിൽ ഡിസൈനിന്റെ ഫസ്റ്റ് വ്യൂ വെളിപ്പെടുത്തുകയും സവിശേഷതകളെക്കുറിച്ചുള്ള വിശദാംശങ്ങൾ വ്യക്തമാക്കുകയും ചെയ്തു. വേഗതയേറിയ ചിപ്‌സെറ്റ്, മെച്ചപ്പെട്ട ബാറ്ററി പ്രകടനം, തിളക്കമുള്ള ഡിസ്‌പ്ലേകൾ, കൂടുതൽ പരിഷ്കൃതവും മെലിഞ്ഞതുമായ ബിൽഡ് എന്നിവയുൾപ്പെടെ നിരവധി അപ്ഡേറ്റുകളാണ് റിയൽമി 15 സീരിസിൽ നിങ്ങളെ കാത്തിരിക്കുന്നത്. ക്യാമറ സിസ്റ്റത്തിലും എഐ ഫീച്ചറുകളിലുമാണ് കമ്പനി വമ്പൻ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
AI Edge Genie ആയിരിക്കും റിയൽമി 15 പ്രോ സീരിസിലെ മറ്റൊരു പ്രധാന സവിശേഷത. ഒരു വോയ്‌സ്-കൺട്രോൾഡ് ഫോട്ടോ എഡിറ്റിംഗ് ടൂളാണ് ഇത്. വോയിസ് കമാൻഡുകൾക്ക് അനുസൃതമായി എഐ ഉപയോഗിച്ച് ചിത്രങ്ങളുണ്ടാക്കുകയാണ് ഈ ടൂൾ ചെയ്യുന്നത്. ഇതുപയോഗിച്ച് വോയ്‌സ് കമാൻഡുകൾ നൽകിക്കൊണ്ട് ബലൂണുകൾ പോലുള്ള ദൃശ്യ ഘടകങ്ങൾ ചേർക്കാനോ ഫോട്ടോകളിൽ വസ്ത്ര ശൈലികൾ മാറ്റാനോ കഴിയും. എന്നാൽ ടൂളിൻ്റെ എഡിറ്റ് നിലവാരം, പ്രോസസ്സിംഗ് സമയം, സ്വാഭാവികത എന്നിവയുടെ കാര്യം ഉപയോഗിച്ച് തന്നെ അറിയണം.
ഡിസൈനിൻ്റെ കാര്യമെടുത്താൽ ഫ്ലോയിംഗ് സിൽവർ, വെൽവെറ്റ് ഗ്രീൻ, സിൽക്ക് പർപ്പിൾ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാകും റിയൽമി 15 സീരീസ് ലഭ്യമാകുക. പിൻ പാനൽ പൂർണമായും പുനർനിർമിച്ചിട്ടുണ്ട്. രണ്ട് വലിയ വൃത്താകൃതിയിലുള്ള മൊഡ്യൂളുകളിലായി മൂന്ന് സെൻസറുകൾ ക്രമീകരിച്ചിരിക്കുന്ന ഒരു ഗ്ലോസി ക്യാമറ ഐലൻഡും, ഒരു അധിക റിംഗും ഇതിൽ ഉൾപ്പെടുന്നു. ഇത് കൂടുതൽ സുഖപ്രദമായി കൈകളിൽ ഒതുങ്ങുന്ന ഡിസൈനായിരിക്കും.
ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തെത്തിയിട്ടില്ലെങ്കിലും 50 എംപി പ്രൈമറി ക്യാമറ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 12 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയാകും റിയൽമി 15 പ്രോ 5G-യിൽ ഉണ്ടാവുക എന്നും സൂചനകളുണ്ട്.