ഇൻ്റർനെറ്റില്ലാതെ പ്രവർത്തിക്കുന്ന പുതിയ മെസേജിംഗ് ആപ്പ് പുറത്തിറക്കി ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി. കേന്ദ്രീകൃത സെർവറോ ഫോൺ നെറ്റ്‌വർക്കോ ഇല്ലാതെ ആശയവിനിമയം നടത്താൻ സാധിക്കുന്ന മേസേജിങ്ങ് ആപ്പിന് ബിറ്റ്‌ചാറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി ബ്ലൂടൂത്ത് ഉപയോഗിച്ചാണ് ഈ ആപ്പിലൂടെ മേസേജ് അയക്കാനും സ്വീകരിക്കാനും സാധിക്കുക.
ബിറ്റ്ചാറ്റ് പൂർണ്ണമായും ബ്ലൂടൂത്ത് ലോ എനർജി (BLE) മെഷ് നെറ്റ്‌വർക്കുകളിലൂടെയാണ് പ്രവർത്തിക്കുന്നത്. ഇത് സ്മാർട്ട്‌ഫോണുകൾക്ക് പ്രാദേശികവൽക്കരിച്ച ക്ലസ്റ്ററുകൾ സൃഷ്ടിക്കാനും ഒരു ഉപകരണത്തിൽ നിന്ന് മറ്റൊന്നിലേക്ക് എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ പങ്കിടാനും അനുവദിക്കുന്നതാണ്. ബ്ലൂടൂത്തിൽ പ്രവർത്തിക്കുന്നത് കൊണ്ട് ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്ക്കാൻ വൈ-ഫൈയോ സെല്ലുലാർ നെറ്റ്‌വർക്കോ ആവശ്യമില്ല. നെറ്റ്‌വർക്ക് പ്രവർത്തനരഹിതമാകുമ്പോഴോ ഇന്റർനെറ്റ് ആക്‌സസ് നിയന്ത്രിത പ്രദേശങ്ങളിലോ ആപ്പ് ശരിക്കും സഹായകരമാകും.
ബ്ലൂടൂത്തിന് വളരെ ചെറിയ റേഞ്ച് ഉള്ളതിനാൽ, ആപ്പ് ഏകദേശം 100 മീറ്റർ പരിധിയിൽ മാത്രമേ പ്രവർത്തിക്കൂ, പക്ഷേ ബിറ്റ്ചാറ്റിന് 300 മീറ്റർ വരെ സന്ദേശങ്ങൾ റിലേ ചെയ്യാൻ കഴിയുമെന്ന് ഡോർസി അവകാശപ്പെടുന്നു. സെർവറുകളെ ആശ്രയിക്കുന്നതും ഇമെയിൽ അല്ലെങ്കിൽ ഫോൺ നമ്പർ ഉപയോഗിച്ച് ഒരു അക്കൗണ്ട് സൃഷ്ടിക്കേണ്ടതുമായ വാട്സ്ആപ്പ്, ടെലിഗ്രാം പോലുള്ള പരമ്പരാഗത ആപ്ലിക്കേഷനുകളിൽ നിന്ന് ബിറ്റ്‌ചാറ്റ് പൂർണമായും വ്യത്യസ്തമാണ്. ആപ്പിൽ ഉപയോക്താക്കൾ അവരുടെ ഇമെയിലോ ഫോൺ നമ്പറോ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യേണ്ട ആവശ്യമില്ല. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സെൻസർഷിപ്പ് പ്രതിരോധത്തിനും മുൻഗണന നൽകുന്നതിനാണ് ഈ ഡിസൈൻ രൂപകല്പന ചെയ്തിരിക്കുന്നത്.
ഐഫോൺ ഉപയോക്താക്കൾക്ക് ടെസ്റ്റ് ഫ്ലൈറ്റിൽ മാത്രമേ ബിറ്റ്ചാറ്റ് നിലവിൽ ലഭ്യമാകുകയുള്ളൂ. എന്നാൽ ടെസ്റ്റിൽ തന്നെ 10,000 ഉപയോക്താക്കൾ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ആപ്പ് നിലവിൽ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും, ഉടൻ തന്നെ ആപ്പിൾ ആപ്പ് സ്റ്റോറിൽ എത്തുമെന്നും ജാക്ക് ഡോർസി പറയുന്നു. ഹോങ്കോങ്ങിലെ ജനാധിപത്യ പ്രതിഷേധങ്ങളിൽ ഉപയോഗിച്ചിരുന്ന ബ്രിഡ്ജ്ഫി എന്ന ആപ്ലിക്കേഷൻ പോലെ, ഇന്റർനെറ്റ് ആക്‌സസ് ഇല്ലാത്തപ്പോഴും ബിറ്റ്ചാറ്റ് പ്രവർത്തിക്കുന്നത് തുടരും, ഇത് ഇന്റർനെറ്റ് തടസങ്ങൾ, ഷട്ട്ഡൗൺ തുടങ്ങിയ സമയങ്ങളിൽ ഉപയോഗപ്രദമാകും എന്നാണ് വിലയിരുത്തൽ.