

വാട്‌സ്ആപ്പിന്റെ സിഇഒ ആയി ഇന്ത്യന്‍ സംരംഭകനും ക്രെഡ് സ്ഥാപകനുമായ കുനാല്‍ ഷാ ചുമതലയേറ്റു. മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. നിലവില്‍ സിഇഒ ആയ വില്‍ കാത്കാര്‍ട്ട് സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്നാണ് നിയമനം.
മെറ്റ ക്രെഡില്‍ 900 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പരന്നിരുന്നു. ഇതിന്റെ ഭാഗമായാണ് കുനാല്‍ ഷായെ വാട്‌സാപ്പിന്റെ തലവനായി നിയമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ക്രെഡ് സിഇഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ ശേഷമായിരിക്കും മെറ്റയുടെ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് ടീമിനൊപ്പം ചേരുക. എഐ സംരംഭങ്ങളുമായി ബന്ധപ്പെട്ട പുതിയ സ്ഥാനത്തേക്ക് മാറാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് കാത്കാര്‍ട്ട് നിലവിലെ സിഇഒ സ്ഥാനം ഒഴിയുന്നത്.
'വ്യക്തിപരമായ ചില കാര്യങ്ങള്‍ എനിക്ക് പങ്കുവയ്ക്കാനുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തോളം വാട്‌സ്ആപ്പിനെ നയിച്ചു, ഇനി ആരായിരിക്കും പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതെന്ന് പങ്കുവയ്ക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. വാട്‌സ്ആപ്പ് വളരെ ശക്തമായി തന്നെ മുന്നോട്ട് പോകുന്നു. അതുകൊണ്ട് തന്നെ ഇത് പടിയിറങ്ങാനുള്ള മികച്ച സമയവുമാണ്,' കാത്കാര്‍ട്ട് പറഞ്ഞു.
300 കോടിയിലധികം ഉപയോക്താക്കള്‍ വാട്‌സ്ആപ്പിനുണ്ട്. കുനാല്‍ ഷാ തലപ്പത്ത് എത്തുന്നതോട് കൂടി വലിയ മാറ്റങ്ങളുണ്ടാകാന്‍ സഹായിക്കുമെന്നാണ് കരുതുന്നതെന്ന് മെറ്റ തന്നെ പറയുന്നത്.