ന്യൂഡൽഹി: ഇലോണ്‍ മാസ്കിന്‍റെ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനമായ സ്റ്റാർലിങ്കിന്‍റെ ഇന്ത്യയിലെ പ്രവേശനം തടയാൻ രാജ്യത്തെ ചില വൻകിട ബിസിനസുകാർ (ഒളിഗാർക്കുകൾ) ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണവുമായി സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്. ഇന്ത്യയിലെ ഉപഭോക്താക്കൾക്കുമേലുള്ള തങ്ങളുടെ കുത്തക നിലനിർത്താനാണ് അവർ ശ്രമിക്കുന്നതെന്നും, ഈ നടപടി "ഇന്ത്യൻ ജനതയോടുള്ള കുറ്റകൃത്യമാണെന്നും" അദ്ദേഹം ഒരു എക്സ് പോസ്റ്റില്‍ ആഞ്ഞടിച്ചു.
ഇന്ത്യൻ വിപണിയിലെ സേവനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നത് ആരാണെന്ന് നേരിട്ട് പേരെടുത്ത് പറഞ്ഞില്ലെങ്കിലും, "അവർ ആരാണെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ" എന്ന് മസ്ക് കുറിച്ചു. രാജ്യത്തെ പതിനൊന്നായിരത്തിലധികം ഗ്രാമങ്ങളിൽ ഇപ്പോഴും 4ജി ഇന്റർനെറ്റ് ലഭ്യമല്ലെന്ന സർക്കാർ കണക്കുകൾ ചൂണ്ടിക്കാണിച്ചുള്ള ഡോഗി ഡിസൈനര്‍ എന്ന എക്സ് അക്കൗണ്ടിലെ പോസ്റ്റിന് മറുപടിയായാണ് മസ്ക് ഈ പ്രതികരണം നടത്തിയത്. ഒപ്റ്റിക്കൽ ഫൈബർ കേബിളുകളോ മൊബൈൽ ടവറുകളോ എത്തിക്കാൻ പ്രയാസമുള്ള ഉൾനാടൻ-ഗ്രാമീണ മേഖലകളിലേക്ക് വേഗമേറിയതും കുറഞ്ഞ ചെലവിലുള്ളതുമായ ഇന്റർനെറ്റ് എത്തിക്കാൻ സ്റ്റാർലിങ്കിന് കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേ സമയം മസ്ക് മറുപടി നല്‍കിയ പോസ്റ്റിലെ വിവരങ്ങൾ പ്രകാരം 2026 മെയ് മാസത്തിലെ കണക്കനുസരിച്ച് രാജ്യത്തെ 11,256 ഗ്രാമങ്ങളിൽ ഇപ്പോഴും 4ജി സേവനങ്ങൾ എത്തിയിട്ടില്ല. എന്നാൽ, പാർലമെന്റ് രേഖകളിലെ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം രാജ്യത്തുള്ള ആകെ 6,44,131 ഗ്രാമങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വെറും 1.75 ശതമാനം മാത്രമാണ്. അതായത്, ഇന്ത്യയിലെ 98.25 ശതമാനം ഗ്രാമങ്ങളിലും നിലവിൽ 4ജി നെറ്റ്വർക്ക് ലഭ്യമാണ്.
കൂടാതെ 2026 മാർച്ച് മാസത്തിലെ കണക്കനുസരിച്ച് രാജ്യത്ത് ആകെ 109.3 കോടി ഇന്റർനെറ്റ് വരിക്കാരുണ്ടെങ്കിലും ഇതിൽ 44.08 കോടി പേർ മാത്രമാണ് ഗ്രാമീണ മേഖലയിലുള്ളത്. നഗരങ്ങളിൽ ജനസംഖ്യാ അനുപാതത്തിൽ 100 പേരിൽ 126.80 പേർ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ഗ്രാമങ്ങളിൽ ഇത് 48.31 മാത്രമാണ്. ഗ്രാമപഞ്ചായത്തുകളെ ഒപ്റ്റിക്കൽ ഫൈബർ വഴി ബന്ധിപ്പിക്കുന്ന ഭാരത്‌നെറ്റ് പദ്ധതിയിലൂടെ 8.5 ലക്ഷത്തിലധികം റൂട്ട് കിലോമീറ്റർ ഫൈബർ സ്ഥാപിക്കുകയും 2.21 ലക്ഷം ഗ്രാമപഞ്ചായത്തുകളെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ 2026 ജൂൺ വരെയുള്ള വിവരങ്ങൾ പ്രകാരം ഇതിൽ 80,472 ഗ്രാമപഞ്ചായത്തുകളിൽ മാത്രമേ പോയിന്റ്സ് ഓഫ് പ്രസൻസ് പൂർണ്ണമായി പ്രവർത്തനക്ഷമമായിട്ടുള്ളൂവെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.
അതേ സമയം ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് നൽകുന്നതിനുള്ള അന്തിമ അനുമതികൾക്കായി സ്റ്റാർലിങ്ക് ഏറെ നാളുകളായി ശ്രമിച്ചുവരികയാണ്. എന്നാൽ, സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് ടെലികോം വിപണിയിൽ തർക്കം രൂക്ഷമാണ്. സാറ്റലൈറ്റ് സ്പെക്ട്രം ലേലം ചെയ്യാതെ നിശ്ചിത നിരക്കിൽ നേരിട്ട് അനുവദിക്കുന്നതിനെ രാജ്യത്തെ പരമ്പരാഗത ടെലികോം കമ്പനികൾ ശക്തമായി എതിർത്തിരുന്നു. ലേലത്തിലൂടെ മാത്രമേ സ്പെക്ട്രം നൽകാവൂ എന്ന വാദവും സുരക്ഷാ മാനദണ്ഡങ്ങളുമാണ് അനുമതി വൈകുന്നതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. ഇതിനിടയിലാണ് ടെലികോം ഭീമന്മാരുടെ കുത്തക നിലപാടുകളാണ് തങ്ങൾക്ക് തടസ്സമാകുന്നതെന്ന് സൂചിപ്പിച്ച് മസ്ക് രംഗത്തെത്തിയത്.