ആപ്പിളിന്റെ iOS 26 പ്രഖ്യാപനത്തിന് പിന്നാലെ ഏറ്റവും പുതിയ ഓപ്പറേഷൻ സിസ്റ്റമായ ആൻഡ്രോയിഡ് 16 പ്രഖ്യാപനവുമായി ഗൂഗിൾ. ആന്‍ഡ്രോയിഡ് 16 ഒഎസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും ഗൂഗിൾ പുറത്തുവിട്ടിരിക്കുകയാണ്. പ്രാരംഭ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഉപകരണങ്ങളിൽ മാത്രമേ ആൻഡ്രോയിഡ് 16 പ്രവർത്തിക്കുകയുള്ളൂ എന്നാണ് റിപ്പോർട്ട്.
സുരക്ഷ, ലഭ്യത, ഉൽപ്പാദനക്ഷമത എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ മെച്ചപ്പെടുത്തൽ വരുത്തിയാണ് പുതിയ ഒഎസിൻ്റെ പ്രവർത്തനം. ഫങ്ഷണൽ അപ്‌ഗ്രേഡുകൾക്ക് പുറമേ, ഗൂഗിളിൻ്റെ വികസിച്ചുകൊണ്ടിരിക്കുന്ന മെറ്റീരിയൽ 3 എക്സ്പ്രസീവ് ഡിസൈൻ ഭാഷയെ അടിസ്ഥാനമാക്കിയുള്ള, ഒരു വിഷ്വൽ ഓവർഹോൾ അപ്‌ഡേറ്റും ആൻഡ്രോയിഡ് 16ൽ ഉൾപ്പെടുന്നുണ്ട്. ഇത് ഉപയോക്താക്കൾക്ക് കൂടുതൽ ആധുനികവും ഏകീകൃതവുമായ ഇന്റർഫേസ് അനുഭവമായിരിക്കും സമ്മാനിക്കുക.
ഈ വര്‍ഷം അവസാനത്തോടെയാകും ആൻഡ്രോയിഡ് 16 എത്തുക. പിക്‌സല്‍ ഡിവൈസുകളിൽ മാത്രമേ തുടക്കത്തിൽ ആൻഡ്രോയിഡ് 16 ഉപയോഗിക്കാനാവൂ. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള മറ്റ് കമ്പനികളുടെ ഫോണുകളിലും വെയര്‍ ഒഎസ് 6 ല്‍ പ്രവര്‍ത്തിക്കുന്ന വാച്ചുകളിലും അപ്‌ഡേറ്റ് എത്തിക്കാനും ഗൂഗിൾ ശ്രമിക്കുന്നുണ്ട്.
ആൻഡ്രോയിഡ് 16 ലഭ്യമാകുന്ന ഫോണുകൾ
പിക്സൽ 6
പിക്സൽ 6 പ്രോ
പിക്സൽ 6എ
പിക്സൽ 7
പിക്സൽ 7 പ്രോ
പിക്സൽ 7എ
പിക്സൽ 8
പിക്സൽ 8 പ്രോ
പിക്സൽ 8എ
പിക്സൽ 9
പിക്സൽ 9 പ്രോ
പിക്സൽ 9 പ്രോ എക്സ്എൽ
പിക്സൽ 9 പ്രോ ഫോൾഡ്
പിക്സൽ 9എ
പിക്സൽ ഫോൾഡ്
പിക്സൽ ടാബ്‌ലെറ്റ്
ആൻഡ്രോയിഡ് 16 സവിശേഷതകൾ
ആപ്പിളിൾ ഐഫോണുകളിലെ ലൈവ് ആക്ടിവിറ്റീസ് ഫീച്ചറിന് സമാനമായ ഗൂഗിളിന്റെ ലൈവ് അപ്‌ഡേറ്റുകളാണ് ആൻഡ്രോയിഡ് 16ൻ്റെ പ്രധാന സവിശേഷത. ഇതുപയോഗിച്ച് ഉപയോക്താക്കൾക്ക് ഊബർ ഈറ്റ്സ്, സ്വിഗി പോലുള്ള ഫുഡ് ഡെലിവറി ആപ്പുകൾ, റൈഡ്-ഹെയ്‌ലിംഗ് സേവനങ്ങൾ എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകൾ ലോക്ക് സ്‌ക്രീനിൽ തന്നെ കാണാൻ കഴിയും. ഡിസ്പ്ലേയിൽ സമയത്തിനൊപ്പം ഒരു ഗുളിക ആകൃതിയിലുള്ള ബബിളിലാകും വിവരങ്ങൾ പ്രദർശിപ്പിക്കുക. ഇതോടെ ആപ്പുകൾ തുറക്കാതെ തന്നെ പല വിവരങ്ങളും ഉപയോക്താക്കൾക്ക് ലഭ്യമാകും.
ദുർബലമായിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ ലാൻഡ്‌സ്‌കേപ്പിൽ ഉപയോക്തൃ സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന അഡ്വാൻസ്ഡ് പ്രൊട്ടക്ഷനാണ് പുതിയ ഒഎസിൻ്റെ മറ്റൊരു സവിശേഷത. ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് സംരക്ഷണം നേടാനും, അപകടകരമായ ആപ്പുകളുടെ കടന്നുകയറ്റം തടയുന്നതിനുമാണ് ഈ സുരക്ഷാ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളിൽ കയറാൻ ശ്രമിക്കുമ്പോഴോ സംശയാസ്‌പദമായ എന്തെങ്കിലും പ്രവർത്തനം ശ്രദ്ധയിൽപ്പെടുമ്പോഴോ ആൻഡ്രോയിഡ് 16 ഉപയോക്താക്കളെ അലേർട്ട് ചെയ്യും.
ഇൻ്റർഫൈസിലും ഗൂഗിൾ വമ്പൻ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. സൂക്ഷ്മമായ ഡിസൈൻ മാറ്റങ്ങൾക്കൊപ്പം, അപ്‌ഡേറ്റ് ചെയ്‌ത ഫോണ്ടുകൾ, കൂടുതൽ വൃത്താകൃതിയിലുള്ള ആപ്പ് ഐക്കണുകൾ, പുനർരൂപകൽപ്പന ചെയ്‌ത മെനു എന്നിവയും പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുന്നു.