സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ പേരുകളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിൻ്റെ പേരിൽ ആപ്പിൾ കമ്പനി പലപ്പോഴും വിമർശനം നേരിട്ടിട്ടുണ്ട്. ഉദാഹരണത്തിന് 2024ൽ പുറത്തിറങ്ങിയ ഐഫോൺ 16ൻ്റെ സോഫ്റ്റ്‌വെയറിൻ്റെ പേര് iOS 19 എന്നാണ്. ഇനി ഇത്തരം ആശയക്കുഴപ്പങ്ങൾ വേണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹാർഡ്‌വെയറിൻ്റേയും സോഫ്റ്റ്‌വെയറിൻ്റേയും പേര് മാറ്റാനുള്ള നടപടികൾ ആപ്പിൾ തുടങ്ങി കഴിഞ്ഞെന്നാണ് സൂചന. iOS 18 കഴിഞ്ഞുവരുന്ന അപ്ഡേറ്റ് iOS 19 അല്ല, മറിച്ച് iOS 26 ആയിരിക്കും. ഇനിയങ്ങോട്ടുള്ള അപ്ഡേറ്റുകളിൽ ഈ സംഖ്യയായിരിക്കും തുടരുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബ്ലൂംബെർഗ് റിപ്പോർട്ടനുസരിച്ച് ജൂൺ 9ന് നടക്കുന്ന വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിലാകും ആപ്പിൾ അതിന്റെ പരമ്പരാഗത ഒഎസ് വേർഷൻ (os version) നമ്പർ ശ്രേണിയിലെ മാറ്റം പ്രഖ്യാപിക്കുക. ഐഫോണുകളിൽ മാത്രമല്ല, iPadOS 26, macOS 26, tvOS 26, watchOS 26, visionOS 26 എന്നിങ്ങനെ ആപ്പിളിൻ്റെ സോഫ്റ്റ്‌വെയറുകളിലെല്ലാം ഈ മാറ്റം പ്രതിഫലിക്കും.
ആപ്പിളിന്റെ സോഫ്റ്റ്‌വെയർ ബ്രാൻഡിങ്ങിൽ സ്ഥിരത കൊണ്ടുവരാനും ഉപഭോക്താക്കൾക്കും ഡെവലപ്പർമാർക്കും ഇടയിലുള്ള ആശയക്കുഴപ്പം ഇല്ലാതാക്കാനുമാണ് ഈ മാറ്റം കൊണ്ട് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ, ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ സിസ്റ്റങ്ങൾക്ക് വ്യത്യസ്ത നമ്പറുകളാണ് ഉപയോഗിക്കുന്നത്.
ഉദാഹരണത്തിന് watchOS 12, macOS 15, visionOS 2 എന്നീ ഹാർഡ്‌വെയറുകളിലെല്ലാം iOS 18 സോഫ്റ്റ്‌വെയറിലാണ് പ്രവർത്തിക്കുന്നത്. ഹാർഡ്‌വെയറുകളെല്ലാം വ്യത്യസ്ത സമയത്ത് ലോഞ്ച് ചെയ്യുന്നു എന്നതാണ് ഇത്തരം ആശയക്കുഴപ്പങ്ങളുണ്ടാകാനുള്ള പ്രധാന കാരണം. എന്നാൽ പുതിയ വ്യവസ്ഥയെത്തുന്നതോടെ ഇതിന് പരിഹാരമാകും.
പേരിൽ മാത്രമല്ല, iOS 26 ആപ്പിൾ ഇൻ്റർഫൈസിലും വമ്പൻ മാറ്റങ്ങൾ കൊണ്ടുവരും. ആപ്പിൾ വിഷൻ പ്രോ ഹെഡ്‌സെറ്റിൻ്റെ visionOS-ൽ നിന്നും പ്രചോദനമുൾക്കൊണ്ടാകും iOS 26ൻ്റെ രൂപകൽപ്പന. ഒരു സ്ലീക്ക്, ആധുനിക ഇന്റർഫേസ് സൃഷ്ടിക്കാനാണ് ആപ്പിളിന്റെ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടുതൽ മൃദുവായ ഷേപ്പിലുള്ള പുനർരൂപകൽപ്പന ചെയ്ത ഐക്കണുകളും, കൂടുതൽ ചലനാത്മകമായ ഇന്റർഫേസ് ഘടകങ്ങളും iOS 26ൽ ഉണ്ടാകും.
കൂടുതൽ ആക്ടീവായി തോന്നുന്ന ലെയേർഡ് ട്രാൻസ്പാരൻസി, ഫ്ലോട്ടിംഗ് നാവിഗേഷൻ ബാറുകൾ, വളഞ്ഞ രീതിയിലുള്ള കൺട്രോളുകൾ എന്നിവയും iOS 26ൽ പ്രതീക്ഷിക്കാം. ക്യാമറ, മെസേജസ് പോലുള്ള ആപ്പുകൾ പോലും പരിഷ്കരിക്കപ്പെടുന്നതായി റിപ്പോർട്ടുണ്ട്. കണ്ടൻ്റുകൾക്കിടയിൽ കൂടുതൽ സ്പേസുണ്ടാവുമെന്നും, വൃത്തിയുള്ളതും കൂടുതൽ മനോഹരവുമായ ലേഔട്ടുകളുണ്ടാകുമെന്നും വാർത്തകൾ സൂചിപ്പിക്കുന്നു.
പുതിയ അപ്‌ഡേറ്റ് വഴി ഇൻ്റർഫേസ് കൂടുതൽ ഭംഗിയാക്കാൻ മാത്രമല്ല കമ്പനിയുടെ ലക്ഷ്യം. iOS 26 അപ്ഡേറ്റിലൂടെ ഐമാക് മുതൽ ഐവാച്ച് വരെയുള്ള ഉപകരണങ്ങളിൽ ഏകീകൃത വിഷ്വൽ ലാംഗ്വേജ് ഉറപ്പാക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. സോഫ്റ്റ് മോഷൻ എഫക്റ്റുകൾ ഉപയോഗിച്ച് ഉപകരണം എങ്ങനെ പിടിക്കുന്നു എന്നതിനോട് വരെ പ്രതികരിക്കാൻ പുതിയ ഇന്റർഫേസ് ഘടകങ്ങൾക്ക് സാധിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.