ഡൽഹി: ഫോണിൻ്റെ കോൾ സ്ക്രീൻ ഡിസൈൻ ആകെ മാറിയതിന് കാരണമറിയാത്തവരാണ് മിക്ക ആൻഡ്രോയിഡ് യൂസേഴ്സും. എങ്കിൽ നിങ്ങളുടെ ഫോണിൻ്റെ മാറ്റത്തിൻ്റെ കാരണക്കാരൻ ഫോണിലുള്ള ഗൂഗിൾ ആണ്. ഗൂഗിളിൻ്റെ 9 to 5 പ്രകാരം, മെറ്റീരിയൽ 3 എക്സ്‌പ്രസീവ് അപ്‌ഡേറ്റ് ഉപയോഗിച്ച് പുനർ രൂപകൽപ്പന ചെയ്ത ഫോൺ ആപ്പ് ഗൂഗിൾ പുറത്തിറക്കിയതിൻ്റെ ഭാഗമായാണ് ഈ അപ്ഡേറ്റ്.
സ്ഥിര ഉപയോക്താക്കൾക്കായി ഇപ്പോൾ 186ലും അതിനു മുകളിലുള്ള പതിപ്പിലും ഈ അപ്‌ഡേറ്റ് ലഭ്യമാണ്. ജൂണിൽ ആരംഭിച്ച പരീക്ഷണത്തെ തുടർന്നാണ് ദൃശ്യപരവും പ്രവർത്തനപരവുമായ പുതിയ മെച്ചപ്പെടുത്തലുകൾ ഗൂഗിൾ കൊണ്ടുവന്നത്.
പുതിയ ഡിസൈനിൽ പ്രിപ്പെട്ട കോൺടാക്റ്റുകളെയും സമീപകാല ടാബുകളെയും ഒരൊറ്റ ഹോം ടാബിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. അവിടെ നക്ഷത്ര ചിഹ്നമിട്ട കോൺടാക്റ്റുകൾ കോൾ ലിസ്റ്റിൻ്റെ മുകളിലായി ദൃശ്യമാകും.
ഫ്ലോട്ടിംഗ് ആക്ഷൻ ബട്ടന് പകരം കീപാഡ് മധ്യഭാഗത്തെ ടാബിലേക്ക് മാറ്റി, വൃത്താകൃതിയിലുള്ള നമ്പർ പാഡ് ഷീറ്റ് ഉപയോഗിച്ചിരിക്കുന്നു. അപ്‌ഡേറ്റ് ചെയ്ത കോൾ ലിസ്റ്റ് സ്റ്റൈലിൽ, വോയ്‌സ് മെയിൽ മാത്രം പഴയപോലെ തുടരുന്നു. സെറ്റിംഗ്‌സ്, കോൾ ഹിസ്റ്ററി ക്ലിയർ ചെയ്യൽ, ഹെൽപ്പ് ആൻഡ് ഫീഡ്‌ബാക്ക് എന്നിവയ്‌ക്കൊപ്പം സെർച്ച് ബാറിൽ നിന്ന് ആക്‌സസ് ചെയ്യാവുന്ന ഒരു നാവിഗേഷൻ ഡ്രോയറിലേക്ക് കോൺടാക്റ്റുകളെ ഗൂഗിൾ മാറ്റിയിരിക്കുന്നു.
പുതിയ അപ്ഡേറ്റിൽ ശ്രദ്ധേയമായ ഒന്നാണ് ഇൻകമിംഗ് കോൾ ജെസ്റ്റർ. ഇതിലൂടെ ഉപയോക്താക്കൾക്ക് തിരശ്ചീന സ്വൈപ്പിലൂടെയോ, ഒറ്റ ടാപ്പിലൂടെയോ കോളുകൾ നിരസിക്കാനോ മറുപടി നൽകാനോ കഴിയും. പോക്കറ്റിൽ നിന്ന് ഫോൺ എടുക്കുമ്പോൾ ആകസ്മികമായി കോൾ കണക്ടാകുന്നതും കട്ടാകുന്നതും കുറയ്ക്കാൻ ഈ മാറ്റം സഹായിക്കുമെന്ന് ഗൂഗിൾ പറയുന്നു.
കോളിങ് സ്ക്രീൻ ഇൻ്റർഫേസിൽ ഇപ്പോൾ പിൻ ആകൃതിയിലുള്ള ബട്ടണുകളാണ് ഉള്ളത്. അവ തിരഞ്ഞെടുക്കുമ്പോൾ ദീർഘചതുരങ്ങളായി മാറുന്നു. മെച്ചപ്പെട്ട ഉപയോഗക്ഷമതയ്ക്കായി ഒരു വലിയ എൻഡ് കോൾ ബട്ടണും നൽകിയിരിക്കുന്നു. ഇത് നാവിഗേഷൻ ലളിതമാക്കുകയും കൂടുതൽ സൗകര്യപ്രദമായ അനുഭവം നൽകുകയും ചെയ്യുന്നു. കോൺടാക്റ്റുകൾ, സന്ദേശങ്ങൾ എന്നിവയുൾപ്പെടെ പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്.