

തിരുവനന്തപുരം: തൊഴിൽ, വിദ്യാഭ്യാസം, സിനിമ തുടങ്ങി രാഷ്ട്രീയ പ്രചാരണ രംഗം വരെ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് കയ്യടക്കിയ പുതിയ കാലത്ത്, വിദ്യാർത്ഥികൾക്കിടയിൽ എ.ഐ സാങ്കേതികവിദ്യയെക്കുറിച്ച് ശാസ്ത്രീയമായ അവബോധം വളർത്തുന്ന ഡി.വൈ.എഫ്.ഐയുടെ 'Hello2AI' ക്യാമ്പയിൻ ശ്രദ്ധേയമാകുന്നു. എ.ഐയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുന്നതിനും പഠനാവശ്യങ്ങൾക്കായി എ.ഐ ടൂളുകൾ എങ്ങനെ ഫലപ്രദമായും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കാമെന്ന് പരിചയപ്പെടുത്തുന്നതിനുമായി ഹൈസ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് നടത്തുന്ന ഈ ക്യാമ്പയിൻ ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്.
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ ക്യാമ്പയിനിന്റെ ഉദ്ഘാടനം തൃശൂരിൽ വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തിൽ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം നിർവഹിച്ചിരുന്നു. സംസ്ഥാനതലത്തിലെ ആദ്യ സ്കൂൾതല പരിപാടി സെപ്റ്റംബർ 17-ന് പാലക്കാട് ജില്ലയിലെ അടക്കാപുത്തൂർ ശബരി പി.ടി.ബി സ്മാരക ഹയർസെക്കൻഡറി സ്കൂളിൽ അഡ്വ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിൻ ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ സംസ്ഥാനത്താകെ മുപ്പത്തഞ്ചോളം സ്കൂളുകളിലായി മൂവായിരത്തഞ്ഞൂറോളം കുട്ടികൾ പരിപാടിയുടെ ഭാഗമായിക്കഴിഞ്ഞു. ഡിസംബർ അവധിക്കാലം വരെ സ്കൂളുകളിൽ ഈ ക്യാമ്പയിൻ തുടരാനാണ് ഡി.വൈ.എഫ്.ഐ ആലോചിക്കുന്നത്.
എ.ഐയെ ഏതോ ഇന്ദ്രജാലമെന്ന മട്ടിൽ അവതരിപ്പിക്കുന്ന രീതി മാറ്റിയെടുക്കുകയും അതിന് പിന്നിലെ ശാസ്ത്രം വ്യക്തമാക്കിക്കൊടുക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇന്ത്യയിലും വിദേശത്തുമായി എ.ഐ മേഖലയിൽ പ്രവർത്തിക്കുന്ന പത്തോളം വിദഗ്ധരായ പ്രൊഫഷണലുകൾ ചേർന്നാണ് ഇതിനായുള്ള സിലബസ് തയ്യാറാക്കിയിരിക്കുന്നത്. എ.ഐ സാങ്കേതികവിദ്യയ്ക്ക് പിന്നിലെ ഗണിതശാസ്ത്രം, വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന പ്രധാന എ.ഐ ടൂളുകൾ, എ.ഐയുടെ സാമൂഹ്യശാസ്ത്രം എന്നിങ്ങനെ മൂന്ന് പ്രധാന ഭാഗങ്ങളാണ് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ സിലബസ് പ്രകാരം ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിനായി നൂറിലധികം മെന്റർമാർക്ക് നേരത്തെ പ്രത്യേക പരിശീലനം നൽകിയിരുന്നു. പരിശീലനം ലഭിച്ച ഈ മെന്റർമാരാണ് വിവിധ സ്കൂളുകളിൽ ക്ലാസുകൾ നയിക്കുന്നത്. ഡി.വൈ.എഫ്.ഐയുടെ പ്രൊഫഷണൽ സബ്കമ്മിറ്റിയാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും മികച്ച പ്രതികരണമാണ് ക്യാമ്പയിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെ മുതിർന്നവർക്കും ഇത്തരം ക്ലാസുകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വായനശാലകളുടെയും ക്ലബ്ബുകളുടെയും ഭാരവാഹികളിൽ നിന്ന് നിരവധി അന്വേഷണങ്ങൾ ലഭിക്കുന്നുണ്ട്. ഇതോടെ അടുത്ത ഘട്ടത്തിൽ പുതിയ സിലബസ് തയ്യാറാക്കി മുതിർന്നവരിലേക്കും പൊതുസമൂഹത്തിലേക്കും ക്യാമ്പയിൻ വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡി.വൈ.എഫ്.ഐ. ക്യാമ്പയിനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി www.hello2ai.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.