

ന്യൂഡൽഹി: ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന്റെ ഇന്ത്യൻ പ്രവേശനവുമായി ബന്ധപ്പെട്ട് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് ഉന്നയിച്ച വിമർശനങ്ങൾക്ക് പരോക്ഷ മറുപടിയുമായി പ്രമുഖ ഇന്ത്യൻ ടെക് കമ്പനി സോഹോയുടെ സ്ഥാപകൻ ശ്രീധർ വെമ്പു. ആഭ്യന്തര ടെലികോം ഓപ്പറേറ്റർമാർ തമ്മിലുള്ള കടുത്ത മത്സരം കാരണം ഇന്ത്യയിൽ നിലവിൽ തന്നെ ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് മൊബൈൽ ഡാറ്റ ലഭ്യമാകുന്നതെന്നും അതിനാൽ ഉയർന്ന ചെലവുള്ള ഉപഗ്രഹ ഇന്റർനെറ്റിന് സാധാരണ ഉപഭോക്താക്കൾക്കിടയിൽ എന്ത് പ്രസക്തിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. അംബാനിയെ പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ച് മസ്ക് നടത്തിയ എക്സ് പോസ്റ്റിലാണ് ശ്രീധർ വെമ്പുവിന്‍റെ പ്രതികരണം.
വിദൂര ഗ്രാമപ്രദേശങ്ങളിലും മലയോര മേഖലകളിലും മൊബൈൽ ടവറുകളോ ഒപ്റ്റിക്കൽ ഫൈബറുകളോ എത്തിക്കാൻ പ്രയാസമുള്ള ഇടങ്ങളിൽ അതിവേഗ ഇന്റർനെറ്റ് എത്തിക്കാനാണ് സ്റ്റാർലിങ്ക് ലക്ഷ്യമിടുന്നത്. എന്നാൽ, ഇന്ത്യയിൽ ബിസിനസ്സ് ചെയ്യുന്നതിന് ഭരണപരമായ തടസ്സങ്ങളും കാലതാമസവുമുണ്ടെന്നും ചില ഇന്ത്യന്‍ വ്യവസായ കുത്തകകളുടെ സ്വാധീനം സ്റ്റാര്‍ലിങ്കിന് തുല്യ അവസരം നിഷേധിക്കുന്നുണ്ടെന്നും ഇലോൺ മസ്ക് നേരത്തെ ആരോപിച്ചതാണ് പുതിയ വാക്പോരുകൾക്ക് വഴിവെച്ചത്. ഇലോണ്‍ മസ്ക് തുടര്‍ന്ന് റിലയന്‍സ് മേധാവി അംബാനിയെ പരസ്യമായി പരാമര്‍ശിക്കുകയും ചെയ്തു.
ഉപഗ്രഹ ഇന്റർനെറ്റിനായി സ്പെക്‌ട്രം അനുവദിക്കുന്ന രീതിയെച്ചൊല്ലിയാണ് ഇന്ത്യയിൽ പ്രധാനമായും തർക്കം ഉടലെടുത്തത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് ലേലമില്ലാതെ ഭരണപരമായ അനുമതിയിലൂടെസാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കണമെന്നാണ് സ്റ്റാർലിങ്കും യൂട്ടൽസാറ്റ് വൺവെബും അടക്കമുള്ള ആഗോള കമ്പനികൾ വാദിക്കുന്നത്. എന്നാൽ, ലക്ഷക്കണക്കിന് കോടി രൂപ മുടക്കി ലേലത്തിലൂടെ സ്പെക്ട്രം സ്വന്തമാക്കുന്ന തങ്ങളെപ്പോലുള്ള മൊബൈൽ നെറ്റ്‌വർക്കുകൾക്ക് ഇത് കനത്ത തിരിച്ചടിയാകുമെന്നും സമാന സേവനം നൽകുന്ന ഉപഗ്രഹ കമ്പനികൾക്കും സ്പെക്ട്രം ലേലം തന്നെ ഏർപ്പെടുത്തണമെന്നും റിലയൻസ് ജിയോയും ഭാരതി എയർടെല്ലും ശക്തമായി ആവശ്യപ്പെട്ടിരുന്നു.
വിദേശ കമ്പനികൾക്ക് ലേലമില്ലാതെ സ്പെക്ട്രം നൽകുന്നത് വിപണിയിലെ തുല്യനീതിക്ക്വിരുദ്ധമാണെന്നാണ് ഇന്ത്യൻ ടെലികോം ഭീമന്മാരുടെ വാദം. അതേസമയം, സ്റ്റാർലിങ്ക്, യൂട്ടൽസാറ്റ് വൺവെബ്, ജിയോ സാറ്റ്കോം എന്നീ മൂന്ന് കമ്പനികൾക്ക് ഇന്ത്യയിൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലൈസൻസ് ലഭിച്ചിട്ടുണ്ടെന്നും ടെലികോം നിയമപ്രകാരമുള്ള സുരക്ഷാ-മാനദണ്ഡങ്ങൾ പാലിച്ച് ഭരണപരമായ നടപടിക്രമങ്ങളിലൂടെ സ്പെക്ട്രം അനുവദിക്കുമെന്നും കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിട്ടുണ്ട്.
ദുരന്തനിവാരണം, പ്രതിരോധം, സമുദ്ര-വ്യോമയാന മേഖലകൾ, അതീവ ദുർഘടമായ അതിർത്തി ഗ്രാമങ്ങൾ എന്നിവയ്ക്ക് ഉപഗ്രഹ ഇന്റർനെറ്റ് അത്യന്താപേക്ഷിതമാണെങ്കിലും, സാധാരണ ജനങ്ങളുടെ നിത്യോപയോഗ ഇന്റർനെറ്റിന് ഇതൊരു ബദലല്ലെന്നാണ് വിപണി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. സ്മാർട്ട്ഫോണുകളിലൂടെ തുച്ഛമായ ചെലവിൽ അതിവേഗ 4ജി, 5ജി ഡാറ്റ ലഭ്യമാകുന്ന ഇന്ത്യൻ വിപണിയിൽ, പതിനായിരക്കണക്കിന് രൂപ ഉപകരണങ്ങൾക്കും ഉയർന്ന പ്രതിമാസ വരിസംഖ്യയ്ക്കുമായി മുടക്കാൻ സാധാരണക്കാർ തയ്യാറായേക്കില്ല. വിദേശ സാങ്കേതിക നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുന്നതിനൊപ്പം തന്നെ ആഭ്യന്തര ഡിജിറ്റൽ സംവിധാനങ്ങളെ സംരക്ഷിക്കുകയും ജനങ്ങൾക്ക് താങ്ങാനാവുന്ന നിരക്കിൽ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്ന വലിയ നയതന്ത്ര വെല്ലുവിളിയാണ് ഈ വിഷയത്തിൽ ഇന്ത്യയ്ക്ക് മുന്നിലുള്ളതെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു. അതേ സമയം അംബാനിക്കെതിരായ പരാമര്‍ശങ്ങള്‍ മസ്ക് തുടരുകയാണ്.
നേരത്തെ ഇലോൺ മസ്കിന്റെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി നടനും രാജ്യസഭാ എം.പിയുമായ കമൽഹാസൻ രംഗത്ത് എത്തിയിരുന്നു. ഇന്ത്യക്കാരനായാലും അമേരിക്കക്കാരനായാലും ഒരു ശതകോടീശ്വരനും രാജ്യത്തിന്റെ നയങ്ങൾ തീരുമാനിക്കാൻ അധികാരമില്ലെന്ന് കമൽഹാസൻ വ്യക്തമാക്കി. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.