പ്രശസ്ത സ്‍മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ തങ്ങളുടെ പുതിയ മോഡലായ ഐക്യൂ Z11 5G സ്‍മാർട്ട്ഫോൺ ചൈനീസ് വിപണിയിൽ പുറത്തിറക്കി. ശക്തമായ ബാറ്ററിയും ഹൈ-എൻഡ് ഫീച്ചറുകളുമാണ് പുതിയ മോഡലിന്റെ പ്രധാന സവിശേഷത. ഏകദേശം 31,200 രൂപ മുതലാണ് വില ആരംഭിക്കുന്നത്. മാർച്ച് അവസാനവാരത്തോടെ ഫോൺ ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി അറിയിച്ചിരുന്നു. ചൈനയിലെ ലോഞ്ചിന് ശേഷം ഇത് ഇന്ത്യയിലും ലോഞ്ച് ചെയ്യും. ഇന്ത്യയിൽ ഇതിനകം Z11 സീരീസിൽ ഐക്യൂ Z11x 5G എന്ന മോഡൽ ലോഞ്ച് ചെയ്തിട്ടുണ്ട്, ഇതിന് മുകളിൽ നിൽക്കുന്ന മോഡലാണ് ഐക്യൂ Z11 5ജി.
ബാറ്ററി ശേഷി ആയിരിക്കും ഐക്യൂ Z11 5ജിയുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന്. 9020mAh ബാറ്ററിയാണ് ഈ ഫോണിൽ കമ്പനി ഒരുക്കിയിരിക്കുന്നത്. ഒരു ഐക്യൂ സ്മാർട്ട്ഫോണിൽ ഇതുവരെ ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബാറ്ററി ശേഷിയാണ് ഇത്. ഗെയിമിങ് പ്രേമികളെക്കൂടി ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ഫീച്ചറുകളും ഈ Z11 5ജിയിൽ ഐക്യൂ ഒരുക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്, ഗെയിമിങ്ങിന് അനുയോജ്യമായ തരത്തിൽ 165Hz ഡിസ്‌പ്ലേ ഇതിലുണ്ട്.
6.83 ഇഞ്ച് 1.5K 165Hz OLED സ്‌ക്രീൻ ആണ് ഐക്യൂ Z11 5ജിയിൽ ഒരുക്കിയിരിക്കുന്നത്. ഡൈമെൻസിറ്റി 8500 ചിപ്സെറ്റ് ആകും ഈ മോഡലിന് കരുത്ത് പകരുക. ഇതോടൊപ്പം 16GB വരെ റാം, 512GB വരെ സ്റ്റോറേജ് എന്നിവയും ഉണ്ടാകും. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. ഡിസൈന്റെ കാര്യമെടുത്താൽ ഫ്ലാറ്റ് സൈഡുകൾ, പ്ലാസ്റ്റിക് ഫ്രെയിം എന്നിവയാണ് ഇതിന് നൽകിയിരിക്കുന്നത്. കറുപ്പ്, വെള്ള, നീല എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഐക്യൂ Z11 5ജി ലഭ്യമാകുക.