ടെക് ഭീമന്‍ കമ്പനിയായ മൈക്രോസോഫ്റ്റില്‍ വന്‍ പിരിച്ചുവിടല്‍. 9,000ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളിലായി ആഗോളതലത്തിൽ ജീവനക്കാരുടെ നാല് ശതമാനം വരുന്നവരെ പിരിച്ചു വിടുമെന്നാണ് റിപ്പോർട്ടുകൾ. നിര്‍മിതബുദ്ധി അടക്കമുള്ള പുതിയ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് സൂചന.
മേയിലും സമാനമായ രീതിയില്‍ മൈക്രോസോഫ്റ്റ് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 6000 പേര്‍ക്കാണ് അന്ന് ജോലി നഷ്ടമായത്. കമ്പനിയുടെ ആകെ ജീവനക്കാരില്‍ മൂന്ന് ശതമാനമായിരുന്നു ഇത്. തുടർന്ന് ജൂണിൽ 300 തസ്തികകൾ കൂടി ഒഴിവാക്കിയിരുന്നു. 2023ൽ മാത്രം ഏകദേശം 10,000 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്.
2024 ജൂണിലെ കണക്കനുസരിച്ച് ആഗോളതലത്തില്‍ 2,28,000 ജീവനക്കാരാണ് മൈക്രോ സോഫ്റ്റിന് ഉള്ളത്. ഇതില്‍ സെയില്‍സ്- മാര്‍ക്കറ്റിക് വിഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ തൊഴിലെടുക്കുന്നത്. ഏകദേശം 45000 പേരാണ് ഈ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. 86000 പേരുള്ള ഓപ്പറേഷന്‍സ്, 81000 പേര്‍ പ്രവര്‍ത്തിക്കുന്ന ഡെവലപ്പ് മെന്റ് വിഭാഗങ്ങളാണ് മുന്നിലുള്ളത്.
ഓപ്പണ്‍ എഐയില്‍ വന്‍ നിക്ഷേപമുള്ള മൈക്രോസോഫ്റ്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ മുന്‍നിരക്കാരില്‍ ഒന്നാണ്. മൈക്രോസോഫ്റ്റ് 365, അഷ്വര്‍, കോപൈലറ്റ് ഉള്‍പ്പടെയുള്ള ഉത്പന്നങ്ങളില്‍ ഇതിനകം തന്നെ എഐ അധിഷ്ടിത സേവനങ്ങള്‍ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. അതേസമയം, കമ്പനിയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് ഈ പിരിച്ചു വിടല്‍ അനിവാര്യമാണെന്നാണ് മൈക്രോസോഫ്റ്റ് വക്താവിന്റെ പ്രതികരണം. പിരിച്ചുവിടലിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.