സാങ്കേതികവിദ്യയിലൂടെ സഹവര്‍ത്തിത്വത്തിൻ്റെ പുതിയ പാഠങ്ങള്‍ പകര്‍ന്ന് മള്‍ട്ടിസ്പീഷീസ് ഹാക്കത്തണ്‍

Multispecies Hackathon with Technology
മള്‍ട്ടിസ്പീഷീസ് ഹാക്കത്തണ്‍
Published on
Updated on

കൊച്ചി: പ്രകൃതിയിലെ ജീവജാലങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കി മള്‍ട്ടിസ്പീഷീസ് ഹാക്കത്തണ്‍. ഇന്ത്യയിലെ ആദ്യ മള്‍ട്ടിസ്പീഷീസ് ഹാക്കത്തണാണ് കൊച്ചിയില്‍ സംഘടിപ്പിച്ചത്. സെൻസറുകളുടെ സഹായത്തോടെ ആനകളുടെ സാന്നിധ്യം മുൻകൂട്ടി അറിയാനും, തേനിച്ചകളുടെ ആരോഗ്യം നിരീക്ഷിക്കാനും, മത്സ്യബന്ധന വലകള്‍ കടലില്‍ നഷ്ടപ്പെടുന്നത് റിപ്പോര്‍ട്ട് ചെയ്യാനും സാങ്കേതികവിദ്യയിലൂടെ കഴിയുമെന്നതാണ് ഹാക്കത്തോണിൽ ചർച്ചയായത്.

മെയ് 10ന് ടിങ്കര്‍ ഹബ് ഫൗണ്ടേഷൻ്റെ ടിങ്കര്‍ സ്‌പേസില്‍ സമാപിച്ച രണ്ടുദിവസത്തെ 15 ടീമുകളാണ് ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പ്പിനായി സാങ്കേതികവിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചിന്തയില്‍ പുത്തന്‍ ആശയങ്ങള്‍ അവതരിപ്പിച്ചത്.

Multispecies Hackathon with Technology
പാന്‍ക്രിയാറ്റിക് കാന്‍സര്‍ കണ്ടെത്താന്‍ എഐ! ഡോക്ടര്‍മാര്‍ക്കും മുന്നേ രോഗനിര്‍ണയം; 'റെഡ്‌മോഡു'മായി യുഎസ് ശാസ്ത്രജ്ഞര്‍

ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സ്, സാറ്റലൈറ്റ് ഇമേജറി, സെന്‍സര്‍ സംവിധാനങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള വിവിധ പദ്ധതികളാണ് ടീമുകള്‍ ഹാക്കത്തണ്‍ വേദിയിലെത്തിച്ചത്. സോക്രട്ടസ് മള്‍ട്ടിസ്പീഷീസ് സ്റ്റുഡിയോയും ടിങ്കര്‍ ഹബ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടി സാങ്കേതിക വിദഗ്ധര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

ജൈവ വൈവിധ്യ നാശം, കാലാവസ്ഥാ വ്യതിയാനം, കേരളത്തിലെ വര്‍ധിച്ചു വരുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷം തുടങ്ങിയ വിഷയങ്ങളില്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരങ്ങള്‍ കണ്ടെത്തുകയായിരുന്നു ഹാക്കത്തണിൻ്റെ ലക്ഷ്യം. ഹസ്തി എന്ന പേരിലാണ് ആനത്താരകളെയും ആനകളുടെ സഞ്ചാരത്തെയും നിരീക്ഷിക്കാനുള്ള പ്രോജക്ട് ഹാക്കത്തണില്‍ അവതരിപ്പിക്കപ്പെട്ടത്.

സെന്‍സറുകളുടെ സഹായത്തോടെ ആനകളുടെ സാന്നിധ്യം മുന്‍കൂട്ടി അറിയിക്കുന്നതിലൂടെ മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ ഇത് ഏറെ സഹായകരമാകും. തേനീച്ചക്കോളനികളുടെ ആരോഗ്യം നിരീക്ഷിക്കാനും അവയുടെ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ മനസിലാക്കാനും എപിഹൈവ് എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട പ്രോജക്ടും വലിയ ശ്രദ്ധ നേടി.

Multispecies Hackathon with Technology
ചാറ്റിംഗ് ഇനി മെറ്റ നിരീക്ഷിക്കും; എൻക്രിപ്റ്റഡ് ചാറ്റുകൾ നിർത്തലാക്കാൻ ഇൻസ്റ്റഗ്രാം

മത്സ്യബന്ധന വലകള്‍ കടലില്‍ നഷ്ടപ്പെടുന്നത് റിപ്പോര്‍ട്ട് ചെയ്യാനും അവ കണ്ടെത്താനുമുള്ള സ്മാര്‍ട്ട് പ്ലാറ്റ്‌ഫോമും ശ്രദ്ധേയമായി. ജിപിഎസ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം സമുദ്ര സുരക്ഷയ്ക്കും മത്സ്യബന്ധന മേഖലയ്ക്കും ഏറെ ഉപകരിക്കുമെന്നാണ് പ്രതീക്ഷ. പല ജീവിവര്‍ഗങ്ങളും അവയെക്കുറിച്ച് രേഖപ്പെടുത്തപ്പെടുന്നതിന് മുമ്പേ തന്നെ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഈ അടിയന്തിര സാഹചര്യത്തിനുള്ള ഒരു പ്രതികരണമെന്ന നിലയിലാണ് സാങ്കേതികവിദ്യയെ ജീവിവര്‍ഗങ്ങള്‍ക്കിടയിലുള്ള ഒരു പാലമായി വിഭാവനം ചെയ്തുകൊണ്ട് മള്‍ട്ടിസ്പീഷീസ് ഹാക്കത്തണ്‍ സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറയുന്നു.

36 മണിക്കൂര്‍ നീണ്ടുനിന്ന ഹാക്കത്തണില്‍ ജൈവ വൈവിധ്യം, മനുഷ്യമൃഗ സഹവര്‍ത്തിത്വം, പ്രകൃതി സംരക്ഷണം എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളിലായി പരിസ്ഥിതി ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും മാര്‍ഗനിര്‍ദേശത്തോടെയാണ് ടീമുകള്‍ പദ്ധതികള്‍ വികസിപ്പിച്ചത്. ഞായറാഴ്ച്ച ടിങ്കര്‍സ്‌പേസില്‍ നടന്ന പൊതുപ്രദര്‍ശനത്തോടെയായിരുന്നു പരിപാടിയുടെ കൊടിയിറക്കം. മത്സരാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത പദ്ധതികള്‍ അടുത്തറിയാനും, അവരുമായി സംവദിക്കാനും, സാങ്കേതികവിദ്യ എങ്ങനെ പാരിസ്ഥിതിക ഭാവിക്ക് മുതല്‍ക്കൂട്ടാകുമെന്ന് മനസിലാക്കാനും ഇതിലൂടെ പൊതുജനങ്ങള്‍ക്ക് അവസരം ലഭിച്ചു.

ലൈഫ് എറൗണ്ട് അസ് എന്ന കഥ പറച്ചില്‍ സെഷനിലൂടെ എല്ലാ ജീവജാലങ്ങളും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കാനും കൊച്ചിയിലെ കായലുകളിലെ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും പരിപാടി അവസരമൊരുക്കി. ആവാസ് ലീഡര്‍ഷിപ്പ് ലാബ്‌സ്, ഇക്വിനോക്ട് കോസ്‌മോസ്, അഗാമി, യൂത്ത് കണ്‍സര്‍വേഷന്‍ ആക്ഷന്‍ നെറ്റ്‌വര്‍ക്ക് (യുകാന്‍), റീവൈല്‍ഡ് എന്നിവയുടെ സഹകരണവും പ്രഥമ മള്‍ട്ടിസ്പീഷീസ് ഹാക്കത്തണിനുണ്ടായിരുന്നു.

News Malayalam 24x7
newsmalayalam.com