
ഡെഡ് ഇൻ്റര്‍നെറ്റ് തിയറി എന്ന് കേട്ടിട്ടുണ്ടോ? ഇൻ്റര്‍നെറ്റില്‍ നമ്മള്‍ കാണുന്ന ഭൂരിഭാഗം ഉള്ളടക്കങ്ങള്‍ക്കും ഇടപെടലുകള്‍ക്കും പിന്നില്‍ മനുഷ്യരല്ല, മറിച്ച് ബോട്ടുകളും നിര്‍മിത ബുദ്ധിയുമാണെന്ന വാദമാണ് ഡെഡ് ഇൻ്റര്‍നെറ്റ് തിയറി. 2016 മുതല്‍ മനുഷ്യരുടെ ഇടപെടല്‍ ഇൻ്റര്‍നെറ്റില്‍ കുറവാണെന്ന് ഈ തിയറി വാദിക്കുന്നു.
ഇത്രയും നാള്‍ ഡെഡ് ഇന്റര്‍നെറ്റ് തിയറി ഒരു ഗൂഢാലോചനാ സിദ്ധാന്തമായാണ് കരുതിയിരുന്നത്. എന്നാല്‍, അങ്ങനെയല്ല, അതില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ടെന്ന് പറയുകയാണ് സാക്ഷാല്‍ ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍. ഇലോണ്‍ മസ്‌കിന്റെ എക്‌സില്‍ ബോട്ട് അക്കൗണ്ടുകളുടെ വര്‍ധനവ് ചൂണ്ടിക്കാട്ടിയാണ് ആള്‍ട്ട്മാന്റെ വാദം.
എക്‌സില്‍ തന്നെ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സാം ആള്‍ട്ട്മാന്‍ ഡെഡ് ഇന്റര്‍നെറ്റ് തിയറി വീണ്ടും ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത്. ഡെഡ് ഇന്റര്‍നെറ്റ് തിയറിയെ ഒരിക്കലും ഗൗരവത്തോടെ കണ്ടിരുന്നില്ല, പക്ഷെ, എക്‌സില്‍ ഇപ്പോള്‍ LLL (ലാര്‍ജ് ലാംഗ്വേജ് മോഡല്‍) ധാരാളമുണ്ടെന്ന് തോന്നുന്നു.
ആള്‍ട്ട്മാന്റെ പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി. വലിയ ചര്‍ച്ചകള്‍ക്കും പോസ്റ്റ് വഴിവെച്ചിട്ടുണ്ട്. ഇത്ര നാളായി ഡെഡ് ഇന്റര്‍നെറ്റ് തിയറിയെ ഗൗരവത്തോടെ കണ്ടില്ലേയെന്നും ആള്‍ട്ട്മാനെ ചിലര്‍ പരിഹസിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് ലോകത്തിലെ പ്രധാന നിര്‍മിത ബുദ്ധിയുടെ മേധാവിക്ക് ഇപ്പോഴാണോ ഇത് മനസ്സിലായത് എന്നും ചിലര്‍ ചോദിക്കുന്നു.
അടുത്തിടെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ബോട്ട് അക്കൗണ്ടുകളുടെ സാന്നിധ്യം വളരെ കൂടുതലായാണ് വിലയിരുത്തപ്പെടുന്നത്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത് ക്രിയേറ്റര്‍മാര്‍ക്ക് പണം നല്‍കി തുടങ്ങിയതു മുതല്‍ വൈറലായ പോസ്റ്റുകള്‍ക്ക് താഴെ LLM-ന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ പെരുകി. സൂക്ഷ്മതയില്ലാത്തതും, അര്‍ത്ഥമില്ലാത്തതുമായ നീണ്ട കമന്റുകളാണ് ഈ ബോട്ട് അക്കൗണ്ടുകളില്‍ സാധാരണയായി കാണുക. എഐ ചാറ്റ്‌ബോട്ടുകളുടെ വരവോടെ, യഥാര്‍ത്ഥ ഉപയോക്താക്കള്‍ക്കും ഫേക്ക് അക്കൗണ്ടുകള്‍ക്കും ഒരുപോലെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ കണ്ടന്റ് ഉണ്ടാക്കാമെന്ന അവസ്ഥയായി.