കാത്തിരിപ്പിനൊടുവിൽ സാംസങ് ഗാലക്സി എസ് 25 എഫ്ഇ ഇന്ത്യയുൾപ്പെടെയുള്ള ആഗോള വിപണികളിൽ എത്തിയിരിക്കുകയാണ്. ഗാലക്‌സി എസ് 25 സീരീസിൻ്റെ കൂടുതൽ താങ്ങാനാവുന്ന ബദലായി ഗാലക്‌സി എസ് 25 എഫ്ഇയെ കാണാം. മികച്ച പ്രകടനത്തിലും നൂതന എഐ ഫീച്ചറുകളും ഹാൻഡ്സെറ്റിലുണ്ട്. ഗാലക്‌സി എസ് 25 എഫ്ഇ കുറഞ്ഞ വിലയിൽ പ്രീമിയം അനുഭവം നൽകുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
സാംസങ്ങിന്റെ എക്‌സിനോസ് 2400 ചിപ്‌സെറ്റാണ് ഗാലക്‌സി എസ്25 എഫ്ഇയിലും കാണാൻ കഴിയുക. 8 ജിബി റാമും ഇതിൽ ഉൾപ്പെടുന്നു. ഏഴ് വർഷത്തെ ആൻഡ്രോയിഡ് ഒഎസും സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്ന ഹാൻഡ്സെറ്റ് ദീർഘകാല സോഫ്റ്റ്‌വെയർ പിന്തുണ ഉറപ്പാക്കുന്നുണ്ട്.
വില, സ്പെസിഫിക്കേഷനുകൾ, പ്രധാന സവിശേഷതകൾ
രണ്ട് കോൺഫിഗറേഷനുകളിലാണ് ഫോൺ ലഭ്യമാവുക:
* 8 ജിബി റാം + 128 ജിബി സ്റ്റോറേജ്: വില ₹57,300 മുതൽ
* 8 ജിബി റാം + 256 ജിബി സ്റ്റോറേജ്: വില ₹62,570 മുതൽ
ഐസിബ്ലൂ, ജെറ്റ്ബ്ലാക്ക്, നേവി, വൈറ്റ് എന്നീ നാല് നിറങ്ങളിൽ ഇത് ലഭ്യമാണ്.
എസ് 25 എഫ്ഇയിൽ 6.7 ഇഞ്ച് ഫുൾ-എച്ച്ഡി+ ഡൈനാമിക് അമോൾഡ് 2എക്സ് സ്‌ക്രീൻ, 120ഹെർട്സ് റിഫ്രഷ് റേറ്റും 1,900 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും ഉണ്ട്. ഡിസ്‌പ്ലേ ഗൊറില്ല ഗ്ലാസ് വിക്ടസ്+ കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
ക്യാമറയുടെ കാര്യമെടുത്താൽ, ഫോണിന്റെ പിന്നിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമുണ്ട്, 50 മെഗാപിക്സൽ മെയിൻ സെൻസർ, 8 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, 12 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ സെൻസറാണ് മുൻ ക്യാമറയിലുള്ളത്.
45വോൾട്ട് വയർഡ്, 15വോൾട്ട് വയർലെസ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,900എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. ചൂട് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി വലിയ വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവും ഇതിലുണ്ട്. സോഫ്റ്റ്‌വെയറിന്റെ കാര്യത്തിൽ, ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8 ഫോണിൽ ലഭ്യമാണ്. കൂടാതെ സർക്കിൾ ടു സെർച്ച്, ജെമിനി ലൈവ് പോലുള്ള ഗൂഗിൾ എഐ പ്രോ സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു.