
റീലും യൂട്യൂബ് ഷോര്‍ട്‌സും കണ്ട് മടുത്തോ! കുറച്ച് കൂടി വെയ്റ്റ് ചെയ്താല്‍ മതി, സോറ വരുന്നുണ്ട്. ചാറ്റ് ജിപിടിയുടെ സൃഷ്ടാക്കളായ ഓപ്പണ്‍ എഐ നിര്‍മ്മിച്ച സോറ ആപാണ് ഇനി സോഷ്യല്‍ മീഡിയ അഡിക്റ്റിസിനെ ഭരിക്കാന്‍ പോകുന്നത്.
ഓപ്പണ്‍ എഐയുടെ ഏറ്റവും പുതിയ എഐ വീഡിയോ ജനറേറ്റിംഗ് ആപായ സോറ ഉപയോഗിച്ച് ക്രിയേറ്റ് ചെയ്ത കുറച്ച് വീഡിയോകള്‍ ഇതിനകം വൈറലാണ്. കണ്ടാല്‍ എഐ ആണെന്നോ ഡീപ്പ് ഫെയ്ക് ആണെന്നോ തോന്നാത്ത യാഥാര്‍ഥ്യത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന വീഡിയോ ആണ് സോറ വാഗ്ദാനം ചെയ്യുന്നത്.
2024 ല്‍ ഓപ്പണ്‍ എഐ അവതരിപ്പിച്ച എഐ ടൂളായ സോറയുടെ അടുത്ത പതിപ്പാണ് സോറ 2.
ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം നമ്മള്‍ റീലുകളും ഷോര്‍ട്ട്‌സുകളും ക്രിയേറ്റ് ചെയ്യുന്നതു പോലെ സോറ ആപ്പില്‍ എഐ വീഡിയോകള്‍ കാണാനും ജനറേറ്റ് ചെയ്യാനും സാധിക്കും. ഇന്‍സ്റ്റഗ്രാമിനും യൂട്യൂബിനും സോറ വെല്ലുവിളിയാകുമെന്ന് ചുരുക്കം. സോറ 2 വിന്റെ കാമിയോസ് ഫീച്ചര്‍ ഉപയോഗിച്ച് സ്വന്തം രൂപവും ശബ്ദവുമുള്ള എഐ അവതാറുകളെ നിര്‍മ്മിക്കാനും അതുപയോഗിച്ച് വീഡിയോസ് ക്രിയേറ്റ് ചെയ്യാനും പറ്റും.
അമേരിക്കയിലും കാനഡയിലുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇത് തത്കാലം ലഭ്യമാകുക. ഐഒസില്‍ ക്ഷണം ലഭിച്ചാല്‍ മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക. പതിയെ മറ്റ് രാജ്യങ്ങളിലുമെത്തും.
ഇന്‍സ്റ്റയും ടിക് ടോകും പോലെ, സോറയിലൂടെ ഡീപ്‌ഫേക്ക് വീഡിയോകള്‍ നിര്‍മ്മിക്കുന്നതും ഷെയര്‍ ചെയ്യുന്നതും ആളുകള്‍ ഏറ്റെടുക്കുമെന്നാണ് ഓപ്പണ്‍ എഐയുടെ വാദം. ഡീപ് ഫേക്കുകളാണ് ഉണ്ടാക്കുന്നതെങ്കിലും കൃത്യമായ സെക്യൂരിറ്റി ഗൈഡ്‌ലൈന്‍സ് പാലിക്കുമെന്നും ഓപ്പണ്‍ എഐ പറയുന്നു.
സോറ എങ്ങനെ ഉപയോഗിക്കാം
സ്റ്റെപ് 1:
സോറ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൈന്‍ ഇന്‍ ചെയ്യുകയാണ് ആദ്യ പടി
നിലവിലുള്ള ഓപ്പണ്‍ എഐ ലോഗിന്‍ ഐഡി ഉപയോഗിച്ചോ പുതിയത് ക്രിയേറ്റ് ചെയ്‌തോ സോറ ആക്‌സസ് നേടാം.
സ്റ്റെപ് 2:
കാമിയോ ക്രിയേഷന്‍ തിരഞ്ഞെടുക്കുക.
സ്വന്തം കാമിയോ അല്ലെങ്കില്‍ ഇഷ്ടാനുസരണമുള്ള അവതാറോ നിര്‍മിക്കാനുള്ള ഓപ്ഷന്‍ ഉണ്ട്.
സ്റ്റെപ് 3:
കാമിയോ ക്രിയേറ്റ് ചെയ്യാന്‍ ചില കാര്യങ്ങള്‍ സോറ ആവശ്യപ്പെടും. അതില്‍ ചിലത് ഇങ്ങനെ,
. ഒരു സംഖ്യാ പരമ്പര ഉറക്കെ വായിക്കുക
. മുഖം വ്യത്യസ്ത ദിശകളിലേക്ക് ചലിപ്പിച്ചുകൊണ്ട് തല തിരിക്കുക.
. ശബ്ദം റെക്കോര്‍ഡ് ചെയ്യുക
. സംഭാഷണ സവിശേഷതകളും മുഖ ജ്യാമിതിയും റെക്കോര്‍ഡ് ചെയ്യാന്‍ വീഡിയോ-ഓഡിയോ വെരിഫിക്കേഷന്‍ കൂടി കഴിഞ്ഞാല്‍ ഒരു മിനുട്ടില്‍ കാമിയോ ക്രിയേറ്റ് ചെയ്യാം.