
കൊച്ചി: ഒരു റീലോ പോസ്‌റ്റോ കണ്ടാല്‍ ഇത് നമ്മുടെ 'ആ' കൂട്ടുകാരിയോ കൂട്ടുകാരനോ ആണെന്ന് തോന്നി അവരെ മെന്‍ഷന്‍ ചെയ്യുകയോ അയച്ചു കൊടുക്കുകയോ ഒക്കെ ചെയ്യുന്നവരാണല്ലോ നമ്മളെല്ലാവരും. ഇനി ഇപ്പോ അതിന് കൂടുതല്‍ കഷ്ടപ്പെടേണ്ട, എല്ലാം കുറച്ച് ഈസിയാക്കി തരാം എന്നാണ് മെറ്റ പറയുന്നത്.
അതേ, ഒറ്റയടിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒരു കൂട്ടം പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. ലൊക്കേഷന്‍ ഷെയറിങ് മാപ്പ്, കണ്ടന്റ് റീപോസ്റ്റ്, 'ഫ്രണ്ട്‌സ്' ടാബ് എന്നിങ്ങനെയാണ് പുതിയ ഫീച്ചറുകള്‍. ഇന്‍സ്റ്റഗ്രാമിനെ ഒരു ഫ്രണ്ട്‌സ് സോണ്‍ ആക്കി ഇന്ററാക്ടീവ് പ്ലാറ്റ്‌ഫോം ആക്കുകയാണ് മെറ്റയുടെ ലക്ഷ്യമെന്ന് വ്യക്തം.
ഒരു ചായ കുടിച്ചാല്‍ പോലും അത് എവിടെ നിന്ന് ആര്‍ക്കൊപ്പം ഏത് മൂഡില്‍ എന്നൊക്കെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നവരുണ്ട്. പുതുതായി അവതരിപ്പിച്ച റീപോസ്റ്റ്, മാപ്പ്, റീലുകളിലെ ഫ്രണ്ട്‌സ് ടാബ് എന്നിവയെല്ലാം ഇതൊക്കെ കൂടുതല്‍ എളുപ്പത്തിലാക്കും.
പുതിയ ഫീച്ചറോടെ പബ്ലിക് റീലുകളും ഫീഡ് പോസ്റ്റുകളും ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ റീപോസ്റ്റ് ചെയ്യാന്‍ കഴിയും. ഇതുവരെ ഒരു പബ്ലിക് പോസ്റ്റിനൊപ്പം ലൈക്ക്, കമന്റ്, ഷെയര്‍ ബട്ടണ്‍ ആണ് ഉണ്ടായിരുന്നതെങ്കില്‍ ഇനി മുതല്‍ ഒരു റീപോസ്റ്റ് ഓപ്ഷന്‍ കൂടി കാണാം. കൂടാതെ സ്വന്തം ഫീഡില്‍ പോസ്റ്റ്, റീല്‍സ്, ടാഗ് എന്നിവയ്‌ക്കൊപ്പം റീഷെയര്‍ ബട്ടണും കാണാം.
ഉപയോക്താവ് റീഷെയര്‍ ചെയ്യുന്ന റീലുകളും പോസ്റ്റുകളും സുഹൃത്തുക്കള്‍ക്ക് ഈ ടാബില്‍ കാണാവുന്നതാണ്. ഇതുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്‌സിനും ഗുണമുണ്ടാകുമെന്ന് മെറ്റ പറയുന്നു. കണ്ടന്റിന്റെ റീച്ച് കൂടാന്‍ റീഷെയര്‍ ഓപ്ഷന്‍ സഹായിക്കും.
ഈ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താവിന് അയാളുടെ ലൊക്കേഷന്‍ സുഹൃത്തുക്കള്‍ക്കായി പങ്കുവെക്കാം. സ്റ്റോറി ഷെയര്‍ ചെയ്യുമ്പോള്‍ ക്ലോസ് ഫ്രണ്ട്‌സ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഒന്നോ രണ്ടോ നൂറോ പേരെ മാത്രം കാണിക്കുന്നതു പോലെ ഇനി ലൊക്കേഷനും നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യാം.
എപ്പോള്‍ വേണമെങ്കിലും ഈ ഓപ്ഷന്‍ ഓഫ് ചെയ്യാം എന്നതും സവിശേഷതയാണ്. ഇനി മാപ്പ് ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കളും പ്രിയപ്പെട്ട കണ്ടന്റ് ക്രിയേറ്റര്‍മാരും വിവിധ ലൊക്കേഷനില്‍ നിന്ന് പങ്കുവെച്ച കണ്ടന്റുകളും കാണാന്‍ കഴിയും.
റീല്‍സിലെ പുതിയ 'ഫ്രണ്ട്‌സ്' ടാബ് ഉപയോക്താക്കളുടെ സുഹൃത്തുക്കള്‍ ഇഷ്ടപ്പെട്ടതോ, കമന്റ് ചെയ്തതോട, റീപോസ്റ്റ് ചെയ്തതോ, ക്രിയേറ്റ് ചെയ്തതോ ആയ കണ്ടന്റുകളെ സംയോജിപ്പിക്കുന്നതാണിത്. ഉപയോക്താക്കള്‍ക്ക് 'ബ്ലെന്‍ഡുകള്‍' വഴി പങ്കിട്ട ഉള്ളടക്കം കാണാനും ടാബില്‍ നിന്ന് നേരിട്ട് സംഭാഷണങ്ങള്‍ ആരംഭിക്കാനും കഴിയും. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ഈ ഫീച്ചര്‍ മെറ്റ അവതരിപ്പിച്ചിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ ലോകത്ത് എല്ലായിടത്തുമുള്ള ഉപയോക്താക്കള്‍ക്കായി പങ്കുവെക്കുകയാണ്.
ഫ്രണ്ട്‌സ് ടാബ് ആക്‌സസ് ലഭിക്കാനായി റീല്‍സിനു മുകളിലുള്ള ഫ്രണ്ട്‌സ് ടാബ് ടാപ് ചെയ്യണം. ഇനി തിരിച്ച് നിങ്ങളുടെ റീല്‍സ് ഫീഡിലേക്ക് തിരിച്ചു വരണമെങ്കില്‍ റീല്‍സ് എന്ന ടാബ് ടാപ് ചെയ്താല്‍ മതി. മാത്രമല്ല, നിങ്ങളുടെ ലൈക്കും കമന്റുമൊന്നും എല്ലാവരും കാണണമെന്നില്ലെങ്കില്‍ അതിനുള്ള ഓപ്ഷനും ഉണ്ട്.