

ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം നിലനിർത്താൻ പുതിയ തന്ത്രങ്ങളുമായി സാംസങ്. ഈ വർഷം ലണ്ടനിൽ നടക്കാനിരിക്കുന്ന ഗാലക്സി അൺപാക്ക്ഡ് ഇവന്റിൽ നിലിവിലുള്ള മോഡലുകളേക്കാൾ വീതിയേറിയ സ്ക്രീനുള്ള പുതിയ ഫോൾഡബിൾ ഉപകരണം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂലൈ 22ന് നടക്കാനിരിക്കുന്ന ഈ ചടങ്ങിൽ ഗാലക്സി സി ഫോൾഡ് 8നൊപ്പമാകും വിപ്ലവകരമായ മാറ്റങ്ങളുള്ള ഈ പുതിയ ഡിവൈസ് പുറത്തിറങ്ങുക. സാംസങ്ങിന്റെ പ്രശസ്തമായ ‘എസ് പെൻ’ (S Pen) സൗകര്യം പുതിയ സീരീസിൽ തിരികെ കൊണ്ടുവരുമെന്നും സൂചനയുണ്ട്.
'വൈഡ്' മോഡല്‍ കൂടുതല്‍ വീതിയുള്ള സ്‌ക്രീനിലൂടെ മികച്ച മള്‍ട്ടിടാസ്‌കിംഗ് അനുഭവം നല്‍കും. വലിയ ഡിസ്‌പ്ലേ ഉപയോഗിച്ച് വീഡിയോ കാണല്‍, ഗെയിമിങ്, ഓഫീസ് ജോലികള്‍ എന്നിവ കൂടുതല്‍ എളുപ്പമാക്കാനും സാധിക്കും. പുതിയ ഫോള്‍ഡബിള്‍ ഫോണുകളോടൊപ്പം ഗാലക്സി വാച്ചിന്റെ പുതിയ പതിപ്പുകളും ഈ ചടങ്ങില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ നടന്ന ഇവന്റിന് ശേഷമാണ് ഇത്തവണ ലണ്ടനില്‍ വേദി ഒരുക്കിയിരിക്കുന്നത്.
ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഈ വർഷം സെപ്റ്റംബറിലെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് തങ്ങളുടെ സാങ്കേതിക മികവ് തെളിയിക്കാൻ സാംസങ് ലക്ഷ്യമിടുന്നത്. ഫോൾഡബിൾ ഫോണുകളുടെ കാര്യത്തിൽ ആപ്പിൾ വൈകിയാണ് വിപണിയിലെത്തുന്നതെങ്കിലും ചൈനീസ് വിപണിയിലടക്കംഐഫോണിൽ നിന്നുണ്ടാകാൻ സാധ്യതയുള്ള വലിയ വെല്ലുവിളി നേരിടാൻ ഈ പുതിയ ലോഞ്ച് സാംസങ്ങിന് അനിവാര്യമാണ്.
കഴിഞ്ഞ വർഷങ്ങളിൽ ന്യൂയോർക്കിലും പാരിസിലും വച്ച് നടന്ന ചടങ്ങുകളിലൂടെയായിരുന്നു മുൻഗാമികളായ ഫോൾഡ് 7, ഫോൾഡ് 6 എന്നിവ പുറത്തിറക്കിയത്. ഈ വർഷം ഫെബ്രുവരിയിൽ ഗാലക്സി എസ് 26 സീരീസ് അവതരിപ്പിച്ച് സ്മാർട്ട്ഫോൺ ലോകത്ത് തരംഗം സൃഷ്ടിച്ച സാംസങ്, പുതിയ ഫോൾഡബിൾ മോഡലുകളിലൂടെ ആഗോള വിപണിയിൽ വീണ്ടും വിസ്മയം തീർക്കാനൊരുങ്ങുകയാണ്.