

ഡൽഹി: പുതിയ ഫോൺ വാങ്ങാൻ പദ്ധതിയിടുന്നുണ്ടോ? എങ്കിൽ ഈ റിപ്പോർട്ട് ശ്രദ്ധിച്ചു അവസാനം വരെ വായിക്കണം. സ്മാർട്ട് ഫോൺ വില 2026 ഓടെ 6.9 ശതമാനം വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന് പിന്നിലെ അപ്രതീക്ഷിത കാരണം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ആഗോള സാങ്കേതിക വിതരണ ശൃംഖലയെ നിശബ്ദമായി പുനർനിർമിക്കുന്ന വലിയ ഊർജ്ജം ആവശ്യമുള്ള എഐ ഡാറ്റാ സെൻ്ററുകളാണ് ഈ വില വർധനവിന് കാരണമാകുക.
എഐ ഇൻഫ്രാ സ്ട്രക്ചറിനായുള്ള വലിയ ഡിമാൻഡ് സാധാരണ ഉപഭോക്താക്കളെയും ബാധിക്കുന്നുണ്ട്. അത്യാധുനിക എഐ സെർവറുകൾക്കും സ്മാർട്ട് ഫോണുകൾക്കും സങ്കീർണമായ ജോലികൾ കൈകാര്യം ചെയ്യാൻ ഒരേ തരം മെമ്മറി ചിപ്പുകൾ (DRAM) ആവശ്യമാണ്. എന്നാൽ, എഐ ഡാറ്റാ സെൻ്ററുകളാണ് മെമ്മറി വിതരണക്കാർക്ക് കൂടുതൽ ലാഭകരമായത്. എഐയിലെ ആഗോള നിക്ഷേപം വർധിക്കുന്നതിനനുസരിച്ച്, നിർമാതാക്കൾ ഉയർന്ന ലാഭമുള്ള ഉപഭോക്താക്കൾക്ക് മുൻഗണന നൽകി തുടങ്ങും. അതോടെ ഉപഭോക്തൃ ഇലക്ട്രോണിക്സിനായുള്ള ചിപ്പുകളുടെ ലഭ്യത കുറയുകയും, ഒപ്പം വില അതിവേഗം ഉയരുകയും ചെയ്യും.
ഈ അസന്തുലിതാവസ്ഥ താൽക്കാലികമല്ലെന്നും 2026 വരെ ഈ സാഹചര്യം മോശമാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 2026ൻ്റെ ആദ്യ പകുതിയിൽ മെമ്മറി വില 40 ശതമാനം വരെ വർധിക്കാൻ സാധ്യതയുണ്ട്. ഈ ചെലവ് വർധനവ് നിലവിൽ തന്നെ ഫോൺ നിർമിക്കാൻ ആവശ്യമായ ഘടകങ്ങളുടെ മൊത്തം ചെലവിൽ പ്രതിഫലിക്കുന്നുണ്ട്. 200 ഡോളറിൽ താഴെയുള്ള ബജറ്റ് ഉപകരണങ്ങളുടെ ഉൽപ്പാദനച്ചെലവ് ഒറ്റ വർഷത്തിനുള്ളിൽ 20 മുതൽ 30 ശതമാനം വരെ വർധിച്ചു. മിഡ് റേഞ്ച് പ്രീമിയം ഫോണുകൾക്ക് 10 ശതമാനം മുതൽ 15 ശതമാനം വരെ BoM വർധനവ് നേരിടുന്നു.
2026ൽ സ്മാർട്ട് ഫോണുകളുടെ ആഗോള ശരാശരി വിൽപ്പന വില 6.9 ശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ചെലവുകൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തും. ഈ ചെലവ് വർധനവ് കാരണം, 2026ൽ ആഗോള സ്മാർട്ട് ഫോൺ ഷിപ്പ്‌മെൻ്റുകൾ 2.1 ശതമാനം കുറയുമെന്നും പ്രവചനമുണ്ട്. ആപ്പിൾ, സാംസങ് പോലുള്ള വൻകിട കമ്പനികൾക്ക് ഈ പ്രതിസന്ധിയെ മറികടക്കാൻ കൂടുതൽ എളുപ്പമാണ്.
എന്നാൽ, മിഡ് റേഞ്ച് ബജറ്റ് ഉപകരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചെറിയ നിർമാതാക്കൾക്ക് ഇത് കടുപ്പമേറിയ വെല്ലുവിളിയാണ്. ഫോണുകൾക്ക് വില അധികം കൂട്ടാതിരിക്കാൻ ക്യാമറ, ഡിസ്‌പ്ലേ, സ്പീക്കറുകൾ പോലുള്ള ഘടകങ്ങൾ കുറഞ്ഞ നിലവാരമുള്ളവ ഉപയോഗിക്കാൻ നിർബന്ധിതരാവുകയോ അല്ലെങ്കിൽ പഴയ ഭാഗങ്ങൾ വീണ്ടും ഉപയോഗിക്കുകയോ ചെയ്യുന്നുണ്ട്.