മെസേജിങ് കൺട്രോൾ, ഇൻബോക്സ് ഫിൽട്ടറിങ്, ഗ്രൂപ്പ് മെസേജിങ് എന്നിവയുൾപ്പെടെ നിരവധി ഓപ്ഷനുകളും പുതിയ ഫീച്ചറിൽ ലഭ്യമാണ്. കൂടാതെ, ട്രെൻഡിങ് വിഷയങ്ങൾ അടയാളപ്പെടുത്തുന്നതിനായി ത്രെഡ്‌സ് ഹൈലൈറ്ററും മെറ്റ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം ത്രെഡ്‌സിലെ വൺ-ഓൺ-വൺ സന്ദേശമയയ്‌ക്കലിന് പരിമിതികൾ ഉണ്ട്. 18 വയസും അതിൽ കൂടുതലുമുള്ള, ത്രെഡ്‌സ് ഫോളോവേഴ്‌സ് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാമിൽ നിന്നുള്ള മ്യൂച്വൽ അംഗങ്ങൾക്കിടയിൽ മാത്രമാകും തുടക്കത്തിൽ ഡിഎമ്മുകൾ ലഭ്യമാകുന്നത്. മെറ്റയുടെ സ്വകാര്യതാ മാനദണ്ഡങ്ങൾ, അക്കൗണ്ട് സംരക്ഷണ നടപടികൾ, സുരക്ഷാ സൗകര്യങ്ങൾ എന്നിവയാൽ അവ സംരക്ഷിക്കപ്പെട്ടിരിക്കും.
മെസേജിങ് കൺട്രോൾ ഓപ്ഷനിലടക്കം, കൂടുതൽ സവിശേഷതകളോടെ ഡിഎമ്മിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മെറ്റ പ്ലാറ്റ്‌ഫോംസ് അവതരിപ്പിച്ച ഏറ്റവും പുതിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമാണ് ത്രെഡ്‌സ്. ഇന്‍സ്റ്റാഗ്രാമുമായി ബന്ധിപ്പിച്ചാണ് 2023ൽ മെറ്റ ത്രെഡ്‌സ് അവതരിപ്പിച്ചത്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് തന്നെയാണ് ഈ ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യേണ്ടതും. ട്വിറ്ററിന് സമാനമായ രൂപകല്‍പനയില്‍ ഒരുക്കിയ ത്രെഡ്‌സിൽ ആദ്യ ദിവസങ്ങളില്‍ ഉപയോക്താക്കളുടെ പ്രവാഹമായിരുന്നു. 10 കോടിയോളം ഉപഭോക്താക്കളെ ദിവസങ്ങള്‍ക്കുള്ളിലാണ് ത്രെഡ്‌സിന് ലഭിച്ചത്. എന്നാൽ പിന്നീട് വലിയ തോതിലുള്ള കൊഴിഞ്ഞുപോക്കിനും ത്രെഡ്‌സ് സാക്ഷിയായിരുന്നു.
പിന്നാലെ ഉപഭോക്താക്കളെ തിരികെ കൊണ്ടുവരാനും നിലനിര്‍ത്താനുമായി കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. തുടക്കം മുതൽ ആപ്പിൻ്റെ പരിമിതിയായി ചൂണ്ടികാട്ടിയത് ഡയറക്ട് മെസേജ്(DMs) ഇല്ലെന്നതാണ്. ഇപ്പോഴിതാ അതിനും പരിഹാരം കണ്ടെത്തിയിരിക്കുകയാണ് മെറ്റ. ഉപയോക്താക്കൾക്ക് ഇനി മുതൽ ആപ്പിൽ തന്നെ പരസ്പരം ആശയവിനിമയം നടത്താൻ കഴിയുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി. ത്രെഡ്‌സ് ആരംഭിച്ചതുമുതൽ തന്നെ ഉപയോക്താക്കളിൽ നിന്നുള്ള ഒരു ടോപ്പ് റിക്വസ്റ്റ് ആയിരുന്നു ഇതെന്നും ആദം മൊസേരി പറയുന്നു.
മെസേജിങ് കൺട്രോൾ ഓപ്ഷനിൽ ആപ്പിൽ ഉപയോക്താക്കൾക്ക് ആർക്കാണ് സന്ദേശങ്ങൾ അയയ്ക്കേണ്ടതെന്ന് നിയന്ത്രിക്കാൻ കഴിയും. ത്രെഡുകളിലോ ഇൻസ്റ്റാഗ്രാമിലോ തങ്ങളെ പിന്തുടരാത്ത ആളുകളിൽ നിന്ന് DM-കൾ അനുവദിക്കാനും അത്തരം അഭ്യർഥനകൾ ഒരു പ്രത്യേക മെസേജ് റിക്വിസ്റ്റ് ഫോൾഡറിൽ സ്വീകരിക്കാനും കഴിയും. കൂടാതെ, ഗ്രൂപ്പ് സന്ദേശമയയ്ക്കലും ലഭ്യമാകും. ഒന്നിലധികം ത്രെഡുകൾ ഉപയോക്താക്കൾക്ക് ഒരേസമയം ചാറ്റ് ചെയ്യാൻ ഇത് അനുവദിക്കുമെന്ന് മെറ്റ പറയുന്നു.
മറ്റൊന്ന് ഇൻബോക്സ് ഫീച്ചറുകൾ ആണ്. ഉപയോക്താക്കൾക്ക് അവർ തിരയുന്ന നിർദ്ദിഷ്ട സന്ദേശം കണ്ടെത്തുന്നതിനായി ഇൻബോക്സിലെ ചില പാരാമീറ്ററുകൾ അടിസ്ഥാനമാക്കിയുള്ള ഫിൽട്ടറുകൾ പ്രയോഗിക്കാൻ സാധിക്കുന്നതാണ് ഇത്.