ലോകത്തെ ജനപ്രിയ ഷോർട്ട് വീഡിയോ ആപ്പ്, ടിക്‌ടോക് ഇന്ത്യയിൽ തിരിച്ചെത്തുന്നതായി സൂചന. ചൈനീസ് വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോം അഞ്ച് വർഷത്തിന് ശേഷമാണ് തിരിച്ചെത്തുന്നത്. 2020ൽ സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് കേന്ദ്ര സർക്കാർ നിരോധിച്ച ടിക്‌ടോക്കിന്റെ വെബ്സൈറ്റ് ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങി. എന്നാൽ, ഗൂഗിൽ പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ ഇതുവരെ ടിക്‌ടോക് ലഭ്യമല്ല.
ടിക്‌ടോക് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത് സംബന്ധിച്ച ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ടിക്‌ടോകോ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സോ പുറത്തുവിട്ടിട്ടില്ല. നിരവധി പേരാണ് ടിക്‌ടോക്കിന്റെ വെബ്‌സൈറ്റ് തങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളും കമൻ്റുകളും പങ്കുവെക്കുന്നത്. അതിനാൽ തന്നെ ടിക്‌ടോകിൻ്റെ തിരിച്ചുവരവിൽ സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
2020 ജൂണിലാണ് ടിക്ടോക് ഉൾപ്പെടെ 59 ആപ്ലിക്കേഷനുകൾ സർക്കാര്‍ നിരോധിക്കുന്നത്. ടിക്ടോക്, ഷെയർഇറ്റ്, ക്വായ്, യുസി ബ്രൗസർ, യുസി ന്യൂസ്, വിഗോ വീഡിയോ, ബൈഡു മാപ്പ്, ക്ലാഷ് ഓഫ് കിംഗ്സ്, ഡ്യൂ ബാറ്ററി സേവർ തുടങ്ങിയ നിരവധി ആപ്ലിക്കേഷനുകളാണ് 2020ൽ നിരോധിച്ചത്. ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിന് പിന്നാലെയാണ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.