
ചാറ്റ് ജിപിടിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ഓപ്പണ്‍ എഐ. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന രീതിയിലാകും മാറ്റങ്ങള്‍ എന്നാണ് ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍ അറിയിച്ചിരിക്കുന്നത്.
മുതിര്‍ന്ന ഉപയോക്താക്കള്‍ക്ക് പ്രായം വ്യക്തമാക്കിയാല്‍ അവര്‍ ആവശ്യപ്പെടുന്ന പ്രകാരം അഡള്‍ട്ട് കണ്ടന്റ് അനുവദിക്കുമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം. ചാറ്റ്ജിപിടിയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി ലഘൂകരിക്കുകയാണ് ഓപ്പണ്‍ എഐ.
ഉപയോക്താക്കളുടെ യൂസര്‍ എക്‌സ്പീരിയന്‍സ് മെച്ചപ്പെടുത്തുന്നതിനൊപ്പം മുതിര്‍ന്ന ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഉള്ളടക്കം ലഭ്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
ആദ്യഘട്ടത്തില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ച് ചാറ്റ്ജിപിടിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇതിലൂടെ ചാറ്റ്‌ബോട്ടിന്റെ ഉപയോഗക്ഷമത കുറഞ്ഞുവെന്നാണ് കമ്പനി വിലയിരുത്തല്‍.
നിലവില്‍, ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നങ്ങളെ ലഘൂകരിക്കാനുള്ള പുതിയ ടൂളുകള്‍ വികസിപ്പിച്ചതിനാല്‍, മിക്ക കേസുകളിലും ഈ നിയന്ത്രണങ്ങള്‍ സുരക്ഷിതമായി ലഘൂകരിക്കാന്‍ സാധിക്കും.
പുതിയ മാറ്റങ്ങളെ കുറിച്ച് സാം ആള്‍ട്ട്മാന്‍ പറഞ്ഞത് ഇങ്ങനെയാണ്, പ്രായപരിധി ഉറപ്പാക്കുന്ന ഏജ്-ഗേറ്റിങ് പൂര്‍ണമായി നടപ്പിലാക്കുകയും പ്രായം സ്ഥിരീകരിച്ച മുതിര്‍ന്ന ഉപയോക്താക്കള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇറോട്ടിക് ഉള്ളടക്കം അനുവദിക്കും.
മാനസികാരോഗ്യ വിഷയങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായാണ് ചാറ്റ്ജിപിടിയില്‍ വളരെ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതെന്നും ആള്‍ട്ട്മാന്‍ പറഞ്ഞു. ഈ നിയന്ത്രണങ്ങള്‍ പല ഉപയോക്താക്കള്‍ക്കും ചാറ്റ്‌ബോട്ടിനെ അത്ര ഉപയോഗപ്രദമല്ലാത്തതും ആസ്വാദ്യകരമല്ലാത്തതുമാക്കി മാറ്റി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള ടൂളുകള്‍ വികസിപ്പിച്ചതിനാല്‍, മിക്ക കേസുകളിലും സുരക്ഷിതമായി നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ ഓപ്പണ്‍ എഐയ്ക്ക് കഴിയുമെന്നും ഓള്‍ട്ട്മാന്‍ പറഞ്ഞു.
ചാറ്റ്ജിപിടിയുടെ പുതിയ പതിപ്പില്‍, ചാറ്റ്‌ബോട്ടിന്റെ സംസാരരീതിയും വ്യക്തിത്വവും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ കൃത്യമായി നിര്‍ദ്ദേശിക്കാന്‍ സാധിക്കുമെന്നാണ് സാം ആള്‍ട്ട്മാന്റെ വാഗ്ദാനം. മനുഷ്യനുമായി കൂടുതല്‍ സാമ്യമുള്ള രീതിയില്‍ ചാറ്റ്ജിപിടി പ്രതികരിക്കണമെന്നോ, കൂടുതല്‍ ഇമോജികള്‍ ഉപയോഗിക്കണമെന്നോ അതല്ലെങ്കില്‍ ഒരു സുഹൃത്തിനെ പോലെ പെരുമാറണമെന്നോ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രം ചാറ്റ് ജിപിടി അതും ചെയ്യും. എന്ന് സാം ആള്‍ട്ട്മാന്‍ പറയുന്നു.