കൊച്ചി: വി.എസ്. അച്യുതാനന്ദനിലെ ഭരണകർത്താവിനെ കുറിച്ചുള്ള ഓർമകള്‍ പങ്കുവെച്ച് ഇന്റലിജന്‍സ് വിഭാഗം സംസ്ഥാന മേധാവി പി. വിജയന്‍ ഐപിഎസ്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി നടപ്പാക്കാൻ അന്നത്തെ മുഖ്യമന്ത്രിയായ വിഎസ് നൽകിയ പിന്തുണയും പ്രേരണയും വളരെ വലുതായിരുന്നുവെന്ന് പി. വിജയന്‍ ഓർക്കുന്നു. ഒപ്പം, മുണ്ടിന്റെ തലപ്പ് പിടിച്ച്, പ്രകൃതി സൗന്ദര്യം ആസ്വദിച്ചു ശബരിമല നടന്ന് കയറി വരുന്ന വിഎസിന്റെ ദൃശ്യവും ഇന്റലിജന്‍സ് മേധാവി തന്റെ ഫേസ്ബുക്ക് കുറുപ്പില്‍ പങ്കുവയ്ക്കുന്നു.
"കേരളം രാജ്യത്തിനും, രാജ്യം ഉത്തരവാദിത്തമുള്ള ഒരു യുവജനതയെ വാർത്തെടുക്കാൻ ലോകത്തിനും നൽകിയ ഒരു മഹത്തായ സംഭാവനയായി ഈ പദ്ധതി ഇന്ന് അറിയപ്പെടുന്നു. എന്നാൽ യാത്രയുടെ തുടക്കം 2010 ഓഗസ്റ്റ് രണ്ടിന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നടന്ന എസ്പിസിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിൽ നിന്നാണ്. ഈ പദ്ധതി അന്ന് നടപ്പാക്കാൻ അന്നത്തെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദൻ സർ നൽകിയ പിന്തുണയും പ്രേരണയും വളരെ വലുതായിരുന്നു. അന്ന് അദ്ദേഹം നൽകിയ ആ ശക്തിയാണ് ഈ പദ്ധതിയെ ഒരു ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും വളർച്ചയിലേക്ക് നയിച്ചതെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. .... പ്രായഭേദമന്യേ ഏവർക്കും പ്രചോദനം നൽകുന്ന ഒരു ജീവിതമായിരുന്നു അച്ചുതാനന്ദൻ സാറിന്റേത്," വിജയന്‍ ഐപിഎസ് ഫേസ്ബുക്കില്‍ കുറിച്ചു. കർമ്മ മണ്ഡലത്തിലും വ്യക്തി ജീവിതത്തിലും ആരോഗ്യപരിപാലനത്തിലും വിഎസ് പുലർത്തിയ നിഷ്ഠ, കണിശത ഇതൊക്കെ ഒരിക്കലും കെടാത്ത പ്രചോദനത്തിന്റെ മാതൃകയാണെന്നും വിജയന്‍ അനുസ്മരിക്കുന്നു.
ഇന്ന് ഇൻഡ്യയിൽ അങ്ങോളം ഇങ്ങോളമായി 13,000 സ്ക്കൂളുകളിൽ സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതി നടപ്പാക്കി വരുന്നു. ഏതാണ്ട് 15 ലക്ഷത്തോളം കുട്ടികൾ ഈ പദ്ധതിയിലൂടെ സ്വഭാവരൂപീകരണത്തിന് വിധേയരാകുന്നുമുണ്ട്. കേരളത്തിൽ മാത്രം ആയിരത്തിൽ പരം സ്ക്കൂളുകളിൽ ഒരു ലക്ഷത്തോളം കുട്ടികൾ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നു. ഇൻഡ്യയ്ക്ക് പുറത്ത് നിന്ന് പോലും സ്റ്റുഡന്റ് പോലീസ് പദ്ധതിയെ കുറിച്ച് പഠിക്കാൻ പത്തോ പതിഞ്ചോ രാജ്യങ്ങളിലെ ആൾക്കാർ വന്നിരുന്നു, ഇപ്പോഴും എത്തുന്നു. കേരളം രാജ്യത്തിനും, രാജ്യം ലോകത്തിലെ യുവ ജനതയെ ഉത്തരവാദിത്വമുള്ള ഒരു യുവജനതയെ വാർത്തെടുക്കാൻ ലോകത്തിന് നൽകിയ ഒരു മഹത്തായ സംഭാവനയായി ഈ പദ്ധതി ഇന്ന് അറിയപ്പെടുന്നു. എന്നാൽ യാത്രയുടെ തുടക്കം 2010 ഓഗസ്റ്റ് 2-ന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നടന്ന SPC-യുടെ സംസ്ഥാന തല ഉദ്ഘാടനത്തിൽ നിന്നാണ്. ഈ പദ്ധതി അന്ന് നടപ്പാക്കാൻ അന്നത്തെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയായ ശ്രീ. വി.എസ്. അച്ചുതാനന്ദൻ സർ നൽകിയ പിന്തുണയും പ്രേരണയും വളരെ വലുതായിരുന്നു. അന്ന് അദ്ദേഹം നൽകിയ ആ ശക്തിയാണ് ഈ പദ്ധതിയെ ഒരു ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും വളർച്ചയിലേക്ക് നയിച്ചതെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പ്രായഭേദമന്യേ ഏവർക്കും പ്രചോദനം നൽകുന്ന ഒരു ജീവിതമായിരുന്നു അച്ചുതാനന്ദൻ സാറിന്റേത്. അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റൊരൊർമ്മ, ഞാൻ ശബരിമലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു സമയത്തേതാണ്. അന്ന് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ പ്രായം 87. തീർത്ഥാടനകാലത്തെ ബന്തവസും മറ്റ് സൗകര്യങ്ങളും പരിശോധിക്കാൻ ഒരിക്കൽ അദ്ദേഹം വന്നു. ഡോളി പോയിന്റിൽ അദ്ദേഹത്തെ കാത്ത് നിന്ന ഞങ്ങളെ എല്ലാവരേയും അത്ഭുതപ്പെടുത്തിയ കാഴ്ച തന്റെ മുണ്ടിന്റെ തലപ്പ് പിടിച്ച്, പ്രകൃതി സൗന്ദര്യം ആസ്വദിച്ചു മല നടന്ന് കയറി വരുന്ന ശ്രീ. വി.എസ്. അച്ചുതാനന്ദൻ സാറായിരുന്നു. അന്ന് ഞാൻ എന്റെ സഹപ്രവർത്തകരോട് പറഞ്ഞു: നമ്മളിൽ പലരും ശബരിമല കയറാൻ ബുദ്ധിമുട്ട് കാണിക്കുമ്പോൾ, നമ്മുടെ മുന്നിൽ ഈ പ്രായത്തിലും മറ്റൊരാളുടെ സഹായമില്ലാതെ കയറി വരുന്ന ഇദ്ദേഹം നൽകുന്ന പാഠം വളരെ വലുതാണെന്ന്. കർമ്മ മണ്ഡലത്തിലും വ്യക്തി ജീവിതത്തിലും ആരോഗ്യപരിപാലനത്തിലും അദ്ദേഹം പുലർത്തിയ നിഷ്ഠ, കണിശത — ഇതൊക്കെ ഒരിക്കലും കെടാത്ത പ്രചോദനത്തിന്റെ ഒരു മാതൃക, ഒരു പ്രചോദനം നൽകിയിട്ടാണ് ശ്രീ. വി.എസ്. അച്ചുതാനന്ദൻ എന്ന യുഗപുരുഷൻ യാത്രയാകുന്നത്. ആ മഹദ് ജീവിതത്തിന് മുന്നിൽ പ്രണാമം.