ASSEMBLY ELECTION 2026

Poll Lab | ഒരൊറ്റ മണ്ഡലത്തില്‍ 1033 സ്ഥാനാര്‍ഥികള്‍; ബാലറ്റ് ബുക്ക്, ഭീമന്‍ പെട്ടികള്‍; ഇതും തെരഞ്ഞെടുപ്പ് ചരിത്രം

കാര്‍ഷിക മേഖലയുടെ പ്രശ്നങ്ങളുയര്‍ത്തി, കര്‍ഷകരുടെ പ്രതിനിധികളായാണ് ആയിരത്തോളം പേര്‍ മത്സരിച്ചത്.

Author : എസ്. ഷാനവാസ്

തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ട്, കെട്ടിവച്ച കാശു പോലും കിട്ടാത്തവരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍, അത് എന്തിനായിരുന്നെന്നും, ആ തുക വര്‍ധിപ്പിക്കേണ്ടിവന്ന സാഹചര്യത്തെയും കുറിച്ച് കേട്ടിട്ടുണ്ടോ?

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ അനുച്ഛേദം 34 (1) പ്രകാരമാണ് പൊതു തെരഞ്ഞെടുപ്പില്‍, നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനൊപ്പം നിശ്ചിത തുക ഡെപ്പോസിറ്റായി നല്‍കേണ്ടത്. മത്സരത്തില്‍ ആകെ പോൾ ചെയ്യുന്ന വോട്ടുകളുടെ ആറിലൊന്നെങ്കിലും നേടിയാല്‍ മാത്രമേ, ഈ തുക തിരിച്ചുകിട്ടുകയുള്ളൂ. ജനാധിപത്യ പ്രക്രിയയെ അതിന്റെ ഗൗരവത്തില്‍ ഉള്‍ക്കൊള്ളുന്നവര്‍ മാത്രമാണ് മത്സരിക്കാനെത്തുന്നത് എന്ന് ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

1996ന് മുന്‍പ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പൊതുവിഭാഗത്തിന് 500ഉം, സംവരണവിഭാഗത്തിന് 250 രൂപയുമായിരുന്നു തുക. നിയമസഭാ തെരഞ്ഞെടുപ്പിന് 250 രൂപ, 125 രൂപ എന്നിങ്ങനെയായിരുന്നു കെട്ടിവയ്ക്കേണ്ടിയിരുന്നത്. എന്നാല്‍, 1998ല്‍ ഇരുപതിരട്ടി വര്‍ധന കൊണ്ടുവന്നു. ചെറിയ തുകയായതിനാല്‍ മത്സരിക്കാന്‍ എത്തുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതാണ് അത്തരമൊരു തീരുമാനത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ എത്തിച്ചത്. പത്തും പതിനഞ്ചും കടന്ന് നാനൂറിലധികം പേരൊക്കെ ഒരു മണ്ഡലത്തില്‍ തന്നെ മത്സരിക്കുന്ന സ്ഥിതിയുണ്ടായി.

1996ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശിലെ നൽഗോണ്ട മണ്ഡലത്തിൽ 480 സ്ഥാനാർഥികളാണ് മത്സരിക്കാനുണ്ടായിരുന്നത്. ഇവരില്‍ 477 പേര്‍ക്കും കെട്ടിവച്ച കാശ് നഷ്ടമായിരുന്നു. അതേവര്‍ഷം തന്നെ കര്‍ണാടകയിലെ ബെല്‍ഗാമില്‍ 456 പേരാണ് മത്സരിച്ചത്. ഇവരില്‍ 454 പേര്‍ക്കും കാശ് നഷ്ടമായി. നല്‍ഗോണ്ടയില്‍ രൂക്ഷമായിരുന്ന കുടിവെള്ള പ്രശ്നം പൊതുശ്രദ്ധയില്‍ പെടുത്തുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു സ്ഥാനാര്‍ഥികളായവര്‍ക്ക്. ബെല്‍ഗാമിനെ മഹാരാഷ്ട്രയ്ക്കൊപ്പം ചേര്‍ക്കണമെന്ന മറാത്തി സംസാരിക്കുന്ന ജനതയുടെ ആവശ്യമാണ് ബെല്‍ഗാം തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ കൂട്ടിയത്. ഇവിടെയൊക്കെ ബാലറ്റ് പേപ്പറിനു പകരം 50 പേജുള്ള ബാലറ്റ് ബുക്ക് തന്നെ തയ്യാറാക്കേണ്ടിവന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ മൊടക്കുറിച്ചിക്കാണ് ആ റെക്കോഡ്. 1996ലെ തെരഞ്ഞെടുപ്പില്‍ 1033 സ്ഥാനാര്‍ഥികളുണ്ടായിരുന്നു. ഇവരില്‍ 1030 പേരും സ്വതന്ത്ര സ്ഥാനാര്‍ഥികളായിരുന്നു. കാര്‍ഷിക മേഖലയുടെ പ്രശ്നങ്ങളുയര്‍ത്തി, കര്‍ഷകരുടെ പ്രതിനിധികളായാണ് ആയിരത്തോളം പേര്‍ മത്സരിച്ചത്. കൃത്യസമയത്ത് ബാലറ്റ് ബുക്ക് പ്രിന്റ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഒരു മാസം മാറ്റിവച്ചിരുന്നു. 65 പേജുള്ള ബാലറ്റ് ബുക്കും, ആയിരത്തോളം ഭീമന്‍ ബാലറ്റ് പെട്ടികളും തയ്യാറാക്കി. മാത്രമല്ല, വോട്ടിങ്ങിനായി രണ്ട് മണിക്കൂര്‍ അധികം അനുവദിക്കുകയും ചെയ്തു. മത്സരിച്ച മൂന്ന് പേര്‍ക്കൊഴികെ എല്ലാവര്‍ക്കും കെട്ടിവച്ച കാശ് നഷ്ടമായി. 88 പേര്‍ക്ക് സ്വന്തം വോട്ടുപോലും കിട്ടിയില്ല എന്നതാണ് ഏറ്റവും രസകരമായ വസ്തുത. 158 പേര്‍ക്ക് ഒരു വോട്ട് മാത്രമാണ് കിട്ടിയത്.

ഇത്തരത്തില്‍ വലഞ്ഞപ്പോഴാണ് 1998ല്‍ കെട്ടിവയ്ക്കേണ്ട തുക വർധിപ്പിച്ചത്. നിലവില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് 25,000 രൂപയും നിയമസഭാ തെരഞ്ഞെടുപ്പിന് 10,000 രൂപയുമായാണ് കെട്ടിവയ്ക്കേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ സ്ഥാനാര്‍ഥികള്‍ക്ക് 12,500 രൂപ, 5,000 രൂപ എന്നിങ്ങനെയാണ് കെട്ടിവയ്ക്കേണ്ടത്. തുക വര്‍ധിപ്പിച്ചെങ്കിലും, അതൊന്നും നോക്കാതെ മത്സരത്തിനിറങ്ങുന്നവര്‍ ഇന്നും ഏറെയുണ്ട്. അതൊക്കെ തെരഞ്ഞെടുപ്പ് കമ്മീഷന് നേട്ടമാണ്. കോടികളാണ് ഇത്തരത്തില്‍ കമ്മീഷന് ലഭിക്കുന്നത്.

SCROLL FOR NEXT