പൂഞ്ഞാർ: കോട്ടയം പൂഞ്ഞാറിലും പണം നൽകി വോട്ട് പിടിക്കാൻ ബിജെപിയുടെ വ്യാപക ശ്രമം നടക്കുന്നതായി പരാതി. വോട്ടർമാരെ പണം നൽകി സ്വാധീനിക്കുന്നതിനിടെ ബിജെപി നേതാവിനെ എൽഡിഎഫ് പ്രവർത്തകർ സംഘമായെത്തി കയ്യോടെ പിടികൂടി. ദൃശ്യങ്ങൾ തെളിവായി എൽഡിഎഫ് പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി മൂന്നാം വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച മുഹമ്മദ് ഷാജി എം.എ ആണ് കുടുങ്ങിയത്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ബിജെപി മണ്ഡലം ഭാരവാഹിയാണ് ഇയാൾ. ബിജെപി നേതാവ് പണം നൽകുന്നതിൻ്റെ ദൃശ്യങ്ങൾ തെളിവായി എൽഡിഎഫ് പ്രവർത്തകർ പുറത്തുവിട്ടു. വോട്ടർമാരെ പണം നൽകി സ്വാധീനിച്ച സംഭവത്തിൽ എൽഡിഎഫ് പ്രവർത്തകർ ഇലക്ഷൻ കമ്മീഷനും പൊലീസിനും പരാതി നൽകും.
അതേസമയം, തൃശൂർ ജില്ലയിൽ വിവിധയിടങ്ങളിൽ ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ സൗജന്യ കിറ്റ് വിതരണം നടന്നിരുന്നു. ആദ്യം ഒളരിശ്ശേരിയിലും രണ്ടാമത് വാടാനപ്പള്ളിയിലും ഇന്ന് കാച്ചേരിയിലും കിറ്റ് വിതരണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ചേലക്കരയിലും കിറ്റ് വിതരണം നടന്നത്.
ചേലക്കര മണ്ഡലത്തിൽ 127ാം ബൂത്തിൽ മേലെ മുറിയിലാണ് ബിജെപി പ്രവർത്തകർ എത്തി കിറ്റ് വിതരണം നടത്തിയത്. എൽഡിഎഫ് എത്തി തടഞ്ഞതോടെ കിറ്റ് വിതരണം ചെയ്യാൻ എത്തിയവർ ഓടിപ്പോയി. വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. നിരവധി വീടുകളിൽ കിറ്റ് വിതരണം ചെയ്യാനുള്ള ശ്രമമുണ്ടെന്ന് എൽഡിഎഫ് പ്രവർത്തകർ ആരോപിച്ചു. ബൂത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടന്നതെന്നും എൽഡിഎഫ് പ്രവർത്തകർ പറഞ്ഞു.