

പാലക്കാട്: പാലക്കാട് ബിജെപി നേതാക്കൾ പണം നൽകി വോട്ടറെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന എൻഡിഎ പ്രതിനിധികൾക്കെതിരെയാണ് പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് എഫ്ഐആർ.
പാലക്കാട് കണ്ണാടി പഞ്ചായത്തിലെ ദേവു എന്ന വീട്ടമ്മയ്ക്ക് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ്റെ നേതൃത്വത്തിൽ പണം നൽകിയതാണ് കേസ്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഫ്ലൈയിങ് സ്ക്വാഡ് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷത്തിലധികം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് എഫ്ഐആറിലുള്ളത്.
ഇന്ന് രാവിലെയാണ് ശോഭാ സുരേന്ദ്രനൊപ്പം ഉണ്ടായിരുന്ന സ്ത്രീ വീട്ടമ്മയ്ക്ക് അയ്യായിരം രൂപ നൽകിയത്. എന്നാൽ പണം നൽകിയത് ശോഭാ സുരേന്ദ്രൻ നിഷേധിച്ചെങ്കിലും ദൃശ്യങ്ങൾ പുറത്തു വന്നതോടെ വാദം പൊളിയുകയായിരുന്നു.