ASSEMBLY ELECTION 2026

"വർഗീയതയുമായുള്ള ബന്ധത്തിൽ ചാഞ്ചാട്ടമില്ല"; ഡീൽ ആരോപണങ്ങൾ നുണയെന്ന് മുഖ്യമന്ത്രി

എസ്ഡിപിഐ വോട്ടുമായി ബന്ധപ്പെട്ട് ചോദ്യം ആവർത്തിച്ച് ചോദിച്ചതോടെ മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി.

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: ഡീൽ ആരോപണങ്ങളെ വീണ്ടും നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡീലെന്ന പേരിൽ പ്രചരിക്കുന്ന ആരോപണങ്ങൾ നുണയാണ്. എസ്‌ഡിപിഐ അടക്കമുള്ള എല്ലാ വർഗീയ ശക്തികളേയും എതിർക്കുന്ന നിലപാടാണ് സിപിഐഎമ്മിനുള്ളത്. വർഗീയതയുമായുള്ള ബന്ധത്തിൽ ചാഞ്ചാട്ടമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എസ്ഡിപിഐ വോട്ടുമായി ബന്ധപ്പെട്ട് ചോദ്യം ആവർത്തിച്ച് ചോദിച്ചതോടെ മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി ക്ഷോഭിച്ചു. മാധ്യമപ്രവർത്തകരോട് വിടുവായത്തം പറയരുതെന്നും, എന്തും ചോദിക്കാനുള്ള വേദിയല്ല വാർത്താ സമ്മേളനമെന്നും മുഖ്യമന്ത്രി പറഞ്ഞു. അൻവറിൻ്റെ കാര്യം അൻവറിനോട് പോയി ചോദിക്കണം. മങ്കടയിലെ സ്ഥാനാർഥി എസ്‌ഡിപിഐ വോട്ട് സ്വീകരിക്കും എന്ന് പറഞ്ഞത് അദേഹത്തോട് ചോദിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവർത്തകർ അജണ്ട സ്വീകരിക്കരുത് എന്നും വിമർശനം ഉന്നയിച്ചു.

സർക്കാരിൻ്റെ കരുത്ത് ജനങ്ങളുടെ വിശ്വാസമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം കൈവരിച്ച പുരോഗതിയെ ശക്തിപ്പെടുത്തണോ അതോ ഇടവേള വേണോ എന്ന് ചിന്തിക്കുന്ന തെരെഞ്ഞെടുപ്പാണ് നടക്കുന്നത്. ദീർഘകാല പദ്ധതികൾ പൂർത്തിയാകാൻ ഭരണസ്ഥിരതയും തുടർച്ചയും അനിവാര്യമാണ് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഹരിയാനയിലെ കോഴ ആരോപണം കോൺഗ്രസിൻ്റെ അപചയത്തെയാണ് കാണിക്കുന്നത്. ആരോപണങ്ങൾ നേരിടുന്നത് കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കളെന്നത് ഗൗരവം വർധിപ്പിക്കുന്നു. സീറ്റ് പണം നൽകി വാങ്ങാവുന്നതാണോ എന്ന് ജനങ്ങൾ സംശയിക്കുന്നു. എന്തുകൊണ്ടാണ് കോൺഗ്രസ് പ്രതികരിക്കാത്തത് എന്നും മുഖ്യമന്ത്രി ആരാഞ്ഞു.

കോഴ ആരോപണം അടിസ്ഥാന രഹിതമാണെങ്കിൽ എന്തുകൊണ്ടാണ് നിയമ നടപടിയെടുക്കാത്തത്. വിഷയത്തിൽ ആഭ്യന്തര അന്വേഷണം പോലും നടക്കുന്നില്ല. സ്ഥാനാർഥിത്വം സാമ്പത്തികം നോക്കി വിതരണം ചെയ്താൽ സാധാരണ പ്രവർത്തകരുടെ സ്വപ്നങ്ങൾ തകർക്കപ്പെടും. കോൺഗ്രസിൻ്റേത് രാഷ്ട്രീയ ഇരട്ടത്താപ്പാണ്. മറ്റുള്ളവരെ വിമർശിക്കുന്നവർ സ്വന്തം പാർട്ടിയിലെ പ്രശ്നത്തിൽ മിണ്ടാത്തത് രാഷ്ട്രീയ ഇരട്ടത്താപ്പ് എന്നും മുഖ്യമന്ത്രി വിമർശിച്ചു.

സംസ്ഥാനം നിർണായക വഴിത്തിരിവിലാണ്. വികസനങ്ങൾ യാഥൃശ്ചികമായി ഉണ്ടായതല്ല. ദീർഘദർശനമുള്ള നയങ്ങളും ജനകീയ പ്രതിബദ്ധതയും കാരണമാണ് മാറ്റങ്ങളുണ്ടായത്. പ്രഖ്യാപനങ്ങൾ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല പ്രാവർത്തികമാകുന്നതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. പറഞ്ഞ വാക്ക് പാലിച്ചത് പുതിയ ശൈലിയാണ്. കേരളം പുതിയ സാമ്പത്തിക ഘട്ടത്തിലേക്ക് കടന്നു. പഴയ കാലഘട്ടത്തിൽ നിന്ന് പൂർണമായി മാറി. ഇത് സാധാരണക്കാരൻ്റെ ജീവിതത്തിൽ പ്രകടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.

SCROLL FOR NEXT