മലപ്പുറം: പിന്തുണ ആർക്കെന്ന് പറയാതെയും വി.ഡി. സതീശനെ കടന്നാക്രമിച്ചും എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സി.പി.എ. ലത്തീഫ്. എസ്ഡിപിഐ വോട്ട് വേണ്ട എന്ന് സതീശൻ പറയുന്നത് പതിവ് നിലപാടെന്നും ഇതിൻ്റെ ഗുണഭോക്താക്കൾ ബിജെപിയാണെന്നും ലത്തീഫ് പറഞ്ഞു.
മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിച്ചത് പൊതു സമ്മർദത്തിലെന്ന് ലത്തീഫ് പറഞ്ഞു. കെ.സി. വേണു ഗോപാൽ പറയുന്നത് ആരുടെ വോട്ടും നേടുമെന്നാണ്, കെ.സിയെക്കാൾ മുകളിലാണോ സതീശനെന്നും സതീശൻ്റെ താൽപ്പര്യം ദുരൂഹമാണെന്നും ലത്തീഫ് പറഞ്ഞു.
എസ്ഡിപിഐ വോട്ട് വേണ്ട എന്ന വി.ഡി. സതീശൻ്റെ നിലപാടിൽ എസ്ഡിപിഐ ഔദ്യോഗിക നിലപാട് സ്വീകരിച്ചിട്ടില്ലെന്നും വോട്ട് വേണ്ട എന്ന് പറഞ്ഞവർക്ക് നൽകേണ്ട എന്ന തീരുമാനത്തിലെത്തേണ്ടി വരുമെന്നും ലത്തീഫ് പറഞ്ഞു. നേമത്ത് എസ്ഡിപിഐ പ്രാദേശിക പിന്തുണ നൽകുന്നുണ്ടെന്നും മഞ്ചേശ്വരത്ത് യുഡിഎഫിന് പിന്തുണ നൽകണമെങ്കിൽ സതീശൻ നിലപാട് മാറ്റണമെന്നും ലത്തീഫ് വ്യക്തമാക്കി.