പത്തനംതിട്ട: മുണ്ടുകോട്ടക്കലിലെ ശ്രീനാരായണ ശതവത്സര മെമ്മോറിയൽ സ്കൂളിലെ ബൂത്തിലേക്ക് വയോധികരായ വോട്ടർമാരെ ഡോളിയിൽ ചുമന്നാണ് എത്തിക്കുന്നത്. എട്ട് തൊഴിലാളികൾ ചേർന്ന് രണ്ട് ഡോളികളിലായാണ് റോഡിൽ നിന്നും ഉയരത്തിലുള്ള സ്കൂളിലേക്ക് ആളുകളെ ചുമന്ന് കയറ്റുന്നത്.
റോഡ് നിരപ്പിൽ നിന്നും 57 പടികൾ കയറിയാണ് 247, 248, 249-ാം നമ്പർ ബൂത്തുകൾ പ്രവർത്തിക്കുന്ന ഈ സ്കൂളിലേക്ക് എത്തേണ്ടത്. ഈ പടവുകൾ കയറി മുകളിൽ എത്തി സമ്മതിദാനവകാശം രേഖപ്പെടുത്തുക എന്നത് പലർക്കും അപ്രാപ്യമായിരുന്നു. ഡോളി സൗകര്യം ഇല്ലായിരുന്നെങ്കിൽ വോട്ട് ചെയ്യാൻ പോലും വരില്ലായിരുന്നു എന്ന് വോട്ടർമാർ തന്നെ പറയുന്നു.
വയോജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ജനപ്രതിനിധികൾ തന്നെ ഡോളി ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എട്ട് തൊഴിലാളികളും രണ്ട് ഡോളികളും ഇവിടെയുണ്ട്. തെരഞ്ഞെടുപ്പ് കഴിയും വരെ സേവനമുണ്ടാകുമെന്നും, ഡോളി സഹായം വേണ്ട അവസാനയാളെയും ബൂത്തിലെത്തിച്ച് ഉറപ്പാക്കുമെന്നും മുന്നണി പ്രവർത്തകർ വ്യക്തമാക്കി.