Source: Files
ASSEMBLY ELECTION 2026

ഭരണത്തുടര്‍ച്ചയോ ഭരണമാറ്റമോ? കേരളം ഉറ്റു നോക്കുന്ന അഞ്ച് മണ്ഡലങ്ങള്‍

പേരാവൂര്‍, ബേപ്പൂര്‍, അമ്പലപ്പുഴ, നേമം, വട്ടിയൂര്‍ക്കാവ് തുടങ്ങിയ മണ്ഡലങ്ങളെ എടുത്ത് പരിശോധിക്കുമ്പോള്‍ ആര്‍ക്കൊപ്പമായിരിക്കും കേരള ജനത കൈയില്‍ മഷി പുരട്ടാന്‍ സാധ്യത?

Author : ന്യൂസ് ഡെസ്ക്

കേരളം ആരുഭരിക്കുമെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും അവരുടെ അഭിമാന പ്രശ്‌നമായാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. 2021ലെ തെരഞ്ഞെടുപ്പ് കേരളത്തില്‍ ചരിത്രം കുറിച്ച ഒന്നായിരുന്നു. എല്‍ഡിഎഫിന് ചരിത്ര വിജയം നേടിക്കൊടുത്ത ആ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും അഞ്ച് വര്‍ഷം കഴിയുമ്പോള്‍ അന്ന് ഒപ്പം നിന്നവര്‍ ഇന്ന് കൈയൊഴിയുമോ ഒപ്പം നില്‍ക്കുമോ എന്നറിയാനുള്ള വ്യഗ്രതയിലാണ് രാഷ്ട്രീയ കേരളം.

ഇക്കുറി എല്ലാ മണ്ഡലങ്ങളും അതിലെ ഫലവും പ്രധാനപ്പെട്ടതും അറിയാന്‍ ആഗ്രഹിക്കുന്നതുമാണ്. എന്നാല്‍ ഇക്കുറി രാഷ്ട്രീയ ചര്‍ച്ചകളില്‍ നിറഞ്ഞ അഞ്ച് മണ്ഡലങ്ങള്‍ ഇക്കുറി ആര്‍ക്കൊപ്പമാകും. പേരാവൂര്‍, ബേപ്പൂര്‍, അമ്പലപ്പുഴ, നേമം, വട്ടിയൂര്‍ക്കാവ് തുടങ്ങിയ മണ്ഡലങ്ങളെ എടുത്ത് പരിശോധിക്കുമ്പോള്‍ ആര്‍ക്കൊപ്പമായിരിക്കും കേരള ജനത കൈയില്‍ മഷി പുരട്ടാന്‍ സാധ്യത?

പേരാവൂര്‍

മണ്ഡലത്തില്‍ ശക്തമായ മത്സരമാണ് നടന്നതെന്ന് കഴിഞ്ഞ ദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയും യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫും ഒരു പോലെ സമ്മതിച്ചിരുന്നു. വിജയത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ ഇരുവരും നേരിയ പ്രതീക്ഷ മാത്രമാണ് നല്‍കുന്നത് എന്നത് മുന്‍തൂക്കമാര്‍ക്ക് എന്നതില്‍ ഇരു ക്യാംപുകളിലും ആശയക്കുഴപ്പം ഉണ്ടെന്നതിന് സൂചനകള്‍ നല്‍കുന്നതാണ്. ശക്തമായ മത്സരമായിരുന്നു, നേരിയ പ്രതീക്ഷയുണ്ടെന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. എന്നാല്‍ ഫലം ഗുണകരമാവും എന്ന പ്രതീക്ഷയാണ് കെ.കെ. ശൈലജ പങ്കുവച്ചത്.

അടിയൊഴുക്ക് എങ്ങോട്ട് എന്നതാണ് ഉറ്റു നോക്കുന്നത്. 15 വര്‍ഷമായി യുഡിഎഫിനൊപ്പം നില്‍ക്കുന്ന മണ്ഡലമാണ് പേരാവൂര്‍. മട്ടന്നൂരില്‍ കഴിഞ്ഞ തവണ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വിജയിച്ച കെ കെ ശൈലജ ഇക്കുറി പേരാവൂര്‍ പിടിച്ചെടുക്കാന്‍ നേരിയ സാധ്യതയാണ് പാര്‍ട്ടിയും കാണുന്നത്. യുഡിഎഫില്‍ തുടരുന്ന അനിശ്ചിതത്വം ഒരു കാരണമാകുമോ എന്നതാണ് നോക്കുന്നത്. അതിന് കണ്ണൂരില്‍ കെ. സുധാകരന്‍ പക്ഷം സണ്ണി ജോസഫിന് അനുകൂലമായി വോട്ട് ചെയ്തില്ലെങ്കില്‍ അത് കെ.കെ. ശൈലജയ്ക്ക് അനുകൂലമാകുമെന്നാണ് സിപിഐഎം വിലയിരുത്തല്‍. എന്നാല്‍ സീറ്റ് നിലനിര്‍ത്തുമെന്ന പ്രതീക്ഷയാണ് യുഡിഎഫ് മുന്നോട്ട് വയ്ക്കുന്നത്.

ബേപ്പൂര്‍

പി.വി. അന്‍വര്‍ മുഖ്യമന്ത്രിയുടെ 'മരുമകനെ'തിരെ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെയാണ് എല്‍ഡിഎഫിന് ഈസി വാക്ക് ഓവര്‍ ആയി കണക്കാക്കിയിരുന്ന ബേപ്പൂര്‍ മണ്ഡലം ചര്‍ച്ചകളില്‍ ഇടംപിടിച്ചത്. പിന്നാലെ യുഡിഎഫ് പി.വി. അന്‍വറിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്തു. കഴിഞ്ഞ തവണ മികച്ച ഭൂരിപക്ഷത്തിന് വിജയിച്ച പി.എ. മുഹമ്മദ് റിയാസിന് ഇക്കുറി വിജയിച്ചു കയറല്‍ അത്ര എളുപ്പമായിരിക്കില്ലെന്നാണ് വിലയിരുത്തല്‍.

പി.വി. അന്‍വര്‍ സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് മുഖ്യമന്ത്രിക്കെതിരെയും മരുമോനിസത്തിനെതിരെയും സംസാരിച്ചുകൊണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇക്കുറി അന്‍വറിനെ സംബന്ധിച്ചിടത്തോളം ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം വ്യക്തിപരവുമാണ്. താന്‍ പരാജയപ്പെട്ടാല്‍ മൊട്ടയടിച്ച് കമ്മലിട്ട് എസ് എം സ്ട്രീറ്റിലൂടെ നടക്കുമെന്ന് വരെ പിവി അന്‍വര്‍ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ബേപ്പൂര്‍ റിയാസിനൊപ്പമായിരിക്കുമെന്ന് ഉറപ്പിച്ചു പറയുകയാണ് സിപിഐഎം. എന്നാല്‍ കഴിഞ്ഞ തവണത്തെപ്പോലെ റിയാസിനിത് ഈസി വാക്ക് ഓവര്‍ ആയിരിക്കില്ല.

അമ്പലപ്പുഴ

നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഏറ്റവും കൂടുതല്‍ ചര്‍ച്ചകളില്‍ ഇടം പിടിച്ച, രാഷ്ട്രീയ നാടകങ്ങള്‍ കണ്ട മണ്ഡലം അമ്പലപ്പുഴയാണ്. സിപിഐഎമ്മില്‍ വിമത ശബ്ദമുയര്‍ത്തി തലമുതിര്‍ന്ന നേതാവായ ജി. സുധാകരന്‍ പാര്‍ട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ചതോടെ അത് ഒരു തിരിച്ചടിക്കുള്ള കളമാക്കി മാറ്റാനുള്ള അവസരമായി യുഡിഎഫും നന്നായി വിനിയോഗിച്ചിട്ടുണ്ട്. അമ്പലപ്പുഴയില്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ അമ്പലപ്പുഴയിലും മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്താതെ യുഡിഎഫ് മാതൃക കാണിച്ചു. അങ്ങനെ ഇക്കുറി മത്സരം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എച്ച് സലാമും യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി ജി സുധാകരനും തമ്മിലായി.

അമ്പലപ്പുഴയില്‍ എല്‍ഡിഎഫിനൊപ്പം നിന്ന ജനത ഇക്കുറി മാറി ചിന്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. താന്‍ വിജയിക്കുമെന്ന് ജി സുധാകരനും ഉറപ്പു പറയുന്നു. വിജയിക്കുമെന്ന് എല്‍ഡിഎഫ് പറയുന്നുണ്ടെങ്കിലും ബിജെപി കളത്തിലേ ഇല്ലാത്തതുകൊണ്ട് മത്സരം എക്‌സ് സിപിഐഎം നേതാവും സിപിഐഎം നേതാവും തമ്മിലാണ്. വിജയത്തിന് മുന്‍തൂക്കം സുധാകരനാണെന്നത് ഇടത് ക്യാംപുകളില്‍ ചെറിയ അസ്വസ്ഥതയുമുണ്ടാക്കുന്നുണ്ട്.

നേമം

ഈ കഴിഞ്ഞ സര്‍ക്കാരില്‍ ഏറ്റവും മികച്ച മന്ത്രിയെന്ന ഖ്യാതിക്ക് അര്‍ഹനായത് വി. ശിവന്‍കുട്ടിയാണ്. ബിജെപി ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ അക്കൗണ്ട് തുറന്നത് ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിയാണെന്നും തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ആ അക്കൗണ്ട് പൂട്ടിച്ചതും ശിവന്‍കുട്ടിയാണെന്നത് ചരിത്രം. ഇക്കുറി വീണ്ടും അക്കൗണ്ട് തുറക്കാനുള്ള കഠിന ശ്രമത്തിലാണ് ബിജെപി. അതുകൊണ്ട് തന്നെ കൃത്യമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് നേമം.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 8671 വട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശിവന്‍കുട്ടിയെ ഒ രാജഗോപാല്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ 2021ല്‍ 6415 വോട്ടിന്റെ ഭൂരിപക്ഷത്തിന് വീണ്ടും വിജയിച്ചു. ഇക്കുറി മത്സരം വി ശിവന്‍കുട്ടിയും കെഎസ് ശബരീനാഥനും രാജീവ് ചന്ദ്രശേഖറും തമ്മിലാണ്. ഇക്കുറി ബിജെപി പിടിച്ചേക്കുമെന്ന് എക്‌സിറ്റ് പോളുകളില്‍ അടക്കം പറഞ്ഞ മണ്ഡലം കൂടിയെന്ന നിലയില്‍ നേമത്തെ നോക്കി കാണുന്നത്.

വട്ടിയൂര്‍ക്കാവ്

എന്‍ഡിഎയ്ക്ക് സാധ്യത പ്രവചിച്ച മറ്റൊരു മണ്ഡലങ്ങളിലൊന്ന് വട്ടിയൂര്‍ക്കാവ് മണ്ഡലമാണ്. വികെ പ്രശാന്തും യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ മുരളീധരനും എന്‍ഡിഎ സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖയുമാണ്. ആര്‍ ശ്രീലേഖയ്ക്ക് എക്‌സിറ്റ് പോളുകളില്‍ അടക്കം പ്രവചനം നടത്തിയ സാഹചര്യത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും മണ്ഡലം ബാലികേറാ മലയാണ്.

SCROLL FOR NEXT