Source: Files
ASSEMBLY ELECTION 2026

യു. പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇർഷാദിനെ പുറത്താക്കി മുസ്ലീം ലീഗ്

എ. ഇർഷാദിനെതിരെ നടപടിയെടുത്ത് മുസ്ലീം ലീഗ്...

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: കായംകുളം എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് എ. ഇർഷാദിനെതിരെ നടപടിയെടുത്ത് മുസ്ലീം ലീഗ്. ഇർഷാദിനെ അന്വേഷണ വിധേയമായി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം സസ്‌പെന്റ് ചെയ്തതു.

ഇർഷാദിനെതിരെ യുഡിഎഫ് നേതൃത്വം നേരത്തെ നടപടി സ്വീകരിച്ചിരുന്നു. ഇർഷാദിനെ കായംകുളം യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി പി.കെ. ബഷീർകുട്ടിക്ക് പുതിയ കൺവീനർ ചുമതല നൽകിയിരുന്നു. പ്രതിഭയ്ക്ക് എതിരെയുള്ള അധിക്ഷേപ പരാമർശം ന്യൂസ് മലയാളം വാർത്തയാക്കിയതിനെ തുടർന്ന് വ്യാപകമായ വിമർശനമാണ് ഇർഷാദിനെതിരെ ഉയർന്നത്.

വാർത്താ സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞായിരുന്നു യു. പ്രതിഭയുടെ പ്രതികരണം. ഒരു സ്ത്രീയെക്കുറിച്ചും പറയാൻ പാടില്ലാത്ത പരാമർശമാണ് ഉണ്ടായത്. അധിക്ഷേപ പരാമർശം മാനസികമായി ഏറെ വേദനിപ്പിച്ചുവെന്ന് യു. പ്രതിഭ പറഞ്ഞു. തൻ്റെ ശരീരഭാഷ പോലും മോശമാക്കിയാണ് പറഞ്ഞത്. ഡിസിസി പ്രസിഡന്റ്‌ അടക്കം അത് കേട്ടിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പോലും സ്ത്രീകളോട് ഇത്തരത്തിലാണ് സമീപനം. സ്ത്രീകളെ മൊത്തത്തിൽ അപമാനിക്കുന്ന പരാമർശമാണ് യുഡിഎഫ് നേതാവിൻ്റെ ഭാഗത്ത് നിന്നുണ്ടായത്. ഒരു സ്ത്രീയുടെ ശരീരമോ മുഖമോ അല്ല തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത്. പൊലീസിനും ജില്ലാ കളക്ടർക്കും ഇലക്ഷൻ കമ്മീഷനും പരാതി നൽകുമെന്നും പ്രതിഭ പറഞ്ഞിരുന്നു.

നിയമപരമായി മുന്നോട്ടുപോകുമെന്നും ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നും എൽഡിഎഫ് നേതൃത്വം അറിയിച്ചിരുന്നു. സ്ത്രീവിരുദ്ധവും അപമാനകരവുമായ പരാമർശങ്ങളെ മുഖ്യമന്ത്രി പിണറായി വിജയനും അപലപിച്ചു. പൊതുപ്രവർത്തകയെ ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണ്. അവൾക്കൊപ്പം എന്ന് ആവർത്തിക്കുന്ന പ്രതിപക്ഷത്തിന്റെ കാപട്യമാണ് തുറന്നുകാട്ടപ്പെടുന്നത്. ഒരാളെ മാത്രം ലക്ഷ്യമിട്ട ആക്രമണം അല്ല ഇത്. പൊതുരംഗത്തെ മുഴുവൻ സ്ത്രീകളോടുമുള്ള അധിക്ഷേപമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

SCROLL FOR NEXT