എല്‍ഡിഎഫിനും യുഡിഎഫിനുമൊപ്പം, മുന്നണികളിലെ ചെറുപാര്‍ട്ടികള്‍ക്കുള്ള അഗ്നിപരീക്ഷ കൂടിയായിരുന്നു ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ്. അതില്‍ ചില പാര്‍ട്ടികള്‍ ജയിച്ചുകയറിയപ്പോള്‍, മറ്റു ചിലര്‍ സമാനതകളില്ലാത്ത പരാജയം ഏറ്റുവാങ്ങി. 27 സീറ്റുകളില്‍ 22 എണ്ണം സ്വന്തമാക്കിയ മുസ്ലീം ലീഗിനൊപ്പം, ആര്‍എസ്‌പിയും, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും യുഡിഎഫില്‍ തിളങ്ങി. അതേസമയം, എല്‍ഡിഎഫിലെ കേരള കോണ്‍ഗ്രസ് എം മത്സരിച്ചയിടത്തെല്ലാം തോറ്റു. സ്വന്തം തട്ടകത്തില്‍ കേരള കോണ്‍ഗ്രസ് ബിയും വീണു. രാഷ്ട്രീയ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലാണ് പലരുടെയും തോല്‍വി.
പത്ത് വര്‍ഷമായി നിയമസഭയില്‍ പ്രാതിനിധ്യമില്ലാതിരുന്ന ആര്‍എസ്‌പിയുടെ തിരിച്ചുവരവാണ് ഏറ്റവും ശ്രദ്ധേയം. പാര്‍ട്ടിക്ക് അനുവദിച്ച അഞ്ച് സീറ്റുകളില്‍ നാലിടത്ത് മത്സരിച്ച് മൂന്നെണ്ണം ജയിച്ചു. പാര്‍ട്ടി കേന്ദ്രമായ കൊല്ലത്ത് ചവറ, കുന്നത്തൂര്‍, ഇരവിപുരം തിരുവനന്തപുരത്ത് ആറ്റിങ്ങല്‍, കണ്ണൂരില്‍ പയ്യന്നൂര്‍ എന്നീ സീറ്റുകളാണ് ആര്‍എസ്‌പിക്ക് ലഭിച്ചത്. കൊല്ലത്ത് സമ്പൂര്‍ണ ജയം സ്വന്തമാക്കിയ പാര്‍ട്ടി ആറ്റിങ്ങലില്‍ തോറ്റു. പയ്യന്നൂരില്‍ സിപിഎം വിട്ട വി. കുഞ്ഞികൃഷ്ണന്‍ സ്ഥാനാര്‍ഥിയായതോടെ, മത്സരം ഉപേക്ഷിച്ച യുഡിഎഫ് അദ്ദേഹത്തിന് പിന്തുണ നല്‍കുകയായിരുന്നു.
2001ല്‍ ചവറയില്‍ കന്നിയങ്കത്തില്‍ ജയിച്ച ഷിബു ബേബി ജോണ്‍ 2006ല്‍ തോറ്റിരുന്നു. 2011ല്‍ ജയിച്ചെങ്കിലും പിന്നീട് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും തോറ്റു. 2016ല്‍ എന്‍. വിജയന്‍ പിള്ളയോടും, 2021ല്‍ അദ്ദേഹത്തിന്റെ മകന്‍ സുജിത് വിജയന്‍ പിള്ളയോടുമാണ് തോറ്റത്. ഇക്കുറി 18,573 വോട്ടിന് സുജിത്തിനെ പരാജയപ്പെടുത്തിയാണ് മികച്ച ഭൂരിപക്ഷത്തോടെ ഷിബു നിയമസഭയിലെത്തുന്നത്. കുന്നത്തൂരില്‍ സിറ്റിങ് എംഎല്‍എ കോവൂര്‍ കുഞ്ഞുമോനെ പരാജയപ്പെടുത്തിയത് ബന്ധുവും ആര്‍വൈഎഫ് സംസ്ഥാന പ്രസിഡന്റുമായ ഉല്ലാസ് കോവൂരാണ്. 2001 മുതല്‍ മണ്ഡലം പ്രതിനിധീകരിക്കുന്ന കുഞ്ഞുമോനെ 25,314 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉല്ലാസ് പരാജയപ്പെടുത്തിയത്.
ഇരവിപുരത്ത് ആർവൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹനാണ് സിറ്റിങ് എംഎൽഎ എം.നൗഷാദിനെ പരാജയപ്പെടുത്തിയത്. ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറിയായിരുന്ന എ.എ. അസീസിനെ 28,803 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ എം നൗഷാദിനെയാണ് ഇക്കുറി വിഷ്ണു 8,803 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വീഴ്ത്തിയത്. ആറ്റിങ്ങലില്‍ മത്സരിച്ച സന്തോഷ് ഭദ്രന്‍ എല്‍ഡിഎഫിനും, എന്‍ഡിഎയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സിപിഎമ്മിലെ ഒ.എസ്. അംബികയാണ് ഇവിടെ ജയിച്ചത്. ബിജെപിയുടെ അഡ്വ. പി. സുധീറാണ് രണ്ടാമതെത്തിയത്.
മത്സരിച്ച എട്ടു സീറ്റില്‍ ഏഴിലും ജോസഫ് വിഭാഗം ജയിച്ചുകയറി. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി, കുട്ടനാട്, തിരുവല്ല സീറ്റുകളിലാണ് ജോസഫ് വിഭാഗം വെന്നിക്കൊടി പാറിച്ചത്. കാഞ്ഞങ്ങാട് മാത്രം തോല്‍വിയറിഞ്ഞു. ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടന്‍ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായിരുന്ന ആർ. ബിന്ദുവിനെയാണ് പരാജയപ്പെടുത്തിയത്. 10,212 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തോമസ് ഉണ്ണിയാടൻ മണ്ഡലം പിടിച്ചെടുത്തത്.
കോതമംഗലത്ത് സിപിഎമ്മിന്റെ ആന്റണി ജോണിനെ 16,859 വോട്ടുകള്‍ക്കാണ് ജോസഫ് വിഭാഗത്തിലെ ഷിബു തെക്കുപുറം പരാജയപ്പെടുത്തിയത്. പി.ജെ. ജോസഫിന്റെ പിന്‍ഗാമിയായി തൊടുപുഴയില്‍ കന്നിപ്പോരാട്ടത്തിനിറങ്ങിയ അപു ജോണ്‍ ജോസഫ് 44,291 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാണി കോണ്‍ഗ്രസിലെ സിറിയക് ചാഴിക്കാടനെയാണ് പരാജയപ്പെടുത്തിയത്. കടുത്തുരുത്തിയില്‍നിന്ന് മോന്‍സ് ജോസഫ് വിജയം ആവര്‍ത്തിച്ചു. മാണി കോണ്‍ഗ്രസിലെ നിര്‍മല ജിമ്മിയെ 31300 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോന്‍സ് മറികടന്നത്.
ചങ്ങനാശേരിയില്‍ മാണി കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് ജോസഫ് ഗ്രൂപ്പ് പിടിച്ചെടുത്തത്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ അഡ്വ. ജോബ് മൈക്കിളിനെ 8,368 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിനു ജോബ് കുഴിമണ്ണില്‍ ജോസഫ് വിഭാഗത്തിന് അഭിമാനമായത്. കുട്ടനാട്ടില്‍ സിറ്റിങ് എംഎല്‍എ തോമസ് കെ തോമസിനെ 20,600 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി റെജി ചെറിയാനും, തിരുവല്ലയില്‍ സിറ്റിങ് എംഎല്‍എ അഡ്വ. മാത്യു ടി. തോമസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി, ബിജെപിയുടെ അനൂപ് ആന്റണിയെ 10,146 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി അഡ്വ. മാമ്മന്‍ വര്‍ഗീസും ജോസഫ് വിഭാഗത്തിന്റെ ജയത്തിന് തിളക്കം കൂട്ടി. അതേസമയം, കാഞ്ഞങ്ങാട് സിപിഐയുടെ അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പിലിനോട് 15,316 വോട്ടുകള്‍ക്ക് ഷൈജി ഓട്ടപ്പള്ളി തോറ്റു.
കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിന് പിറവം സീറ്റാണ് നല്‍കിയത്. അവിടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ സാബു കെ. ജേക്കബിനെ 44,681 വോട്ടുകള്‍ക്കാണ് അനൂപ് ജേക്കബ് പരാജയപ്പെടുത്തിയത്. സിഎംപിയുടെ സി.പി. ജോണ്‍ തിരുവനന്തപുരം സെന്‍ട്രലില്‍ ജയിച്ചു. ഇടതു സ്വതന്ത്രനും നടനുമായ സുധീര്‍ കരമനയെ 9,863 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കേരള ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി പാലായില്‍ മാണി സി കാപ്പനും ജയിച്ചുകയറി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം ചെയര്‍മാന്‍ കൂടിയായ ജോസ് കെ. മാണിയെയാണ് മാണി സി. കാപ്പന്‍ പരാജയപ്പെടുത്തിയത്. 2,991 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മാണി സി. കാപ്പന്‍ സീറ്റ് നിലനിര്‍ത്തിയത്. ആര്‍എംപി സ്ഥാനാര്‍ഥിയായി കെ.കെ. രമ വടകരയില്‍ ജയം ആവര്‍ത്തിച്ചു. ആര്‍ജെഡിയുടെ എം.കെ. ഭാസ്കരനാണ് പരാജയം അറിഞ്ഞത്. 14,862 ആണ് രമയുടെ ഭൂരിപക്ഷം.
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനാണ് ഈ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടത്. മത്സരിച്ച 12 സീറ്റുകളിലും തോറ്റു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയും, മുന്‍ മന്ത്രി റോഷി അഗസ്റ്റിനും ഉള്‍പ്പെടെ പരാജയപ്പെട്ടു. പാലായില്‍ മാണി സി. കാപ്പനോടായിരുന്നു ജോസിന്റെ തോല്‍വി. ഇടുക്കിയില്‍ റോയ് കെ. പൗലോസിനോട് 23,822 വോട്ടിനാണ് റോഷി പരാജയപ്പെട്ടത്. നിര്‍മല ജിമ്മി, സാബു കെ. ജേക്കബ്, അഡ്വ. ജോബ് മൈക്കിള്‍, സിറിയക്ക് ചാഴിക്കാടന്‍ എന്നിവര്‍ക്കൊപ്പം ഡോ. എന്‍. ജയരാജ് (കാഞ്ഞിരപ്പള്ളി), അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (പൂഞ്ഞാര്‍), അഡ്വ. ബിജു ചിറയത്ത് (ചാലക്കുടി), പ്രമോദ് നാരായണന്‍ (റാന്നി), ബേസില്‍ പോള്‍ (പെരുമ്പാവൂര്‍), മാത്യു കുന്നപ്പിള്ളി (ഇരിക്കൂര്‍) എന്നിവരും തോല്‍വിയറിഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു പിന്നാലെ, നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം കൂടിയായപ്പോള്‍ പാര്‍ട്ടിക്കുള്ളിലും അസ്വാരസ്യങ്ങള്‍ ഉച്ചസ്ഥായിയിലായിട്ടുണ്ട്. സിപിഐഎമ്മില്‍നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും, മുന്നണിമാറ്റത്തിനുള്ള സാധ്യത പ്രയോജനപ്പെടുത്തിയില്ലെന്നതും ഉള്‍പ്പെടെ അഭിപ്രായങ്ങളും ചര്‍ച്ചയാകുന്നുണ്ട്. പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെയാണ് ചോദ്യത്തിലായിരിക്കുന്നത്.
പത്തനാപുരത്ത് കോണ്‍ഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായ ബി. ഗണേഷ് കുമാറിന്റെ തോല്‍വിയും അപ്രതീക്ഷിതമായിരുന്നു. കടുത്ത പോരാട്ടത്തിനൊടുവില്‍ കോണ്‍ഗ്രസിന്റെ ജ്യോതികുമാര്‍ ചാമക്കാലയോട് 8,310 വോട്ടുകള്‍ക്കാണ് ഗണേഷ് കുമാര്‍ പരാജയപ്പെട്ടത്. മൂന്നിടത്ത് മത്സരിച്ച എന്‍സിപിയും സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങി. തോമസ് കെ. തോമസ് (കുട്ടനാട്), എ.കെ. ശശീന്ദ്രന്‍ (ഏലത്തൂര്‍), കെ.ടി. മുജീബ് റഹ്‌മാന്‍ (മലപ്പുറം) എന്നിവരായിരുന്നു സ്ഥാനാര്‍ഥികള്‍. സോഷ്യലിസ്റ്റ് ജനത ദള്‍ (മാത്യു ടി. തോമസ് - തിരുവല്ല), ഐഎന്‍എല്‍ (അഹമ്മദ് ദേവര്‍കോവില്‍ - കോഴിക്കോട് സൗത്ത്), കോണ്‍ഗ്രസ് എസ് (കടന്നപ്പള്ളി രാമചന്ദ്രന്‍), ആര്‍എസ്‍പി ലെനിനിസ്റ്റ് (കോവൂര്‍ കുഞ്ഞുമോന്‍) എന്നിവര്‍ക്കും ഇക്കുറി പ്രാതിനിധ്യമില്ല.
അതേസമയം, മൂന്നിടത്ത് മത്സരിച്ച ആര്‍ജെഡിക്ക് ഒരു സീറ്റില്‍ ജയിക്കാനായി. വടകരയിൽ എം.കെ. ഭാസ്‌കരനും കൂത്തുപറമ്പിൽ പി.കെ. പ്രവീണും കല്പറ്റയിൽ പി.കെ. അനിൽ കുമാറുമാണ് പോരിനിറങ്ങിയത്. ഇവരില്‍ പ്രവീണ്‍ മാത്രമാണ് ജയിച്ചത്. മുസ്ലീം ലീഗിലെ ജയന്തി നടരാജനെ 1,286 വോട്ടുകള്‍ക്കാണ് പ്രവീണ്‍ പരാജയപ്പെടുത്തിയത്.
എന്‍ഡിഎയിലും സ്ഥിതി വിഭിന്നമല്ല. ബിജെപി മൂന്നു സീറ്റുകള്‍ ജയിച്ച തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. ബിജെപിക്കൊപ്പം പോരിനിറങ്ങിയ ബിഡിജെഎസിനും ട്വന്റി20ക്കും തങ്ങളുടെ അവകാശവാദങ്ങള്‍ പൂര്‍ത്തീകരിക്കാനായില്ല. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങള്‍ ട്വന്റി20ക്ക് വിട്ടുനല്‍കിയതിലുള്ള അതൃപ്തി ഉള്‍പ്പെടെ പാര്‍ട്ടിക്കുള്ളില്‍ തലയുയര്‍ത്തിയിട്ടുമുണ്ട്.