Source: Files
ASSEMBLY ELECTION 2026

പ്രധാനമന്ത്രിയുടെ സന്ദർശനം: തൃശൂർ നഗരത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി

പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ കൂടി പശ്ചാത്തലത്തിലാണ് കർശന സുരക്ഷയൊരുക്കാനുള്ള തീരുമാനം.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് തൃശൂർ നഗരത്തിൽ ഞായറാഴ്ച കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നാളെ രാവിലെ 11 മണി മുതൽ വൈകീട്ട് 6.30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശന മേഖലകളിൽ ഡ്രോണ്‍ ഉപയോഗത്തിനു സമ്പൂർണ നിരോധനം ഏർപ്പെടുത്തി. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ കൂടി പശ്ചാത്തലത്തിലാണ് കർശന സുരക്ഷയൊരുക്കാനുള്ള തീരുമാനം.

അത്യാവശ്യങ്ങൾക്കൊഴികെ സ്വകാര്യ വാഹനങ്ങളിൽ എത്തുന്നതു പൊതുജനം ഒഴിവാക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. വൈകീട്ട് പ്രധാനമന്ത്രിയുടെ റോഡ് ഷോ കഴിയും വരെ സ്വരാജ് റൗണ്ട്, സമീപ റോഡുകൾ, വടക്കുന്നാഥ ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ പാർക്കിങ് അനുവദിക്കില്ല. കുട്ടനെല്ലൂർ ഹെലിപാഡ് മുതൽ നടത്തറ, മണ്ണുത്തി, തൃശൂർ റോഡിൻ്റെ ഇരുവശത്തും പാർക്കിങ് നിരോധിച്ചു.

മുനിസിപ്പൽ ഓഫീസ് റോഡ്, കുറുപ്പം റോഡ്, നടുവിലാൽ, ഷൊർണൂർ റോഡ്, പ്രസ് ക്ലബ് റോഡ് എന്നിവിടങ്ങളിലൂടെ മാത്രമാണ് പൊതുജനത്തിന് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പേന, ബാഗ്, വെള്ളക്കുപ്പികൾ തുടങ്ങിയവ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിപ്പിക്കില്ല.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അടുത്തടുത്ത ദിവസങ്ങളിൽ മോദി കേരളത്തിൽ എത്തുന്നുണ്ട്. 29ന് നിശ്ചയിച്ചിട്ടുള്ള തൃശൂർ, പാലക്കാട് പരിപാടികൾക്ക് പുറമെ ഏപ്രിൽ നാലിനാണ് നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നത്. പാലാ മണ്ഡലത്തിൽ നടക്കുന്ന പൊതുയോഗത്തിലും തിരുവനന്തപുരത്തെ റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് റോഡ് ഷോ നടത്താനാണ് തീരുമാനം.

മാർച്ച് 29ന് പാലക്കാട് നടക്കുന്ന റാലിയിലും തൃശൂരിലെ റോഡ് ഷോയിലും നരേന്ദ്ര മോദി പങ്കെടുക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുത്തുവന്നിരുന്നു. തൃശൂരിൽ എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാലിൻ്റെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് പ്രധാനമന്ത്രി എത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി നേടിയ വിജയത്തിൻ്റെ പശ്ചാത്തലത്തിൽ ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് തൃശൂർ. എൻഡിഎയുടെ മറ്റ് സ്ഥാനാർഥികളും ഈ പരിപാടികളിൽ പങ്കെടുക്കും.

SCROLL FOR NEXT