ASSEMBLY ELECTION 2026

"കോണ്‍ഗ്രസുകാര്‍ പോലും പി.കെ. ശശിക്ക് വോട്ട് ചെയ്തില്ല; യുഡിഎഫ് തരംഗത്തിലും പാലക്കാട് എല്‍ഡിഎഫ് വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായില്ല"

കോങ്ങാട് ബിജെപി യുഡിഎഫിനെ സഹായിച്ചു. ബിജെപി ബൂത്തുകളില്‍ ഇരിക്കാന്‍ പ്രവര്‍ത്തകര്‍ പോലും ഇല്ലാത്ത സാഹചര്യമുണ്ടായെന്നും സുരേഷ് ബാബു

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരാജയത്തെ വലിയൊരു തിരിച്ചടിയായാണ് കാണുന്നതെന്ന് പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു. ഏതെല്ലാം കാര്യങ്ങളിലാണ് തിരുത്തല്‍ വരുത്തേണ്ടതെന്ന് സംസ്ഥാന നേതൃത്വവുമായി ചര്‍ച്ചചെയ്യും. ഇത്ര വലിയ തരംഗത്തിലും പാലക്കാട് എല്‍ഡിഎഫ് വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായില്ലെന്നും സുരേഷ് ബാബു പറഞ്ഞു.

കോങ്ങാട് മണ്ഡലത്തില്‍ ബിജെപി യുഡിഎഫിനെ സഹായിച്ചു. കോങ്ങാട് ബിജെപി ബൂത്തുകളില്‍ ഇരിക്കാന്‍ പ്രവര്‍ത്തകര്‍ പോലും ഇല്ലാത്ത സാഹചര്യമുണ്ടായി. തൃത്താലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അവിടെ രണ്ടു തവണ ജയിച്ചതാണ്. തിരിച്ചുപിടിച്ച മണ്ഡലം ഇത്തവണ നഷ്ടപ്പെട്ടു എന്ന് വേണം പറയാന്‍ എന്നും ഇഎന്‍ സുരേഷ് ബാബു പറഞ്ഞു.

സിപിഎമ്മിന് നഷ്ടം എന്നുള്ളത് കോങ്ങാടും ചിറ്റൂരുമാണ്. ചിറ്റൂരില്‍ അപരനാണ് തിരിച്ചടി ആയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുരുകദാസിന്റ മോതിരം ചിഹ്നവും അപരന്റെ നെക്ലസ് ചിഹ്നവും തമ്മിലുള്ള സാമ്യം പ്രതിസന്ധിയായി. എല്‍ഡിഎഫ് വോട്ടുകള്‍ അപരന്റെ നെക്ലസ് ചിഹ്നത്തിലേക്ക് പോയെന്നും ഇ.എന്‍. സുരേഷ് ബാബു പറഞ്ഞു.

ഒറ്റപ്പാലത്ത് പ്രേംകുമാര്‍ ചരിത്രഭൂരിപക്ഷം നേടി. കോണ്‍ഗ്രസുകാര്‍ പോലും പി.കെ.ശശിക്ക് വോട്ട് ചെയ്തില്ല. സിപിഎമ്മിനെ ഒറ്റുകൊടുത്തയാള്‍ ഐക്യ ജനാധിപത്യ മുന്നണിയിലും വഞ്ചകനായി മാറുമെന്ന ബോധ്യത്തിലാണ് അവര്‍ വോട്ട് ചെയ്യാതിരുന്നതെന്നും സുരേഷ് ബാബു പറഞ്ഞു.

എന്‍.എം.ആര്‍ റസാഖിന്റെ വോട്ടുകള്‍ കുറഞ്ഞതിലും സുരേഷ് ബാബു മറുപടി നല്‍കി. പാലക്കാട് മണ്ഡലത്തില്‍ ജയിക്കും എന്ന് പറഞ്ഞിട്ടില്ല. മാത്രമല്ല തങ്ങള്‍ തോല്‍ക്കും എന്ന് ആദ്യമേ പറയാനുമാകില്ലല്ലോ എന്നും ഇ.എന്‍. സുരേഷ് ബാബു പറഞ്ഞു.

SCROLL FOR NEXT