തിരുവനന്തപുരം: പരസ്യ സംവാദത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറിയതോടെ വെല്ലുവിളി തുടർന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി സംവാദത്തിൽ നിന്ന് പിന്മാറിയത് തന്നെ വിഷമിപ്പിച്ചു എന്ന് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. നേരിട്ടുള്ള സംവാദത്തിനല്ലെന്നും ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ വിശദീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ്, മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വി.ഡി. സതീശന്‍ രംഗത്തെത്തിയത്.
പിണറായി വിജയൻ നാക്ക് എടുത്താൽ നുണ പറയുന്ന ആളെന്ന് വി.ഡി. സതീശൻ പറഞ്ഞു. പാലക്കാട് എസ്‌ഡിപിഐ വോട്ട് വേണ്ടെന്ന് ആർജവത്തോടെ പറഞ്ഞത് യുഡിഎഫ് ആണെന്ന് സതീശൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. എസ്‌ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറഞ്ഞത് യുഡിഎഫിൻ്റെ നിലപാടാണ്. മുഖ്യമന്ത്രി അവസരവാദത്തിൻ്റെ ആൾരൂപമായി മാറിയെന്നും, വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണച്ചപ്പോൾ മുഖ്യമന്ത്രി ഇതല്ലല്ലോ പറഞ്ഞത് എന്നും സതീശൻ ചോദിച്ചു.
എസ്‌ഡിപിഐയുടെ വോട്ട് വാങ്ങുന്ന ഖ്യമന്ത്രി അഭിമന്യുവിൻ്റെ കുടുംബത്തോട് മാപ്പ് പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു. രക്തസാക്ഷി അഭിമന്യൂവിനോട് സിപിഐഎം നീതികേട് കാട്ടിയെന്നും സതീശൻ വിമർശിച്ചു.
പിണറായി വിജയനും വി.ഡി. സതീശനും തമ്മിലുള്ള സംവാദം രാഷ്‌ട്രീയ കേരളത്തിൽ ഏറെ ചർച്ചാ വിഷയമായ ഒന്നായി മാറിക്കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സംവാദത്തിന് ആദ്യം വെല്ലുവിളിച്ചത്. വെല്ലുവിളി ഏറ്റെടുത്ത് കൊണ്ട് മുഖ്യമന്ത്രി സർക്കാരിന്‍റെ എ പ്ലസ് നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഫേസ്ബുക്കിൽ റിപ്പോർട്ട് കാര്‍ഡ് പങ്കുവയ്ക്കുകയും, ഇതിൽ സംവാദമാകാം എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
ഇതിനുപിന്നാലെ സംവാദത്തിന് തയ്യാർ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തുമെന്ന് വി.ഡി. സതീശൻ ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു. നേരിട്ടല്ല സംവാദത്തിന് ക്ഷണിച്ചതെന്നും ഫേസ്ബുക്ക് വഴിയാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണമാണ് ഈ വിഷയം വീണ്ടും ചർച്ചാ വിഷയമാക്കി മാറ്റിയത്.