കാസർഗോഡ്: പേരാമ്പ്രയിലെ അനൗൺസ്മെൻ്റ് വിവാദം ചർച്ചയാക്കുന്നതിനിടെ യുഡിഎഫിന് കുരുക്കായി കാസർഗോട്ടെ വനിത ലീഗ് നേതാവിൻ്റെ വിദ്വേഷ, വർഗീയ പ്രസംഗങ്ങൾ. ഒന്നിച്ച് നിൽക്കാത്ത ഒരു വിഭാഗത്തിനും അള്ളാഹുവിൻ്റെ സഹായം ഉണ്ടാകില്ലെന്ന് വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷ ഫർസാന പറഞ്ഞു. മൊഗ്രാൽ പുത്തൂരിലെ രാഷ്ട്രീയ പ്രസംഗത്തിനിടെയായിരുന്നു പരാമർശം.
"നിങ്ങൾ ദൈവത്തിൽ അടിയുറച്ചു നിൽക്കുക. ആശയ, ആദർശ വ്യത്യാസങ്ങൾ നമ്മുടെ സമുദായത്തിന് ദോഷം വരുന്ന രീതിയിൽ ആവരുതെന്ന് ആവശ്യപ്പെടുകയാണ്. ഒന്നിച്ചു നിൽക്കാത്ത ഒരു സമുദായത്തെയും അല്ലാഹു പിന്തുണക്കില്ല. ഭിന്നിച്ചു പോകാതെ ഒന്നിച്ചു നിന്നാൽ മാത്രമേ സമുദായത്തിന് നേട്ടങ്ങൾ കൈവരിക്കാനാവൂ", ആയിഷ ഫർസാന പറഞ്ഞു.
കഴിഞ്ഞ ദിവസം, കാസർഗോഡ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഷാനവാസ് പാദൂരിനെതിരെ പറഞ്ഞ വിദ്വേഷ പരാമർശങ്ങൾ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. കപട വിശ്വാസിയുടെ പണിയെടുക്കുന്നവൻ എന്നാണ് ഷാനവാസിനെ ആയിഷ ഫർസാനയുടെ പ്രസംഗത്തിൽ പരാമർശിച്ചത്. മുള്ളേരിയയിലെ യുഡിഎഫ് കുടുംബ യോഗത്തിലെ പ്രസംഗത്തിനിടെയായിരുന്നു പ്രതികരണം.
മണ്ഡലം പിടിക്കാൻ മതം പറയുന്നത് ലീഗിൻ്റെ കാലാകാലങ്ങളായുള്ള പ്രയോഗമാണെന്ന് എന്നായിരുന്നു ഷാനവാസ് പാദൂരിൻ്റെ പ്രതികരണം. മതം പറഞ്ഞുകൊണ്ട് കടുത്ത മതവിശ്വാസികളായ മുസ്ലീം സ്ത്രീകളുടെ ഇടയിൽ തന്നെ ഒരു മുനാഫിക്ക് ആയി, അവിശ്വാസിയായി ചിത്രീകരിക്കാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് ചടങ്ങൾക്ക് വിരുദ്ധമായ പ്രസ്താവന എന്ന നിലയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും ഷാനവാസ് പാദൂർ ന്യൂസ് മലയാളത്തോട് പറഞ്ഞു.
അതേസമയം, മുനാഫിക് പ്രയോഗത്തിൽ കുറ്റബോധം ഇല്ലെന്ന് ആയിഷത്ത് ഫർസാന പറഞ്ഞു. മുനാഫിക് ഒരു അറബി പദം മാത്രമാണ്. ഇപ്പോൾ നടക്കുന്നത് അനാവശ്യമായ രാഷ്ട്രീയ വിവാമാണെന്നും, നിയമനടപടികൾ അതിൻ്റേതായ രീതിയിൽ നേരിടുമെന്നും ആയിഷ ഫർസാന ന്യൂസ് മലയാളത്തോട് പറഞ്ഞു.